കോഴിക്കോട്: എൻ.എസ്.എസിന്റെ വിരട്ടൽ സി.പി.എമ്മിനോട് വേണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി. സുകുമാരൻ നായർ നിഴൽ യുദ്ധം നടത്തേണ്ടെന്നും, എൻ.എസ്.എസ് നേതൃത്വം പറയുന്നത് അണികൾപോലും ഇഷ്ടപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയത്തിൽ ഇടപെടണമെങ്കിൽ എൻ.എസ്.എസ് രാഷ്ട്രീ പാർട്ടി രൂപീകരിക്കട്ടെയെന്നും കോടിയേരി കൂട്ടിച്ചേർത്തു. എൻ.എസ്.എസിന്റെ കമ്മ്യൂണിസ്റ്റ് വിരുദ്ധ നിലപാടുകൾക്കെതിരെ തുറന്ന് കാണിച്ച് പ്രവർത്തിക്കും. വോട്ടർമാരെന്ന നിലയിലാണ് എൻ.എസ്.എസ്.എസ് എൻ.ഡി.പി നേതാക്കളെ കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ശാരദ ചിട്ടി തട്ടിപ്പിന്നെ കുറിച്ച് കൃത്യമായ അന്വേഷണം നടത്തണം. ഇതുവരെ മമതയും ബി.ജെ.പിയും ഒത്തുകളിക്കുകയായിരുന്നുവെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. അഴിമതി കേസിൽപെട്ട മമത ബാനർജിയെ സംരക്ഷിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, നട്ടെല്ലുള്ള പ്രസ്ഥാനമാണ് എൻ.എസ്.എസെന്നും തങ്ങൾ പറഞ്ഞാൽ നായന്മാർ കേൾക്കുമോയെന്ന് കാണിച്ചു കൊടുക്കുമെന്നും നേരത്തെ ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പറഞ്ഞിരുന്നു. സംസ്ഥാന സർക്കാർ അയ്യപ്പ വിശ്വാസത്തിന്റെ കടയ്ക്കൽ കത്തിവച്ചു. ശബരിമല യുവതീ പ്രവേശനത്തിൽ എൻ.എസ്.എസ് നിലപാടിൽ ഉറച്ചു നിന്നു. വിധിയെ സ്വാഗതം ചെയ്തവർ പിന്നീട് വോട്ടു ബാങ്ക് നോക്കി എൻ.എസ്.എസിന്റെ നിലപാടിലേക്കെത്തി.
എൻ.എസ്.എസിനെ നവോത്ഥാനം പഠിപ്പിക്കാൻ ഭരണത്തിലുള്ളവർ ശ്രമിക്കുകയാണ്. ഇവർ ജനിക്കുന്നതിനു മുമ്പ് നവോത്ഥാനത്തിന് അടിത്തറയിട്ട പ്രസ്ഥാനമാണിത്. നവോത്ഥാനം കേരളത്തിൽ നടന്നിട്ടുണ്ടെങ്കിൽ അത് എൻ.എസ്.എസ് മുൻ കൈയെടുത്തിട്ടാണ്. കമ്മ്യൂണിസ്റ്റുകാർ കൂടുന്നിടത്തൊക്കെ നവോത്ഥാന നായകനായ മന്നത്ത് പത്മനാഭന്റെ ഛായാചിത്രം വയ്ക്കുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്.എസ്.എൻ.ഡി.പി യോഗം എൻ.എസ്.എസിനെക്കാളും പഴക്കമുള്ള, ചരിത്രമുള്ള പ്രസ്ഥാനമാണെന്നും അദ്ദേഹം പറഞ്ഞു.