sabarimala-women-entry

തിരുവനന്തപുരം: ഏത് പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശനമാകാമെന്ന സുപ്രീം കോടതി വിധിക്ക് ശേഷം ശബരിമലയിൽ ദർശനം നടത്തിയത് രണ്ട് യുവതികളാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ശ്രീലങ്കൻ യുവതി ദർശനം നടത്തിയതിന് ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസറുടെ റിപ്പോർട്ട് പ്രകാരം സ്ഥിരീകരണമില്ലെന്നും മന്ത്രി നിയമസഭയിൽ വ്യക്തമാക്കി. എന്നാൽ ദർശനം നടത്തണമെന്ന് ആവശ്യപ്പെട്ട് എത്തുന്ന യുവതികൾക്ക് ശബരിമലയിൽ സുരക്ഷ ഒരുക്കണമെന്ന കാര്യത്തിൽ സുപ്രീം കോടതിയിൽ നിന്നും നിർദ്ദേശം ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദേവസ്വം ബോർഡുമായി ആലോചിക്കാതെ ശുദ്ധിക്രിയ നടത്തിയതിനാലാണ് ശബരിമല തന്ത്രിയിൽ നിന്നും വിശദീകരണം തേടിയതെന്നും അദ്ദേഹം പറഞ്ഞു. ശബരിമല തന്ത്രി ദേവസ്വം ബോർഡ് ജീവനക്കാരനല്ല. എന്നാൽ ദേവസ്വം മാന്വൽ പ്രകാരം മറ്റ് ജീവനക്കാരെപ്പോലെ തന്നെയാണ് അദ്ദേഹം പ്രവർത്തിക്കേണ്ടത്. ആചാരലംഘനമുണ്ടായാൽ നടയടച്ച് ശുദ്ധിക്രിയ ചെയ്യാൻ ദേവസ്വം മാനൽ ശുപാർശ ചെയ്യുന്നില്ല. ആവശ്യമെങ്കിൽ ദേവസ്വം ബോർഡുമായി കൂടിയാലോചിച്ച ശേഷം ശുദ്ധിക്രിയ നടത്താം. ഇതിന് അനുമതി വാങ്ങാത്തതിനാണ് വിശദീകരണം തേടിയത്. ശബരിമലയിലെ ആചാര വിശ്വാസ കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടത് തന്ത്രി മാത്രമല്ലെന്നും മന്ത്രി അറിയിച്ചു.

നേരത്തെ 17 യുവതികൾ ശബരിമല ദർശനം നടത്തിയെന്നാണ് സർക്കാർ സുപ്രീം കോടതിയെ അറിയിച്ചത്. മുമ്പ് കൊടുത്ത 51 പേരുടെ പട്ടികയിൽ നിരവധി പിശകുകൾ ഉൾപ്പെട്ടതിനെ തുടർന്നാണ് സർക്കാർ മറ്റൊരു റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചത്. എന്നാൽ ഇപ്പോൾ രണ്ട് പേരുടെ കാര്യത്തിൽ മാത്രമേ സ്ഥിരീകരണമുള്ളൂ എന്നാണ് മന്ത്രി നിയമസഭയിൽ വ്യക്തമാക്കിയത്. ഇത് വരും ദിവസങ്ങളിൽ നിയമപ്രശ്‌നമായി ഉയരാനുള്ള സാധ്യതയുമുണ്ടെന്നാണ് വിലയിരുത്തൽ.