കൊച്ചി: കേന്ദ്ര സർക്കാരിന്റെ സ്വർണ ബോണ്ട് വാങ്ങാനുള്ള അവസരം ഇനി അഞ്ച് നാൾ കൂടി മാത്രം. നടപ്പു സാമ്പത്തിക വർഷത്തെ ആറാമത്തെയും അവസാനത്തെയും സ്വർണ ബോണ്ട് വിതരണം ഈമാസം എട്ടിന് സമാപിക്കും. ജിയോജിത് ഫിനാൻഷ്യൽ സർവീസസ്, ബാങ്കുകൾ, പോസ്റ്ര് ഓഫീസ്, എൻ.ബി.എഫ്.സികൾ, ബി.എസ്.ഇ., എൻ.എസ്.ഇ., സ്റ്രോക്ക് ഹോൾഡിംഗ് കോർപ്പറേഷൻ ഒഫ് ഇന്ത്യ എന്നിവിടങ്ങളിൽ നിന്ന് സ്വർണ ബോണ്ട് വാങ്ങാം.
സ്വർണത്തിന്റെ തുല്യമായ തുകയ്ക്ക് റിസർവ് ബാങ്കും കേന്ദ്രസർക്കാരും ചേർന്ന് സ്വർണ നിക്ഷേപ സർട്ടിഫിക്കറ്റ് നൽകുന്ന പദ്ധതിയാണിത്. രാജ്യത്ത് സ്വർണ ഉപഭോഗം നിയന്ത്രിക്കുകയും തത്തുല്യമായ തുക വിപണിയിലേക്ക് ഇറക്കുകയുമാണ് ലക്ഷ്യം.
പദ്ധതിയിൽ സ്വർണത്തിന്റെ വിലയ്ക്കൊപ്പം 2.50 ശതമാനം പലിശയും നിക്ഷേപകന് ലഭിക്കും. ഈ പലിശയ്ക്ക് സ്രോതസിൽ നിന്ന് ഈടാക്കുന്ന പലിശ (ടി.ഡി.എസ്) ബാധകമല്ല. കാലാവധി പൂർത്തിയാകുന്ന വേളയിലെ സ്വർണവില അടിസ്ഥാനമാക്കി ബോണ്ട് പണമാക്കി മാറ്റാം. ഒരാൾക്ക് ഒരു സാമ്പത്തിക വർഷം ഒരു ഗ്രാം മുതൽ നാല് കിലോവരെയുള്ള സ്വർണത്തിന് തുല്യമായ ബോണ്ട് കൈവശം വയ്ക്കാം.