തിരുവനന്തപുരം: ശബരിമല വിഷയത്തിൽ ബി.ജെ.പിയുടെ വഴിയെ പോകാൻ കോൺഗ്രസിനുള്ളിലെ ചില തീവ്രവാദികൾ ശ്രമിച്ചിരുന്നുവെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. എന്നാൽ അതൊന്നും നടക്കില്ലെന്ന ഉറച്ച നിലപാടാണ് താൻ എടുത്തതെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. കേരളകൗമുദി ഫ്ളാഷിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി നിർണയത്തിൽ ഗ്രൂപ്പും നേതാവിന്റെ ആളെന്നതും പരിഗണിക്കില്ലെന്ന് മുല്ലപ്പള്ളി പറഞ്ഞു. വിജയസാദ്ധ്യത മാത്രമാകും പരിഗണന. അത്തരമൊരു നിർദേശമാണ് ഹൈക്കമാൻഡ് നൽകിയിരിക്കുന്നത്. സ്ഥാനാർത്ഥി നിർണയത്തിലെ പിഴവാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയ കാരണങ്ങളിലൊന്ന്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അതുണ്ടാവില്ല. പാർട്ടിയുടെ സ്ഥാനാർത്ഥി മാത്രം. മറ്റ് പരിഗണനയൊന്നും ഉണ്ടാവില്ല. യുവ, വനിതാ പ്രാതിനിധ്യം എന്നതൊന്നും മാനദണ്ഡമാവില്ല.
അഭിമുഖത്തിന്റെ പൂർണരൂപം-
പ്രീണനമില്ല
സ്ഥാനാർത്ഥിക്കാര്യത്തിൽ ജയ സാദ്ധ്യത വനിതയ്ക്കാണെങ്കിൽ അവരെ പരിഗണിക്കും. യുവാക്കൾക്കാണ് സാദ്ധ്യതയെങ്കിൽ അവരെ നിറുത്തും. ആരെയും പ്രീണിപ്പിക്കാനില്ല. അക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ല. ജയസാദ്ധ്യതയുള്ള രണ്ടോ മൂന്നോ സ്ഥാനാർത്ഥികളുടെ വീതം പട്ടിക ഹൈക്കമാൻഡിന് നൽകും. രാഹുൽ ഗാന്ധിയാവും അന്തിമ തീരുമാനമെടുക്കുക.
സീറ്റ് വിഭജനമായില്ല
മുന്നണിയിലെ ഘടകകക്ഷികൾ തമ്മിൽ സീറ്റ് വിഭജന ചർച്ച പൂർത്തിയായിട്ടില്ല. ഉഭയകക്ഷി ചർച്ചകളും നടത്തും. എല്ലാം തർക്കമില്ലാതെ നടക്കും.
ശബരിമല അനുകൂലം
ശബരിമല വിഷയം തങ്ങൾക്ക് അനുകൂലമായാണ് വരിക. ഇടതും ബി.ജെ.പിയും വിഷയത്തെ രാഷ്ട്രീയവത്കരിച്ചു എന്ന വിമർശനം ജനങ്ങൾക്കുണ്ട്. അക്രമത്തിലേക്ക് സമരം നീങ്ങി. ജനജീവിതം ദുസഹമായി. ജനങ്ങൾക്ക് വഴിനടക്കാൻ പറ്റാതായി. ഇതെല്ലാം യു.ഡി.എഫിന് അനുകൂലമാകും.
ഞാൻ പറഞ്ഞു പറ്റില്ല
ഒരു മതേതര പാർട്ടിയെന്ന നിലയിൽ ശബരിമല വിഷയത്തിൽ കോൺഗ്രസ് ഒരു ഘട്ടത്തിലും രാഷ്ട്രീയവത്കരണത്തിലേക്ക് പോയില്ല. ഞങ്ങളുടെ കൂട്ടത്തിലും ചില തീവ്രവാദികളുണ്ടായിരുന്നു. ബി.ജെ.പി പോയ വഴിയിൽ പോകണമെന്നു പറഞ്ഞവരായിരുന്നു അവർ.അതൊന്നും നടക്കില്ലെന്ന് ഞാനവരോട് പറഞ്ഞു. ഉറച്ച നിലപാടാണ് ഞാനന്ന് എടുത്തത്. അന്നെനിക്ക് ചെറിയ എതിർപ്പുകളൊക്കെ ഉണ്ടായിരുന്നു. തിരഞ്ഞെടുപ്പ് വിജയം രണ്ടാമത്തെ കാര്യം. കോൺഗ്രസിന് ഒരു പ്രഖ്യാപിത നിലപാടുണ്ട്. അതിൽ വെള്ളം ചേർക്കാൻ പറ്രില്ല. ഇപ്പോഴവർക്കെല്ലാം ഞാൻ പറഞ്ഞത് ശരിയാണെന്ന് ബോദ്ധ്യപ്പെട്ടു.
ബി.ജെ.പി ക്ക് വോട്ട് ചെയ്യില്ല
ബി.ജെ.പി ക്ക് വോട്ട് ചെയ്യാനിരിക്കുന്നവർ പോലും അവർക്ക് വോട്ട് ചെയ്യില്ല. അവർ ജയിക്കില്ല എന്ന് ജനത്തിനറിയാം. എന്തിന് വോട്ട് പാഴാക്കണം എന്ന് ജനം ചിന്തിക്കും. അവസാന നിമിഷം ബി.ജെ.പിക്ക് സി.പി.എമ്മിനോട് ഒരു കടുത്ത വിരോധവും വന്നിട്ടുണ്ട്. അതും തങ്ങൾക്കനുകൂലമാവും.
ചർച്ച നടത്തിയില്ല
വടകരയിലെ വിജയത്തിനായി ആർ.എം.പിയുമായി ചർച്ച നടത്തിയിട്ടില്ല. വടകര ജയിക്കാൻ കഴിയാത്തത്ര മോശം മണ്ഡലമല്ല. കുറച്ച് വ്യക്തിപരമായ വോട്ട് പിടിച്ചാൽ മതി. പാലക്കാട് ദുർബലനായ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് പോലും വിജയിക്കാൻ കഴിഞ്ഞ സ്ഥലമാണ്. പാർട്ടിയിൽ ഐക്യമില്ലാത്തതുകൊണ്ടാണ് പാലക്കാട് തോറ്രത്. ആലത്തൂരിലും നല്ല ഒരു സ്ഥാനാർത്ഥിക്ക് വേണ്ടിയുള്ള ശ്രമത്തിലാണ്.
ലീഗിന് നൽകേണ്ടിവരില്ല
ലീഗിന് അധിക സീറ്ര് നൽകേണ്ടിവരില്ല. ആ ചർച്ചകളിലേക്ക് എത്തിയിട്ടില്ല. ദേശീയ രംഗത്തെ രാഷ്ട്രീയ സാഹചര്യം ഞങ്ങളേക്കാൾ നന്നായി ലീഗിനറിയാം. ഇത്തവണ മുസ്ലീംലീഗും കോൺഗ്രസും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമായാൽ പല സീറ്റിലും ജയിച്ചുകയറാം. എൽ.ഡി.എഫ് ന്യൂനപക്ഷ വോട്ട് ആകർഷിക്കാൻ ശ്രമിക്കുന്നുണ്ട്. അത് ഞങ്ങൾക്കറിയാം. അത് നടപ്പില്ല.
മുമ്പും അനുകൂലമായിരുന്നില്ല
അഞ്ചു വർഷം കേന്ദ്രം ഭരിച്ചിട്ട് ജനങ്ങൾക്ക് ഒരു പരിഗണനയും നൽകാത്തവർ ഇപ്പോൾ ബഡ്ജറ്റിലൂടെ ആനുകൂല്യങ്ങളുമായി വരുന്നതിനെ പ്രചാരണത്തിലൂടെ ഞങ്ങൾ നേരിടും. ആദായ നികുതി ഇളവ് കുറേ പേരെ സ്വാധീനിച്ചിട്ടുണ്ടാവും. സർക്കാർ ജീവനക്കാർക്കാണ് ഇതിൽ കൂടുതൽ താല്പര്യം. അവർ മുമ്പും ഞങ്ങൾക്ക് അനുകൂലമായിരുന്നില്ല. തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്നത് ഒരു മുന്നണിയുടെയും പാർട്ടിയുടെയും ഭാഗമല്ലാത്ത നിഷപക്ഷരായ ആളുകളാണ്. അവരെ സ്വാധീനിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.