priyanandhan

കൊച്ചി: ശബരിമല വിഷയത്തിൽ അയ്യപ്പനെതിരെ അശ്ലീല ഭാഷയിൽ ഫേസ്ബുക്കിൽ പോസ്റ്റിട്ട സംവിധായകൻ പ്രിയനന്ദനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഹെെക്കോടതിയിൽ ഹർജി. പൊലീസിൽ പരാതി നൽകിയിട്ടും നടപടി എടുത്തില്ലെന്നാണ് ആരോപണം. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് പ്രിയനന്ദന്റെ പോസ്റ്റ് വിവാദമായിരുന്നു. ഇതുസംബന്ധിച്ച് പോസ്റ്റ് നേരത്തെ പ്രിയനന്ദൻ പിൻവലിച്ചിരുന്നു. ഫേസ്ബുക്കിൽ അയ്യപ്പനെതിരെ ഉപയോഗിച്ച പദങ്ങൾ സഭ്യമല്ലെന്ന് ബോധ്യപ്പെട്ടതിനാലാണ് പോസ്റ്റ് പിൻവലിച്ചതെന്ന് പ്രിയനന്ദൻ വ്യക്തമാക്കിയിരുന്നു. എന്നാൽ, നിലപാടിൽ മാറ്റമില്ലെന്നും ഇതിന്റെ പേരിൽ മാപ്പ് പറയില്ലെന്നും നേരത്തെ പ്രിയനന്ദനൻ വ്യക്തമാക്കിയിരുന്നു.

അതേസമയം ഈ വിഷയത്തിൽ പ്രിയനന്ദന് നേരെ ആർ.എസ്.എസ് പ്രവർത്തകർ ആക്രമണം നടത്തിയിരുന്നു. ആർ.എസ്.എസുകാർ മർദ്ദിച്ചെന്നും വീട്ടിൽ ചാണകവെള്ളം ഒഴിച്ചെന്നും പ്രിയനന്ദൻ പറഞ്ഞിരുന്നു. സംഭവത്തിൽ പ്രിയനന്ദൻ പരാതി നൽകിയതോടെ തൃശൂർ വല്ലപ്പുഴ സ്വദേശിയും ആർ.എസ്.എസ് പ്രവർത്തകനുമായ സരോവറിനെ പൊലീസ് പിടികൂടിയിരുന്നു. കൊടുങ്ങല്ലൂരിൽ നിന്നാണ് ഇയാളെ പിടികൂടിയത്.