കൊൽക്കത്ത: മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെ പരാതി അറിയിക്കാൻ ബി.ജെ.പി നേതാക്കളുടെ സംഘം തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്ത്. നിലവിലെ സ്ഥിതി കമ്മിഷനെ അറിയിക്കാനാണ് പ്രതിരോധമന്ത്രി നിർമ്മലാ സീതാരാമന്റെ നേതൃത്വത്തിലുള്ള സംഘമെത്തിയത്. യോഗി ആദിത്യനാഥിന്റെ ഹെലികോപ്റ്റർ യാത്രാ പ്രശ്‌നം ഉൾപ്പെടെ കമ്മിഷനെ ധരിപ്പിക്കും.അതേസമയം ബംഗാൾ സർക്കാർ നടപടിക്കെതിരെ സി.ബി.ഐ സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്നു കേൾക്കില്ല. നാളെ വാദം കേൾക്കും. ഇന്നുതന്നെ വാദം കേൾക്കണമെന്ന സി.ബി.ഐയുടെ ആവശ്യം കോടതി തള്ളുകയായിരുന്നു.
എന്താണു തിടുക്കമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗെഗോയ് ചോദിച്ചു. ബംഗാളിൽ അസാധാരണ സാഹചര്യമാണെന്നു സോളിസിറ്റർ ജനറൽ അറിയിച്ചെങ്കിലും തെളിവു ഹാജരാക്കണമെന്ന് ചീഫ് ജസ്റ്റിസ് നിർദേശിച്ചു. ബംഗാൾ ഡി.ജി.പിക്കും ചീഫ് സെക്രട്ടറിക്കുമെതിരെയാണു സി.ബി.ഐ കോടതിയെ സമീപിച്ചത്. എന്നാൽ, തങ്ങളുടെ അറിവോ അനുവാദമോ ഇല്ലാതെയായിരുന്നു സി.ബി.ഐയുടെ നടപടി എന്നാണു ബംഗാൾ സർക്കാരിന്റെ നിലപാട്.
കേസ് സി.ബി.ഐയെ ഏൽപിക്കാൻ 2014 മേയ് 9 ന് സുപ്രീം കോടതി ഉത്തരവിട്ടതാണ്. എന്നാൽ, അന്വേഷണം കോടതിയുടെ മേൽനോട്ടത്തിലല്ല. അതുകൊണ്ടുതന്നെ സംസ്ഥാനത്തെ നടപടികൾക്കു മുൻപ് സി.ബി.ഐ തങ്ങളോടു ചോദിക്കണമായിരുന്നു എന്നും സർക്കാർ വാദിക്കുന്നു. എന്നാൽ, കേസിന്റെ നാളിതുവരെയുള്ള നടപടികളിൽ ഈ വാദം ഉന്നയിക്കപ്പെട്ടിരുന്നില്ലെന്നാണ് സി.ബി.ഐയുടെ മറുവാദം.