mamtha-banarjee

ന്യൂഡൽഹി: ചിട്ടി തട്ടിപ്പ് കേസ് അന്വേഷിക്കാനെത്തിയ സി.ബി.ഐ ഉദ്യോഗസ്ഥരെ തടഞ്ഞ സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കൊൽകത്ത പൊലീസിനോട് വിശദീകരണം തേടി. തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് അന്വേഷണത്തിനെത്തിയ സി.ബി.ഐ ഉദ്യോഗസ്ഥരെ തടഞ്ഞ ഐ.പി.എസ് ഉദ്യോഗസ്ഥരുടെ പട്ടിക സമർപ്പിക്കാൻ ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ടു. ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് ഗവർണറെ ഫോണിൽ വിളിച്ച് സംസ്ഥാനത്തെ സ്ഥിതിഗതികൾ അന്വേഷിച്ചിരുന്നു.

ബംഗാൾ സർക്കാർ നടപടിക്കെതിരെ സിബിഐ സമർപ്പിച്ച ഹർജി സുപ്രീംകോടതി നാളെ പരിഗണിക്കും. ഇന്നുതന്നെ വാദം കേൾക്കണമെന്ന സിബിഐയുടെ ആവശ്യം കോടതി തള്ളുകയായിരുന്നു. ബംഗാളിൽ അസാധാരണ സാഹചര്യമാണെന്നു സോളിസിറ്റർ ജനറൽ അറിയിച്ചെങ്കിലും തെളിവു ഹാജരാക്കണമെന്ന് ചീഫ് ജസ്റ്റിസ് നിർദേശിച്ചു. ബംഗാൾ ഡിജിപിക്കും ചീഫ് സെക്രട്ടറിക്കുമെതിരെയാണു സിബിഐ കോടതിയെ സമീപിച്ചത്.എന്നാൽ തങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെയായിരുന്നു സി.ബി.ഐയുടെ നടപടി എന്നായിരുന്നു ബംഗാൾ സർക്കാരിന്റെ നിലപാട്.

2014മേയ് 9നാണ് കേസ് സി.ബി.ഐയെ ഏൽപ്പിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടത്. സിബിഐക്കു പുറമെ ബംഗാൾ സർക്കാരും സുപ്രീംകോടതിയെ സമീപിക്കും. അഭിഷേക് സിങ്‌വിയാകും സർക്കാരിനുവേണ്ടി ഹാജരാകുന്നത്. അതേസമയം, ഭരണഘടനയെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി നടത്തുന്ന സത്യഗ്രഹം തുടരുകയാണ്. അരവിന്ദ് കെജ്‌രിവാളും തേജസ്വി യാദവും കൊൽക്കത്തയിലേക്കു തിരിച്ചു. ഭരണഘടനയും ഫെഡറലിസവും സംരക്ഷിക്കുന്നതിനാണു സമരമെന്ന് മമത ബാനർജി പറഞ്ഞു.