പൂനെ: ബി.ജെ.പി വാക്കുപാലിച്ചില്ലെങ്കിൽ രാജ്യം തനിക്ക് നൽകിയ പദമഭൂഷൺ പുരസ്കാരം തിരികെ നൽകുമെന്ന് അണ്ണാഹസാരെ. അഴിമതിക്കെതിരെയുള്ള ലോക്പാൽ, ലോകായുക്ത നിയമം നടപ്പാക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം അനിശ്ചിതകാല ഉപവാസം ആരംഭിച്ചിരിക്കുകയാണ് അദ്ദേഹം.
തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്തം പ്രധനമന്ത്രി നരേന്ദ്രമോദിക്കാണെന്നും അണ്ണാഹസാരെ പറഞ്ഞു. സോഷ്യലിസ്റ്റ് നേതാവായ ജയപ്രകാശ് നാരായണനെ അനുകൂലിച്ച് അഴിമതിക്കെതിരെ പ്രക്ഷോഭം നയിക്കാനും ഹസാരയെ പിന്തുണച്ച് ബി.ജെ.പി ഘടകമായ ശിവസേനയും രംഗത്തെത്തി.
അഴിമതി വിരുദ്ധ സംഘടനകൾ സ്ഥാപിക്കുന്നതിൽ നരേന്ദ്രമോദിയുടെ ഭരണകൂടം പരാജയപ്പെട്ടുവെന്നും അതിനാൽ കേന്ദ്രത്തിൽ ലോക്‌പാലും, സംസ്ഥാനങ്ങളിൽ ലോകായുക്തയും രൂപീകരിക്കണമെന്നും ആവശ്യപ്പെട്ട് 'ജൻ ആന്തോളൻ സത്യാഗ്രഹ' എന്ന പേരിൽ ജനുവരി 30ന് അദ്ദേഹം സ്വന്തം ഗ്രാമമായ റലേഗൻ സിദ്ധിയിൽ നിരാഹാര സമരം ആരംഭിച്ചിരിക്കുകയാണ്.
'എരിതീയിൽ എണ്ണയൊഴിച്ച ആളായിട്ടല്ല, മറിച്ച് സാഹചര്യങ്ങളെ വേണ്ടവിധം ഉപയോഗപ്പെടുത്തിയ ഒരാൾ എന്ന നിലക്കായിരിക്കും ജനങ്ങൾ എന്നെ ഓർമിക്കുക. എനിക്കെന്തെങ്കിലും സംഭവിച്ചാൽ അതിന്റെ പൂർണ ഉത്തരവാദിത്തം ജനം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നൽകുമെന്നും' അദ്ദേഹം പറഞ്ഞു.
'ലോക്പാൽ നടപ്പാക്കുന്നത് വഴി ജനങ്ങളുടെ പക്കൽ തെളിവുകൾ ഉണ്ടെങ്കിൽ പ്രധാനമന്ത്രിക്കെതിരെ പോലും അന്വേഷണം നടത്താവുന്നതാണ്. അതുപോലെ തന്നെ ആരെങ്കിലും തെളിവുകൾ നൽകിയാൽ ലോകായുക്ത വഴി മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ കീഴിലുള്ള മറ്റു മന്ത്രിമാർക്കും എം.എൽ.എമാർക്കെതിരെയും അന്വേഷണം നടത്താം. അതുകൊണ്ടാണ് ഒരു രാഷ്ട്രീയ പാർട്ടിക്കും ഇതിനോട് താല്പര്യമില്ലാത്തത്. 2013ൽ പാർലമെന്റ് ലോക്പാൽ പാസാക്കിയിട്ടുണ്ട്. പക്ഷേ സർക്കാർ ഇനിയും അത് രൂപീകരിച്ചിട്ടില്ല,’ അണ്ണാ ഹസാരെ കൂട്ടിച്ചേർത്തു. കർഷകരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താനുതകുന്ന സ്വാമിനാഥൻ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കണമെന്ന ആവശ്യവും ഹസാരെ ഉന്നയിക്കുന്നുണ്ട്.
നിരാഹാര സത്യാഗ്രഹം നാലാം ദിവസമാകുമ്പോൾ അദ്ദേഹത്തിന്റെ ശാരീരീക നിലയിൽ ആശങ്കയുണ്ട്. ശരീരത്തിൽ പഞ്ചസാരയുടെ അളവ് വർദ്ധിച്ചതായും മൂന്ന് കിലോയോളം ഭാരം കുറഞ്ഞതായും ഡോക്ടർമാർ അറിയിച്ചു.