modi

ന്യൂഡൽഹി: ഇന്ത്യയുടെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടപ്പോഴല്ല മറിച്ച് ​ഗുജറാത്തിലെ മുഖ്യമന്ത്രി ആയപ്പോഴാണ് തന്റെ അമ്മ ഏറ്റവും അധികം സന്തോഷിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഹ്യൂമൻസ് ഓഫ് ബോംബെയുടെ അഭിമുഖത്തിലാണ് അദ്ദേഹം ഈ കാര്യം പറഞ്ഞത്. അഭിമുഖത്തിന്റെ നാലാം ഭാഗമാണ് ഇപ്പോൾ പുറത്തുവിട്ടത്. 'ഒട്ടേറെ പേർ എന്നോട് ചോദിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയായ സമയത്ത് അമ്മയുടെ പ്രതികരണം എന്തായിരുന്നുവെന്ന്. പക്ഷേ അപ്പോഴേക്കും മോദി പ്രചരണം വലിയ തോതിൽ ഉയർന്നു കഴിഞ്ഞിരുന്നു. എന്റെ ഫോട്ടോ പതിപ്പിച്ച പോസ്റ്ററുകൾ വ്യാപകമായി പ്രചരിക്കാൻ തുടങ്ങി. പക്ഷേ ഞാൻ വിശ്വസിക്കുന്നത് അമ്മ ഏറ്റവും കൂടുതൽ സന്തോഷവതിയാകാൻ നാഴിക കല്ലായത് ഞാൻ ഗുജറാത്ത് മുഖ്യമന്ത്രി ആയപ്പോഴാണെ'ന്ന് മോദി പറഞ്ഞു.

ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിനു മുൻപ് അമ്മയെ കാണാൻ പോയിരുന്നു. ആ സമയത്ത് ന്യൂഡൽഹിയിലാണ് ഞാൻ താമസിച്ചിരുന്നത്. അമ്മ സഹോദരന്റെ കൂടെയായിരുന്നു. അഹമ്മദാബാദിൽ അപ്പോൾ ആഘോഷങ്ങൾ തുടങ്ങി. അമ്മയുടെ മകൻ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാകുന്ന കാര്യം അവർക്ക് അറിയാം. അമ്മ എന്നെ നോക്കി, പിന്നീടു കെട്ടിപ്പിടിച്ചു. നീ ഗുജറാത്തിലേക്കു തിരികെയെത്തിയതാണു വലിയ കാര്യമെന്നു പറഞ്ഞു. അതാണ് അമ്മയുടെ സ്വഭാവം. ചുറ്റും എന്തു നടക്കുന്നുവെന്നത് അവർക്കു പ്രധാനപ്പെട്ടതല്ല. മക്കളെ ചേർത്തുനിർത്തുകയെന്നതാണ് എപ്പോഴും അവരുടെ ആവശ്യം.

ജീവിതത്തിലൊരിക്കലും അഴിമതി നടത്തില്ലെന്നു പ്രതിജ്ഞ ചെയ്യാൻ അമ്മ ആവശ്യപ്പെട്ടിരുന്നതായിയും മോദി പറഞ്ഞു. അമ്മയാണ് ഇക്കാര്യം ഉറപ്പു നൽകാൻ ആവശ്യപ്പെട്ടത്. ഒരിക്കലും ആ പാപം ചെയ്യരുതെന്ന് അമ്മ എന്നോടു പറഞ്ഞു. അമ്മയുടെ വാക്കുകൾ എന്നെ ഏറെ സ്വാധീനിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'നീ എന്തു ചെയ്യുന്നു എന്നെനിക്കു മനസ്സിലാകില്ല. പക്ഷേ അഴിമതി ഒരിക്കലും നടത്തില്ലെന്ന് എനിക്ക് ഉറപ്പു നൽകണം. ഒരിക്കലും ആ പാപം ചെയ്യരുത്'. ആ വാക്കുകൾ എന്നെ ഏറെ സ്വാധീനിച്ചു. സുഖസൗകര്യങ്ങളൊന്നും അനുഭവിച്ചിട്ടില്ലാത്ത ദാരിദ്ര്യത്തിൽ കഴിഞ്ഞ ഒരു സ്ത്രീയാണ് ഒരിക്കലും അഴിമതി നടത്തരുതെന്ന് എന്നോടു പറഞ്ഞതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

പണ്ട് എനിക്ക് എവിടെയെങ്കിലും സാധാരണ ജോലി കിട്ടിയെന്നറിഞ്ഞാൽ അമ്മ ഗ്രാമത്തിൽ മുഴുവൻ മധുരം വിതരണം നടത്തും. അതുകൊണ്ട് മുഖ്യമന്ത്രി സ്ഥാനമോ മറ്റു സ്ഥാനങ്ങളോ അവർക്കു കാര്യമല്ല. ആ സ്ഥാനത്ത് ഇരിക്കുന്നയാൾ സത്യസന്ധനായിരിക്കാൻ പരിശ്രമിക്കുകയും രാജ്യത്തിനു വേണ്ടി പ്രവർത്തിക്കണമെന്നതുമാണു പ്രധാനമെന്നും മോദി പറ‌ഞ്ഞു. അദ്ദേഹവുമായുള്ള അഭിമുഖം അഞ്ച് ഭാഗങ്ങളായിട്ടാണ് ഹ്യൂമൻസ് ഓഫ് ബോംബെ പ്രസിദ്ധീകരിക്കുന്നത്. ആദ്യ രണ്ട് ഭാഗങ്ങളിൽ തന്റെ ബാല്യ കാലവും, ഹിമാലയത്തിലെ ജീവിതത്തെകുറിച്ചുമാണ് അദ്ദേഹം പങ്കുവച്ചത്. മൂന്നാം ഭാഗത്തിൽ ഹിമാലയത്തിൽ നിന്നും തിരികെ എത്തി അഹമ്മദാബാദിലെത്തി അമ്മാവന്റെ കാന്റീനിൽ ജോലി ചെയ്‌തതും, അവിടെ നിന്നും ആർ.എസ്.എസിന്റെ മുഴുവൻ സമയ പ്രചാരകനിലേക്ക് ജീവിതം പരിവർത്തനം ചെയ്ത സംഭവവുമാണ് വിവരിച്ചത്. ഇതിൽ നാലാമത്തെ ഭാഗമാണ് ഇപ്പോൾ പുറത്ത് വന്നത്.