news

1. ബംഗാളിലെ പ്രതിസന്ധി സുപ്രീംകോടതിയില്‍. പശ്ചിമ ബംഗാള്‍ സര്‍ക്കാരിന് എതിരെ സി.ബി.ഐ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. കേസ് അടിയന്തരമായി പരിഗണിക്കാന്‍ ആ്വില്ലെന്ന് കോടതി. തെളിവുകള്‍ നശിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചാല്‍ ഇടപെടും. ഉദ്യോഗസ്ഥരുടെ സ്ഥിതി എന്തെന്ന് ആരാഞ്ഞ കോടതിയോട് അവരെ വിട്ടയച്ചതായി സോളിസിറ്റര്‍ ജനറല്‍.

2. സി.ബി.ഐ ആരോപണം അടിസ്ഥാന രഹിതം എന്ന് മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിംഗ്വി സുപ്രീംകോടതിയെ അറിയിച്ചു. എല്ലാ വാദങ്ങളും നാളെ ആവാം എന്ന് കോടതി. കൊല്‍ക്കത്തയിലെ നാടകീയ സംഭവങ്ങളെ തുടര്‍ന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി ഇന്നലെ രാത്രി ആരംഭിച്ച സത്യഗ്രഹം ഇപ്പോഴും തുടരുക ആണ്. കേന്ദ്രം സംസ്ഥാനത്തിന്റെ അധികാരങ്ങളിലേക്ക് കടന്നുകയറുന്നത് അവസാനിപ്പിക്കും വരെ ധര്‍ണ തുടരുമെന്ന് മമത ബാനര്‍ജി

3. കൊല്‍ക്കത്ത പൊലീസ് കമ്മിഷണറെ ചോദ്യം ചെയ്യാനെത്തിയ സി.ബി.ഐ ഉദ്യോഗസ്ഥരെ ബംഗാള്‍ പൊലീസ് കസ്റ്റഡിയിലെടുത്തതിനു പിന്നാലെയാണ് മമത ധര്‍ണ തുടങ്ങിയത്. രാത്രി കസ്റ്റഡിയിലെടുത്ത സി.ബി.ഐ ഉദ്യോഗസ്ഥരെ പുലര്‍ച്ചെ വിട്ടയച്ചെങ്കിലും കേന്ദ്ര സംസ്ഥാന ഏറ്റുമുട്ടലിലേക്കും ഗുരുതര ഭരണ പ്രതിസന്ധിയിലേക്കും കാര്യങ്ങള്‍ നീങ്ങി. ബംഗാളിലെ സംഭവ വികാസങ്ങളില്‍ വിശദീകരണം തേടി ഗവര്‍ണര്‍. ചീഫ് സെക്രട്ടറിയില്‍ നിന്നും പൊലീസ് മേധാവിയില്‍ നിന്നും ആണ് വിശദീകരണം തേടിയത്. തുടര്‍ നടപടികള്‍ വ്യക്തമാക്കാന്‍ ആവില്ലെന്നും പ്രതികരണം. അതേസമയം, ഐ.പി.എസ് ഉദ്യോഗസ്ഥന്‍ ഋഷികുമാര്‍ ശുക്ല സി.ബി.ഐ മേധാവിയായി ചുമതലയേറ്റു. കൊല്‍ക്കത്തിയിലെ അടിയന്തര സാഹചര്യം കണക്കില്‍ എടുത്താണ് വേഗത്തിലുള്ള ചുമതലയേല്‍ക്കല്‍


4. കരിപ്പൂര്‍ വിമാനത്താവളത്തെ തഴയുന്നു എന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കരിപ്പൂര്‍ വിമാനത്താവളത്തെ പരിഗണിക്കുന്നുണ്ട് എന്നാല്‍ കേന്ദ്രത്തില്‍ നിന്ന് മതിയായ സഹായം ലഭിക്കുന്നില്ല എന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

5. അതേസമയം, ഭൗതിക സജ്ജമാക്കാന്‍ ഭൂമി ഏറ്റെടുക്കേണ്ടത് ഉണ്ടെന്നും ഇതിനായി ഭരണാനുമതി നല്‍കിയിട്ടുണ്ട് എന്നും മുഖ്യമന്ത്രി. വിമാനത്താവളത്തിന് ആയി ഇനി 137 ഏക്കര്‍ ഭൂമിയും പാര്‍ക്കിങിനായി 15.25 ഏക്കര്‍ ഭൂമിയും വേണം. വികസന പ്രവര്‍ത്തനങ്ങള്‍ പിന്നോട്ട് ആവുന്നത് ഭൂമി ഏറ്റെടുക്കുന്നതില്‍ പ്രതിഷേധം ഉണ്ടാക്കുന്നത് കൊണ്ട് എന്നും പിണറായി

6. നടപടി ഉണ്ടായത് വലിയ വിമാനങ്ങള്‍ ഇറങ്ങാതിരുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന് കത്ത് അയച്ചതിന് പിന്നാലെ. ഈ വിഷയത്തില്‍ സഭ നിറുത്തി വച്ച് ചര്‍ച്ച ചെയ്യണം എന്ന് എം.കെ. മുനീര്‍ ആവശ്യപ്പെടുക ആയിരുന്നു.

7. ശ്രീനാരായണ ഗുരുവിന്റെ ജനനം മുതല്‍ മഹാസമാധി വരെയുള്ള മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കി കൗമുദി ടി.വി ഒരുക്കുന്ന മഹാഗുരു മെഗാ പരമ്പരയുടെ പ്രചരണം രണ്ടാഴ്ച പിന്നിടുന്നു. തൃശൂര്‍ ചെന്ത്രാപ്പന്നിയില്‍ നിന്ന് ആരംഭിച്ച പ്രയാണത്തിന് എസ്.എന്‍ വിദ്യാഭവന്‍ സീനിയര്‍ സെക്കണ്ടറി സ്‌കൂളില്‍ ലഭിച്ചത് ഗംഭീര വരവേല്‍പ്പ്. 4000-ല്‍ അധികം വിദ്യാര്‍ത്ഥികളുടെ സാന്നിധ്യത്തില്‍ മഹാഗുരുവിന്റെ പ്രിവ്യു ഷോ സ്‌കൂള്‍ അങ്കണത്തില്‍ നടന്നു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സന്ധ്യ പ്രജോദ്, സ്‌പോര്‍ട്സ് ഇന്‍ ചാര്‍ജ് ഉണ്ണികൃഷ്ണന്‍, എല്‍.പി വിഭാഗം ഹെഡ്മിസ്ട്രസ് എല്‍.പി മിനി എന്നിവര്‍ സന്നിഹിതരായിരുന്നു

8. എറണാകുളം ജില്ലയിലെ മഹാഗുരു പ്രിവ്യു ഷോയുടെ ആദ്യ പ്രദര്‍ശനം പാലാരിവട്ടത്ത് പ്രദര്‍ശിപ്പിച്ചു. സംവിധായകന്‍ വിനയന്‍ മുഖ്യ അതിഥിയായ ഈ പ്രദര്‍ശനത്തില്‍ യൂണിയന്‍ ചെയര്‍മാന്‍ മഹാരാജാ ശിവാനന്ദന്‍, കണ്‍വീനര്‍ ശ്യാംദാസ് തുടങ്ങിയവര്‍ പങ്കെടുത്തു

9. കെ.എസ്.ആര്‍.ടി.സിയിലെ താത്കാലിക ജീവനക്കാര്‍ക്ക് തിരിച്ചടി. പിരിച്ച് വിട്ടതിന് എതിരെ എം.പാനല്‍ ജീവനക്കാര്‍ നല്‍കിയ ഹര്‍ജി കോടതി തള്ളി. കെ.എസ്.ആര്‍.ടി.സി നിയമനം പി.എസ്.സി വഴി മതി എന്ന് ഹൈക്കോടതി. ഉത്തരവ്, ജസ്റ്റിസുമാരായ വി. ചിദംബരേഷ്, നാരായണ പിഷാരടി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേത്. പത്തു വര്‍ഷത്തില്‍ കൂടുതല്‍ സര്‍വീസ് ഉള്ളവരോട് കെ.എസ്.ആര്‍.ടി.സി പ്രതികാര ബുദ്ധിയാണ് കാണിച്ചതെന്നും മിനിമം വേതനം പോലും അനുവദിച്ചിരുന്നില്ല എന്നും ആയിരുന്നു എം പാനല്‍ ജീവനക്കാര്‍ ഹൈക്കോടതിയെ അറിച്ചത്

10. ചരിത്രം കുറിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ യു.എ.ഇയില്‍. അറബ് മേഖലയില്‍ ചരിത്രത്തില്‍ ആദ്യമായി എത്തിയ മാര്‍പാപ്പയ്ക്ക് അബുദാബി പ്രസിഡന്‍ഷ്യല്‍ വിമാന താവളത്തില്‍ സ്‌നേഹോഷ്മള വരവേല്‍പാണ് യു.എ.ഇ സര്‍ക്കാര്‍ നല്‍കിയത്. ത്രിദിന യു.എ.ഇ സന്ദര്‍ശനത്തിന് ആയാണ് റോമില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ മാര്‍പാപ്പ യു.എ.ഇയില്‍ എത്തിയത്.

11. രാവിലെ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തില്‍ അബുദാബി കിരീടാവകാശിയും യു.എ.ഇ ഉപ സര്‍വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സഈദ് അല്‍ നഹ്യാന്റെ നേതൃത്വത്തില്‍ ഉന്നതതല സ്വീകരണം നല്‍കും. വൈകുന്നേരം അബുദാബി ഫൗണ്ടേഴ്സ് മെമ്മോറിയലില്‍ നടക്കുന്ന മതാന്തര സമ്മേളനത്തില്‍ മാര്‍പാപ്പ പ്രസംഗിക്കും. അബുദാബി ഗ്രാന്‍ഡ് മോസ്‌കും ഫ്രാന്‍സിസ് പാപ്പാ സന്ദര്‍ശിക്കും. മുസ്ലിം കൗണ്‍സില്‍ ഓഫ് എല്‍ഡേഴ്സ് അംഗങ്ങളുമായി അവിടെ മാര്‍പാപ്പ പ്രത്യേക കൂടിക്കാഴ്ച നടത്തും.

12. നാളെ രാവിലെ 10.30ന് അബുദാബി സഈദ് സ്‌പോര്‍ട്സ് സിറ്റി സ്റ്റേഡിയത്തിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ദിവ്യബലിയും പ്രസംഗവും. വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ക്ക് യു.എ.ഇ സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ദിവ്യബലിക്കായി എത്തുന്നവര്‍ക്ക് സൗജന്യ യാത്ര അടക്കമുള്ള സൗകര്യങ്ങളാണ് യു.എ.ഇ ഏര്‍പ്പെടുത്തിയിട്ടുള്ളത്.