ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ സൂപ്പർതാര പരിവേഷത്തിലേക്ക് ഉയർന്ന നടനാണ് നിവിൻ പോളി. 'മലർവാടി ആർട്‌സ് ക്ളബ്' മുതൽ ഏറ്റവുമൊടുവിലായി പുറത്തിറങ്ങിയ മിഖായേൽ വരെയും പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ഇതിനിടയിൽ പുലിമുരുകന് ശേഷം കായംകുളം കൊച്ചുണ്ണിയിലൂടെ മറ്റൊരു 100 കോടി ചിത്രം മലയാള സിനിമയ്‌ക്ക് സമ്മാനിക്കാനും നിവിന് കഴിഞ്ഞു. എന്നാൽ അതേ 'കായംകുളം കൊച്ചുണ്ണി' കാരണം ചില നല്ല സിനിമകൾ തനിക്ക് ഉപേക്ഷിക്കേണ്ടി വന്നിരുന്നതായി പറയുകയാണ് നിവിൻ പോളി. ഒരു പ്രമുഖ ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.
നിവിൻന്റെ വാക്കുകൾ-
'കൊച്ചുണ്ണി നമ്മൾ വിചാരിച്ച സമയത്ത് തീർന്നൊരു സിനിമയല്ല. ഒൻപതുമാസത്തോളം അതിന്റെ ഷൂട്ടിംഗ് നീണ്ടു. അപ്പോൾ മലയാളത്തിലെ മറ്റു സിനിമകളും അതനുസരിച്ച് നീണ്ടുപോയി. ലവ് ആക്ഷൻ ഡ്രാമയും കഴിഞ്ഞ വർഷം നടക്കേണ്ട സിനിമയാണ്. പക്ഷേ ഒരു ഷെഡ്യൂളാണ് തീർക്കാൻ പറ്റിയത്, പിന്നെ ഇപ്പോഴാണിത് ഷൂട്ട് ചെയ്യുന്നത്. ഒന്നു രണ്ടു നല്ല സിനിമകൾ കൊച്ചുണ്ണിയുടെ ഇടയ്‌ക്ക് വന്നിരുന്നു പക്ഷേ ഡേറ്റ് കൊടുക്കാൻ പറ്റിയില്ല. കൊച്ചുണ്ണി പോലെ വലിയ മുതൽമുടക്കുള്ള ഒരു സിനിമ നമ്മുടെ പേരിൽ ചെയ്യാൻ ഒരു കൂട്ടം ആളുകൾ കാത്തിരിക്കുമ്പോൾ മറ്റൊരു സിനിമ ചെയ്യാൻ തോന്നിയില്ല. ചില സിനിമകൾ കിട്ടുമ്പോൾ ചില സിനിമകൾ മിസ്സാകും. അങ്ങനെ ഒന്നു രണ്ടു സിനിമകൾ മിസ്സായിട്ടുണ്ട്'.
ലവ് ആക്ഷൻ ഡ്രാമയ്‌ക്കു ശേഷം രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖമാണ് തന്റെ പുതിയ ചിത്രമെന്ന് നിവിൻ വ്യക്തമാക്കി. ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന മൂത്തോനാണ് ഉടൻ റിലീസിനൊരുങ്ങുന്ന മറ്റൊരു നിവിൻ പോളി ചിത്രം.