കോഴിക്കോട്: ശാരദ ചിട്ടി തട്ടിപ്പുകേസ് അന്വേഷണം ശരിയായ രീതിയിൽ മുന്നോട്ടുപോകണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. മമത ബാനർജി ഉൾപ്പെടെയുള്ള നിരവധി തൃണമൂൽ കോൺഗ്രസുകാർ കേസിൽ ഉൾപ്പെട്ടിട്ടുണ്ട്. എന്നാൽ കേന്ദ്ര അന്വേഷണ ഏജൻസികളെ ബി.ജെ.പി തെറ്റായി ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഇതുവരെ മമതാബാനർജിയും ബി.ജെ.പിയും ഒത്തുകളിക്കുയായിരുന്നു. എന്നാൽ ഇപ്പോൾ മമതാബാനർജി ബി.ജെ.പിക്ക് ഒപ്പം നിൽക്കില്ലെന്ന് വ്യക്തമായപ്പോഴാണ് റെയ്ഡ് നടത്തിയത്. കെ.പി.സി.സി ജാഥ നടത്തുന്നത് സി.പി.എം വിരുദ്ധ മനോഭാവം ജനങ്ങളിലുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സി.പി.എമ്മിനെതിരായ പ്രചാരണം ശക്തിപ്പെടുത്തി ബി.ജെ.പി അണികളെ ആകർഷിക്കാൻ ശ്രമിക്കുകയാണ്. കേരളത്തിൽ കോൺഗ്രസിന്റെയും ബി.ജെ.പിയുടെയും ശത്രു സി.പി.എമ്മാണ്. വിശ്വാസത്തിന്റെ പേരിൽ രണ്ട് കൂട്ടരും ഒന്നിച്ചു. ചില മണ്ഡലങ്ങളിൽ ഇപ്പോൾ തന്നെ കോൺഗ്രസ് നേതാക്കന്മാർ ആർ.എസ്.എസുമായി രഹസ്യ ബന്ധം ഉണ്ടാക്കിയിട്ടുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.