cpm-against-mamata

ന്യൂഡൽഹി: കൊൽക്കത്ത പൊലീസ് കമ്മിഷണർ രാജീവ് കുമാറിനെ ചോദ്യം ചെയ്യാനെത്തിയ സി.ബി.ഐ സംഘത്തെ തടഞ്ഞതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് പിന്തുണയുമായി വിവിധ പ്രതിപക്ഷ കക്ഷികൾ രംഗത്തെത്തിയപ്പോൾ എതിർ ശബ്‌ദം ഉയർത്തിയത് സി.പി.എം മാത്രം. കഴിഞ്ഞ ദിവസം നടന്നതെല്ലാം തൃണമൂൽ കോൺഗ്രസും ബി.ജെ.പിയും തമ്മിലുള്ള നാടകമാണെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞത്. തിരഞ്ഞെടുപ്പിൽ ഒപ്പമുണ്ടാകുമെന്ന് കരുതിയ തൃണമൂൽ കോൺഗ്രസ് ഇടഞ്ഞതാണ് ഇപ്പോൾ ശാരദ, റോസ് വാലി തട്ടിപ്പുകൾ കുത്തിപ്പൊക്കാൻ കാരണമെന്നും കോടിയേരി ആരോപിച്ചു. സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും സമാനമായ ആരോപണമാണ് ഉന്നയിച്ചത്.

അതേസമയം, ഭരണഘടനാ സ്ഥാപനങ്ങളെ തകർക്കാനുള്ള ബി.ജെ.പിയുടെയും മോദിയുടെയും ശ്രമങ്ങളെ ഒറ്റക്കെട്ടായി നിന്ന് കീഴ്പ്പെടുത്തുമെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി പ്രതികരിച്ചു. പ്രതിപക്ഷം ഒറ്റക്കെട്ടായി നിന്ന് ഫാസിസ്‌റ്റ് ശക്തികളെ തകർക്കുമെന്നും കോൺഗ്രസ് രാഹുൽ ഗാന്ധി പറഞ്ഞു. പൊലീസ് കമ്മീഷണറെ കസ്‌റ്റഡിയിൽ എടുക്കാൻ ഉള്ള സി.ബി.ഐ നടപടിയെ തടഞ്ഞ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെ പിന്തുണച്ച രാഹുൽ മമതാ ബാനർജിയുമായി ഫോണിൽ സംസാരിച്ചെന്നും ട്വിറ്ററിൽ കുറിച്ചു. അവരെ അനുകൂലിച്ച് മറ്റ്​ പ്രതിപക്ഷ പാർട്ടി നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്​. അന്വേഷണ ഏജൻസികളെ രാഷ്ട്രീയമായി വേട്ടയാടാൻ മോദി സർക്കാർ ഉപയോഗിക്കുകയാണെന്ന് കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചു.

cpm-against-mamata

മമത ബാനർജിക്ക് പിന്തുണയുമായി എ.എ.പി നേതാവ് അരവിന്ദ് കെജ്‌രിവാൾ , ടി.ഡി.പി നേതാവ് ചന്ദ്രബാബു നായിഡു, സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, ഡി.എം.കെ രാജ്യസഭാംഗം കനിമൊഴി, ഡി.എം.കെ പ്രസിഡന്റ് എം.കെ.സ്‌റ്റാലിൻ, മുൻ പ്രധാനമന്ത്രി എച്.ഡി.ദേവഗൗഡ,നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്‌ദുള്ള എന്നിവർ രംഗത്തെത്തി. പിന്തുണ അറിയിച്ച് നിരവധി നേതാക്കൾ ഇന്ന് കൊൽക്കത്തയിൽ എത്തുമെന്നാണ് കരുതുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പാർട്ടി പ്രവർത്തകർ മമതയ്ക്ക് പിന്തുണയുമായി എത്തുന്നുണ്ട്. പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിയുമായാണ് പ്രവർത്തകർ എത്തുന്നത്.

cpm-against-mamata

ബംഗാളിലേത് നാടകമെന്ന് യെച്ചൂരി

പശ്ചിമ ബംഗാളിൽ ബി.ജെ.പിയും തൃണമൂൽ കോൺഗ്രസും നാടകം കളിക്കുകയാണെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആരോപിച്ചു. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് കേന്ദ്രത്തിന്റെ നീക്കമെന്നും യെച്ചൂരി ആരോപിച്ചു. ‘അഞ്ച് വർഷം അനങ്ങാതിരുന്ന ഇരുകൂട്ടരും ഇപ്പോൾ നാടകവുമായി രംഗത്തെത്തിയിരിക്കുകയാണ്. തൃണമൂൽ കോൺഗ്രസ് ഇപ്പോൾ നടത്തുന്ന പ്രതിഷേധം അഴിമതി മൂടിവയ്ക്കാനുള്ളതാണ്. യാതൊരു അടിസ്ഥാനവുമില്ലാത്ത ഈ നാടകം ഇരുവരും നടത്തുന്നത് അവരുടെ അഴിമതിയിൽ നിന്ന് ശ്രദ്ധതിരിക്കാനാണെന്നും യെച്ചൂരി പറഞ്ഞു.

സി.പി.എമ്മിന് സംഘപരിവാർ മനസെന്ന് കോൺഗ്രസ്

അതേസമയം, ബംഗാളിൽ പ്രതിപക്ഷ ഐക്യറാലി നടത്തിയ മമതാ ബാനർജിയുടെ ഭരണത്തെ അട്ടിമറിക്കാനുള്ള കേന്ദ്രസർക്കാർ ശ്രമങ്ങളെ അപലപിക്കാൻ സി.പി.എം തയ്യാറാകാത്തത് എന്താണെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ചോദിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനും സംഘപരിവാർ മനസാണെന്ന് അദ്ദേഹം ആരോപിച്ചു. ഏറ്റവും വലിയ ഒറ്റകക്ഷിയായാലും കോൺഗ്രസിന് കേന്ദ്രത്തിൽ സർക്കാർ ഉണ്ടാക്കാൻ കഴിയില്ലെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്‌താവന അതിന് തെളിവാണെന്നും മുല്ലപ്പള്ളി പറഞ്ഞു.