കോട്ടയം: ആശ്വാസമേകുമെന്ന് പ്രതീക്ഷിച്ച കേന്ദ്ര ബഡ്ജറ്റും റബർ കർഷകന് നൽകിയത് കനത്ത നിരാശ. ഉത്പാദനച്ചെലവ് പോലും കിട്ടാതെ കൃഷി ഉപേക്ഷിക്കാൻ നിർബന്ധിതനാണ് കർഷകൻ. ഇതിനിടെ, റബർ ബോർഡിനുള്ള വിഹിതം പോലും കേന്ദ്രസർക്കാർ വെട്ടിക്കുറച്ചത് ഇരുട്ടടിയുമായി.
കഴിഞ്ഞവർഷത്തെ വിഹിതത്തിൽ നിന്ന് 2.20 കോടി രൂപയുടെ കുറവാണ് ഇക്കുറി റബർഡ് ബോർഡിന്റെ വിഹിതത്തിൽ ഉണ്ടായത്. ഇതോടെ, കർഷകനുള്ള സബ്സിഡി വിതരണം താളംതെറ്റുമെന്ന് ഉറപ്പായി. ബോർഡിന്റെ ഒരു വർഷത്തെ പ്രവർത്തനച്ചെലവ് 150 കോടി രൂപയാണ്. ബഡ്ജറ്രിൽ 170 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
കഴിഞ്ഞവർഷത്തെ ബഡ്ജറ്റിൽ 172.2 കോടി രൂപ അനുവദിച്ചിരുന്നെങ്കിലും നൽകിയത് 146 കോടി രൂപയാണ്. സെപ്തംബറിൽ ബഡ്ജറ്റിതരമായി പ്രഖ്യാപിച്ച 65 കോടി രൂപ കൂടിച്ചേർത്താണ് ഇക്കുറി 170 കോടി രൂപ അനുവദിച്ചത്. ഫലത്തിൽ, ഇക്കുറി ബഡ്ജറ്ര് വിഹിതം ആകെ 105 കോടി രൂപയാണ്.
സംസ്ഥാന ബഡ്ജറ്റിൽ റബറിന് താങ്ങുവിലയായി 500 കോടി രൂപ പ്രഖ്യാപിച്ചിരുന്നു. 4.50 ലക്ഷം കർഷകരാണ് ഇതിന്റെ പ്രയോജനത്തിന് റബർ ബോർഡിൽ രജിസ്റ്രർ ചെയ്തിരിക്കുന്നത്. കേന്ദ്ര ബഡ്ജറ്റിലെ വിഹിതം കുറഞ്ഞതോടെ, സംസ്ഥാനത്തിന്റെ സബ്സിഡി നീക്കവും കടലാസിൽ ഒതുങ്ങാൻ സാദ്ധ്യതയേറി.
കേന്ദ്രം പുതിയ റബർനയം പ്രഖ്യാപിക്കുമെന്ന് മന്ത്രി അൽഫോൺസ് കണ്ണന്താനം പറഞ്ഞിരുന്നു. ഇതുവരെ പ്രഖ്യാപനമുണ്ടായിട്ടില്ല. റബർനയം വന്നിരുന്നെങ്കിൽ പ്രത്യേക പാക്കേജും ലഭിക്കുമായിരുന്നു.