fish

ടോക്യോ : ലോകാവസാനം പടിവാതിക്കലെത്തിയെന്ന തരത്തിൽ നിരവധി പ്രവചനങ്ങൾ പ്രചരിക്കാറുണ്ട്. മിത്തുകളും നിമിത്തങ്ങളെയും സാക്ഷിയാക്കിയുള്ള ഇത്തരം പ്രവചനങ്ങളിൽ വിശ്വസിക്കുന്നവരും തള്ളിക്കളയുന്നവരും നിരവധിയാണ്. എന്നാൽ ജപ്പാനിൽ ഇത്തരത്തിൽ ഒരു പ്രചരണം ഇപ്പോൾ കാറ്റിൽ പറക്കുകയാണ്. ഇവിടെ കടൽ മത്സ്യങ്ങൾ കൂട്ടമായി ചത്ത് പൊങ്ങുന്നതാണ് വൻ ദുരന്തം മുന്നിലുണ്ടെന്ന പ്രചരണത്തിന് അടിസ്ഥാനം.

ജപ്പാനിലെ ഇമുസു കടലോരത്ത് അടുത്തിടെ നാല് മീറ്ററോളം നീളമുള്ള ഓർഫിഷിനെ ചത്തനിലയിൽ കരയ്ക്കടിഞ്ഞനിലയിൽ കണ്ടതോടെയാണ് ജപ്പാനിൽ ലോകാവസാന കഥകൾക്ക് വീണ്ടും ജീവൻ വച്ചത്. ജപ്പാൻകാരുടെ വിശ്വാസത്തിൽ കടൽ ദൈവത്തിന്റെ കൊട്ടാരത്തിലെ ദൂതനാണ് ഓർഫിഷ്. കടലിന്റെ ഏറ്റവും ആഴമേറിയ ഭാഗത്ത് കഴിയാനാഗ്രഹിക്കുന്ന മത്സ്യമാണ് ഓർഫിഷ്. അപൂർവമായി ഇതിനെ ഉപരിതലത്തിൽ കാണുന്നത് തന്നെ ദു:സൂചനയായിട്ടാണ് ജപ്പാൻകാർ കാണുന്നത്. ദുരന്തത്തിന്റെ മുന്നറിയിപ്പായിട്ടാണ് ദൈവം ഓർഫിഷിനെ അയക്കുന്നതെന്ന വിശ്വാസമാണ് അവർക്കുള്ളത്. നിരവധി നാടോടി കഥകളും ഇത്തരത്തിൽ ജപ്പാനിലുണ്ട്. 2011ൽ ജപ്പാനെ നടുക്കിയ ഭൂകമ്പവും തുടർന്ന് സുനാമിയുമുണ്ടായതിന് മുൻപും ദൈവം ഓർഫിഷ് എന്ന കടൽ ദൂതനെ അയച്ചിരുന്നു, അന്നും കടൽതീരത്ത് മീനുകൾ ചത്തുപൊങ്ങിയിരുന്നു.