തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ബി.ജെ.പി നടത്തുന്നത് പോലെ നാമജപ ഘോഷയാത്ര നടത്തേണ്ട പാർട്ടിയല്ല കോൺഗ്രസെന്ന് വി.ഡി.സതീശൻ എം.എൽ.എ പറഞ്ഞു. കോൺഗ്രസിന് അതിന്റേതായ പാരമ്പര്യവും വഴികളുമുണ്ട്. ശബരിമല വിഷയത്തിൽ പാർട്ടി നിലപാടല്ല തനിക്കുള്ളത്. ഇക്കാര്യത്തിൽ കോൺഗ്രസ് ആൾക്കൂട്ടത്തിന് പുറകേ പോകരുതെന്നാണ് തന്റെ നിലപാടെന്നും അദ്ദേഹം ഒരു മലയാള പ്രസിദ്ധീകരണത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നു. പൊതുസമൂഹത്തിൽ നിലനിൽക്കുന്ന സ്ത്രീ വിരുദ്ധ നിലപാട് മാറണമെന്നാണ് തന്റെ ആഗ്രഹം. ഇതിന് സമാനമായ അഭിപ്രായമുള്ള ഒരുപാട് പേർ ഇപ്പോഴും പാർട്ടിയിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാർട്ടിയിൽ ഏറെ ചർച്ച ചെയ്‌ത ശേഷമാണ് ശബരിമല വിഷയത്തിൽ വിശ്വാസി സമൂഹത്തിന് അനുകൂലമായ നിലപാട് സ്വീകരിച്ചത്. കോടതി വിധിക്ക് അനുകൂലമായ പ്രതികരണമാണ് ചില കോൺഗ്രസ് നേതാക്കളിൽ നിന്നുണ്ടായത്. പാർട്ടിക്കുള്ളിൽ തന്നെ ഇക്കാര്യത്തിൽ വ്യത്യസ്‌ത അഭിപ്രായങ്ങളുണ്ട്. കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി ഇക്കാര്യത്തിൽ വ്യത്യസ്തമായ ഒരു അഭിപ്രായമാണ് പറഞ്ഞത്. കേരളത്തിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യം ചൂണ്ടിക്കാട്ടിയപ്പോൾ സംസ്ഥാന ഘടകത്തിന് പ്രത്യേകമായി തീരുമാനം എടുക്കാൻ അനുവദിച്ചു. ബി.ജെ.പി ഈ വിഷയം ആളിക്കത്തിക്കുമെന്ന കാര്യം കോൺഗ്രസിന്റെ രാഷ്ട്രീയ കാര്യ സമിതിയിൽ ചർച്ച ചെയ‌്തുവെന്നും അദ്ദേഹം വ്യക്തമാക്കി.
സ്ത്രീ സമത്വം ഉയർത്തിപ്പിടിക്കുക എന്നതാണ് കോൺഗ്രസിന്റെ അടിസ്ഥാന തത്വം. താനും ഇതേ നിലപാടുകാരനാണ്. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയൻ ശബരിമല വിഷയം കൈകാര്യം ചെയ‌്‌ത രീതി ശരിയായില്ല. സമൂഹത്തിൽ വർഗീയതയുണ്ടാക്കുകയെന്ന ബി.ജെ.പിയുടെ രഹസ്യ അജണ്ടയ്‌ക്ക് വെള്ളവും വളവും കൊടുക്കുകയാണ് സർക്കാർ ചെയ്‌തത്. സർക്കാരിന്റെ നടപടികളുടെ നേട്ടം കിട്ടിയത് ബി.ജെ.പിക്കാണ്. വിഷയത്തിൽ ബി.ജെ.പിയുടെ മുതലെടുപ്പ് തടയാനാണ് കോൺഗ്രസ് ഇത്തരത്തിൽ നിലപാടെടുത്തതെന്നും വി.ഡി.സതീശൻ കൂട്ടിച്ചേർത്തു.