നെയ്‌വേലി: സന്തോഷ് ട്രോഫിയിൽ പുതിയ സീസണിൽ നിലവിലെ ചാമ്പ്യൻമാരായ കേരളത്തിന് സമനിലയോടെ തുടക്കം. ദക്ഷിണമേഖല യോഗ്യതാ റൗണ്ട് ഗ്രൂപ്പ് ബിയിൽ തങ്ങളുടെ ആദ്യ മത്സരത്തിൽ നിരവധി അവസരങ്ങൾ തുലച്ച് കളഞ്ഞ കേരളം തെലുങ്കാനയ്ക്കെതിരെ ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു. മത്സരത്തിൽ ഉടനീളം പത്തോളം സുവർണാവസരങ്ങൾ കേരളത്തിന് കിട്ടിയെങ്കിലും ഫിനിഷിംഗിലെ പിഴവുകൾ മൂലം ഒന്നുപോലും ഗോളാക്കാൻ കേരളത്തിന് കഴിഞ്ഞില്ല. ഒരുക്കിയെടുക്കുന്ന അവസരങ്ങൾ മുതലെടുക്കാൻ ഒരു ഷാർപ് ഷൂട്ടറുടെ അഭാവമാണ് കേരളാ നിരയിൽ നിഴലിച്ചത്. പരിചയ സമ്പന്നരായ നായകൻ സീസൺ, ജിതിൻ ഗോപാലൻ, രാഹുൽ രാജ്, വി. മിഥുൻ എന്നിവരെല്ലാം ആദ്യ ഇലവനിൽ ഉണ്ടായിരുന്നെങ്കിലും എതിർവല കുലുക്കാൻ കഴിയാതെ പോവുകയായിരുന്നു. ആദ്യ പകുതിയിൽ തന്നെ ആറോളം അവസരങ്ങളായിരുന്നു കേരളത്തിന് ലഭിച്ചത്.ക്രിസ്റ്റി ഡേവിഡും മുഹമ്മദ് ഇനായത്തും അടങ്ങിയ മുന്നേറ്ര നിര പാടേ നിരാശപ്പെടുത്തുകയായിരുന്നു. അതേസമയം പ്രതിരോധത്തിൽ രാഹുൽ വി. രാജും അലക്സ് സജിയും തകർപ്പൻ പ്രകടനമാണ് പുറത്തെടുത്തത്. മധ്യനിരയിൽ നെയ്തെടുത്ത നീക്കങ്ങൾ സമർത്ഥമായി പ്രതിരോധിക്കുന്നതിൽ തെലുങ്കാന വിജയിക്കുകയായിരുന്നു. ആക്രമിക്കാതെ പ്രതിരോധിത്തിൽ ഊന്നിയുള്ള തന്ത്രമാണ് തെലുങ്കാന കോച്ച് ഷാബിർ അലി ആവിഷ്കരിച്ചത്.
ആദ്യ മത്സരത്തിൽ ജയിക്കാൻ കഴിയാതെ വന്നതോടെ നാളെ പുതുച്ചേരിക്കും 8 ന് സർവീസസിനും എതിരായ മത്സരങ്ങൾ കേരളത്തിന് നിർണായകമായി. ഗ്രൂപ്പ് ചാമ്പ്യൻമാർക്ക് മാത്രമേ അടുത്ത ഗെയിംസിലേക്ക് മുന്നേറാനാകൂ.
നമ്മുടെ ദിവസമല്ലായിരുന്നു
തെലുങ്കാനയ്ക്കെതിരായ മത്സരത്തിൽ ഉദ്ദേശിച്ച നിലവാരത്തിലേക്ക് ഉയരാനായില്ലെന്ന് കേരള നായകൻ വി.പി.ഷാജി പറഞ്ഞു.കുറഞ്ഞത് മൂന്ന് ഗോളുകൾക്കെങ്കിലും ജയിക്കാമായിരുന്നു. പക്ഷേ നിരവധി അവസരങ്ങൾ തുലച്ചു.അടുത്ത മത്‌സരങ്ങളിൽ തിരിച്ചു വരുമെന്നും ഷാജി പറഞ്ഞു.
സർവീസസിന് ജയം
അതേസമയം മലയാളി താരങ്ങളുടെ പ്രകടനമികവിൽ ഇന്നലെ സർവീസസ് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പുതുച്ചേരിയെ കീഴടക്കി.
ആറു മലയാളി താരങ്ങളാണ് പട്ടാളനിരയിൽ ഉള്ളത്. ഇന്നലെ നടന്ന മത്സരത്തിൽ ആദ്യ പകുതിയിൽ പുതുച്ചേരി താരം ആർ. സുധാകരന്റെ സെൽഫ് ഗോളിൽ ലീഡ് നേടിയ പട്ടാളം രണ്ടാം പകുതിയിൽ രണ്ടു മിനിറ്റിനിടെ രണ്ടു ഗോളുകൾ നേടിയാണ് വിജയം സ്വന്തമാക്കിയത്.