ന്യൂഡൽഹി: സുനന്ദ പുഷ്‌കറിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസിലെ വാദം ഇനി ഡൽഹി സെഷൻസ് കോടതിയിൽ. ഫെബ്രുവരി 21ന് കോടതി കേസ് പരിഗണിക്കും. പ്രോസിക്യൂഷനെ സഹായിക്കാനനുവദിക്കണമെന്ന സുബ്രഹ്മണ്യൻ സ്വാമിയുടെ ആവശ്യം കോടതി തള്ളി. നേരത്തെ കേസിൽ പട്യാല ഹൗസ് കോടതി വാദം നടത്തിയിരുന്നു. എം.പിയും സുനന്ദയുടെ ഭർത്താവുമായ ശശി തരൂരിനെ പ്രതിയാക്കിയാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നത്. ആത്മഹത്യാ പ്രേരണാ കുറ്റമാണ് കുറ്റപത്രത്തിൽ ആരോപിച്ചിരിക്കുന്നത്. വിഷാദരോഗത്തിനുള്ള മരുന്ന് അമിത അളവിൽ കഴിച്ചാണ് സുനന്ദ പുഷ്‌കർ ആത്മഹത്യ ചെയ്‌തത് എന്നായിരുന്നു പൊലീസിന്റെ അന്വേഷണ റിപ്പോർട്ട്.
അതേസമയം, തരൂരിനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയിട്ടുണ്ട്. പൊലീസ് ശേഖരിച്ച തെളിവുകളും രേഖകളും തരൂരിന് കൈമാറാൻ പട്യാല ഹൗസ് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാൽ, കൈമാറിയ ഡിജിറ്റൽ തെളിവുകളിൽ ചിലത് തുറന്ന് പരിശോധിക്കാൻ കഴിഞ്ഞില്ലെന്ന് തരൂരിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇതുസംബന്ധിച്ച പൊലീസ് വിശദീകരണം കോടതി ആവശ്യപ്പെട്ടിരുന്നു. ഡൽഹിയിലെ ലീല ഹോട്ടലിൽ 2014 ജനുവരി 17നാണ് സുനന്ദയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇത് കൊലപാതകമാണ് എന്നായിരുന്നു പ്രാഥമിക നിഗമനം. പക്ഷെ തെളിവുകൾ കണ്ടെത്താൻ പൊലീസിന് സാധിച്ചിരുന്നില്ല.