attukal

തിരുവനന്തപുരം: ആറ്റ‌ുകാൽ പൊങ്കാലക്ക് മുന്നോടിയായി പരിശോധനക്കെത്തിയ ആറ്റുകാൽ പൊങ്കാല സ്ക്വാഡിനെ തൊഴിലാളികളും വ്യാപാരികളും ചേർന്ന് ആക്രമിച്ചു. സംഭവത്തിൽ മൂന്ന് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു തുടർന്ന് കസ്റ്റഡിയിലെടുത്ത നേതാക്കളെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് തൊഴിലാളികൾ പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധം ആരംഭിച്ചു. രാവിലെ 11മണിയോടെയായിരുന്നു സംഭവം.

ആറ്റ‌ുകാൽ പൊങ്കാലക്ക് മുന്നോടിയായി പരിശോധനക്കെത്തിയ സിവിൽ സപ്ലൈസ്,​ ലീഗൽ മെട്രോളജി,​ ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനക്കിടയിലാണ് തൊഴിലാളികളുടെ ആക്രമണം. മുദ്രവെക്കാത്ത ത്രാസ് ലീഗൽ മെട്രോളജി വിഭാഗം ഉദ്യോഗസ്ഥർ വ്യാപാരികളിൽ നിന്ന് പിടിച്ചെടുത്തതിനെ തുടർന്നാണ് തൊഴിലാളികളും വ്യാപാരികളും ആക്രമിച്ചത്. സംഭവത്തിൽ മൂന്ന് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു.

യൂണിയൻ ഓഫീസിൽ നിന്നെത്തിയ സംഘമാണ് ഉദ്യോഗസ്ഥരെ ആക്രമിച്ചത്. ആക്രമണത്തിൽ ഉദ്യോഗസ്ഥരുടെ കൈകൾക്ക് ഗുരുതരമായി പരിക്കേറ്റു. ഉദ്യോഗസ്ഥരുടെ മൊബൈൽ ഫോണുകളും ആക്രമികൾ നശിപ്പിച്ചു. ലീഗൽ മെട്രോളജി ഇൻസ്പെക്ടർ ഷാജഹാൻ,​ ഇൻസ്പെക്‌റ്റ‌ിംഗ് അസിസ്റ്റ‌ന്റ് അബ്ദുൾ ഗാഫർ ഖാൻ,​ മുനീർ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തെ തുടർന്ന് മൂന്ന് യൂണിയൻ നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് തൊഴിലാളികൾ പൊലീസ് സ്റ്റേ‌ഷന് മുന്നിൽ പ്രതിഷേധിക്കുകയാണ്.