ആലപ്പുഴ: നിയമസഭ കയറാൻ ചുവപ്പിനൊപ്പം നിൽക്കുകയും ലോക്‌സഭയുടെ ഗോവണിയിൽ ചുവട് മാറ്റി ചവിട്ടുകയും ചെയ്യുന്ന സ്വഭാവ സവിശേഷതയുള്ള ആലപ്പുഴ ഇക്കുറി ലോക്സഭാ തിരഞ്ഞെടുപ്പിൽ ആർക്കൊപ്പമാവും? തിരഞ്ഞെടുപ്പ് കാഹളത്തിനായി കാതോർക്കുമ്പോൾ വോട്ടർമാരിൽ മാത്രമല്ല, രാഷ്ട്രീയ കേന്ദ്രങ്ങളിലും ആലപ്പുഴ ചർച്ചയാവുകയാണ്. റെക്കാഡ് സുശീലയ്ക്ക് പുന്നപ്രയും വയലാറുമൊക്കെ ചേർന്ന ആലപ്പുഴ മണ്ഡലത്തിലെ ആദ്യ തിരഞ്ഞെടുപ്പിൽ വിജയക്കൊടി പാറിച്ചത് കമ്മ്യൂണിസ്റ്റുകാരായിരുന്നു. സി.പി.എെയുടെ പി.ടി.പുന്നൂസ് 76,380 വോട്ടിന് കോൺഗ്രസിലെ എ.പി.ഉദയഭാനുവിനെ തോൽപ്പിച്ചപ്പോൾ അതൊരു ചരിത്രമായി. ആലപ്പുഴ മണ്ഡലത്തിന്റെ പേര് അമ്പലപ്പുഴ എന്നായി മാറി. രണ്ടാമത് നടന്ന തിരഞ്ഞെടുപ്പിലും പി.ടി.പുന്നൂസ് വിജയം ആവർത്തിച്ചു. 1962ൽ പി.കെ.വാസുദേവൻനായരും 1967ൽ സുശീലാ ഗോപാലനും വിജയതിലകം ചാർത്തി. എന്നാൽ 1971ൽ ആർ.എസ്.പിയിലെ കെ.ബാലകൃഷ്ണൻ സുശീലാ ഗോപാലനെ വീഴ്ത്തിയപ്പോൾ അത് മറ്റൊരു ചരിത്രത്തിന്റെ തുടക്കമായി. അമ്പലപ്പുഴയായി നിന്ന മണ്ഡലം വീണ്ടും ആലപ്പുഴയായി. 1977ൽ വി.എം.സുധീരൻ വിജയിച്ചു. സി.പി.എമ്മിലെ ഇ.ബാലാനന്ദനെ തറപറ്റിച്ചുകൊണ്ടായിരുന്നു സുധീരന്റെ വരവ്. പക്ഷേ, ആ തിളക്കം അടുത്ത തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് നിലനിറുത്താനായില്ല. സുശീലാ ഗോപാലനെ ഇറക്കി സി.പി.എം തിരിച്ചടിച്ചു. ജെ.എൻ.പിയിലെ ഓമനപ്പിള്ളയെ സുശീലാഗോപാലൻ തോൽപ്പിച്ചപ്പോൾ മണ്ഡലത്തിന്റെ മനസ് വീണ്ടും ഇടത്തോട്ട് തിരിഞ്ഞു. ആലപ്പുഴയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിനാണ് സുശീല വിജയിച്ചത്. 1,14,264 വോട്ടിന്റെ ഭൂരിപക്ഷം. അതിനുമുമ്പും ശേഷവും ഭൂരിപക്ഷം ഒരു ലക്ഷത്തിന് മുകളിലെത്തിക്കാൻ ആർക്കും കഴിഞ്ഞിട്ടില്ല. വക്കം എന്ന തുറുപ്പ് സ്വർണത്തിളക്കത്തിൽ നിന്ന സുശീലയെ വെട്ടാൻ കോൺഗ്രസ് ഇറക്കിയത് വക്കം പുരുഷോത്തമനെയായിരുന്നു. 1984ൽ വക്കം സുശീലയെ തോൽപ്പിച്ചപ്പോൾ മണ്ഡലം വലത്തോട്ട് ചരിഞ്ഞു. സി.പി.എം വക്കത്തിന് മുന്നിൽ 1989 ലും അടിയറവ് പറഞ്ഞു. സി.പി.എമ്മിലെ കെ.വി.ദേവദാസിനെ തകർത്തുകൊണ്ടായിരുന്നു വക്കത്തിന്റെ രണ്ടാം വിജയം. എന്നാൽ, ആ തിളക്കം 1991ലെ തിരഞ്ഞെടുപ്പിൽ ടി.ജെ.ആഞ്ചലോസിനെ ഇറക്കി സി.പി.എം കെടുത്തി. മണ്ഡലം തിരിച്ചുപിടിക്കാൻ കോൺഗ്രസ് 1996ൽ വി.എം.സുധീരൻ തന്നെ ഇറക്കി. സുധീരന്റെ പ്രഭയ്ക്ക് മുന്നിൽ ആഞ്ചലോസ് നിലംപൊത്തി. 98ൽ സി.എസ്.സുജാതയെയും 99ൽ നടൻ മുരളിയെയും സുധീരൻ പരാജയപ്പെടുത്തി. പക്ഷേ, അടുത്ത അങ്കത്തിൽ ഡോ.കെ.എസ്.മനോജിനെ ഇറക്കി സി.പി.എം ചെങ്കൊടി പാറിച്ചു. 2004ൽ മനോജിനോട് സുധീരൻ തോറ്റതോടെ മണ്ഡലത്തിന്റെ മനസ് മാറി മറിയുന്ന കാഴ്ചയായിരുന്നു. അങ്ങനെ പുതിയൊരു സൂര്യോദയമായി കെ.സി.വേണുഗോപാലിന്റെ വരവ്. മൂന്ന് തവണ ആലപ്പുഴയിൽ നിന്ന് നിയമസഭയിലേക്ക് കുതിച്ചുയർന്ന കെ.സി 2009ൽ കെ.എസ്.മനോജിനെയും 2014ൽ സി.ബി.ചന്ദ്രബാബുവിനെയും വീഴ്ത്തിയപ്പോൾ മണ്ഡലം വീണ്ടും വലത്തോട്ടായി. ഈ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിന്റെ ട്രാക്ക് വലത്തോട്ടോ ഇടത്തോട്ടോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. തയാറെടുപ്പ് തുടങ്ങി തിരഞ്ഞെടുപ്പിനുള്ള തയാറെടുപ്പുകൾ ആരംഭിച്ചു. ബൂത്തുകമ്മിറ്റികൾ സജീവമാക്കിക്കൊണ്ടിരിക്കുന്നു. ഇതോടൊപ്പം ഭവന സന്ദർശനങ്ങളും തുടങ്ങി. പ്രദേശിക തലങ്ങളിലും ലോക്കൽ കമ്മിറ്റികളിലും കുടുംബ സംഗമങ്ങൾ നടത്തും. രണ്ടാഴ്ചയ്ക്കുള്ളിൽ അവ പൂർത്തിയാക്കും. ആർ.നാസർ, സി.പി.എം ജില്ലാസെക്രട്ടറി ചിട്ടയായ പ്രവർത്തനം തിരഞ്ഞെടുപ്പിന്റെ ഭാഗമായി ബൂത്ത് കമ്മിറ്റികളും മറ്റും നേരത്തേതന്നെ രൂപീകരിച്ചു. ഭവന സന്ദർശനങ്ങൾ അടുത്തദിവസം ആരംഭിക്കും. കെ.പി.സി.സി പ്രസിഡന്റിന്റെ ജാഥ ജില്ലയിലെത്തുന്നതോടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ സജീവമാകും. എം.ലിജു, ഡി.സി.സി പ്രസിഡന്റ് ബി.ഡി.ജെ.എസ് കരുത്താകും ബൂത്ത് കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തനം ചിട്ടപ്പെടുത്താനുള്ള തയാറെടുപ്പുകൾ ആരംഭിച്ചു. ബി.ഡി.ജെ.എസിന്റെ ശക്തമായ പ്രവർത്തനവും ശബരിമല വിഷയവുമെല്ലാം തിരഞ്ഞെടുപ്പിൽ കാര്യമായ ചലനമുണ്ടാക്കും. ഇത് അനുകൂല ഘടകമാകും. കെ.സോമൻ, ബി.ജെ.പി ജില്ലാ പ്രസിഡന്റ്