kodiyeri

കോഴിക്കോട്: എൻ.എസ്.എസിന്റെ അണികളെ അണിനിരത്തി നേതൃത്വത്തിന്റെ രാഷ്ട്രീയ നിലപാടുകളെയും കമ്മ്യൂണിസ്റ്റ് വിരുദ്ധതയെയും ജനമദ്ധ്യത്തിൽ തുറന്ന് കാട്ടുമെന്നും നിഴൽയുദ്ധം തങ്ങളോട് വേണ്ടെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.

വളഞ്ഞ വഴിയിലൂടെയുള്ള ആക്രമണം വേണ്ട. രാഷ്ട്രീയ നിലപാട് നേരിട്ട് പറയുന്നതായിരിക്കും സുകുമാരൻ നായർക്ക് നല്ലത്. രാഷ്ട്രീയത്തിൽ ഇടപെടണമെങ്കിൽ അവർ രാഷ്ട്രീയ പാർട്ടി രൂപീകരിക്കണം. എൻ.എസ്.എസ് നേതൃത്വത്തിന്റെ വിരട്ടലിന് സി.പി.എം വിധേയമാകില്ലെന്ന് അദ്ദേഹം കോഴിക്കോട്ട് പറഞ്ഞു.

ശബരിമലയ വിഷയത്തിൽ കോടതിയിൽ നിന്നുണ്ടായ തിരിച്ചടിയിൽ നിന്ന് രക്ഷപ്പെടാനും തങ്ങളെടുത്ത നിലപാടാണ് ശരിയാണെന്ന് കാണിക്കാനുമുള്ള ശ്രമമാണ് എൻ.എസ്.എസ് നടത്തിയിരുന്നത്. എന്നാൽ ഇപ്പോൾ സ്വീകരിക്കുന്ന പരസ്യമായ രാഷ്ട്രീയ നിലപാട് സമുദായ അംഗങ്ങൾക്ക് ഇഷ്ടപ്പെടില്ല. ഇത് എൻ.എസ്.എസ് നേതൃത്വത്തിന് തിരിച്ചടിയാകും. രാഷ്ട്രീയത്തിൽ ഇടപെടാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അവർ രാഷ്ട്രീയ പാർട്ടി രൂപീകരിച്ച് പ്രവർത്തിക്കണം. യു.ഡി.എഫിന്റെ കൂടെയാണോ, ബി.ജെ.പിയുടെ കൂടെയാണോ എന്ന് അവർ തുറന്ന് പറയട്ടെ.

വിരട്ടലിന്റെ മുമ്പിലും ഭയപ്പെടുത്തിലിന്റെ മുമ്പിലും സി.പി.എം വിധേയരാകില്ല.

നേരത്തേ അവർ എൻ.ഡി.പി എന്ന രാഷ്ട്രീയ പാർട്ടി ഉണ്ടാക്കിയിരുന്നു. കേരളത്തിൽ ഏറ്റവും കൂടുതൽ അഴിമതി നടത്തിയ പാർട്ടിയായിരുന്നു എൻ.ഡി.പി. എൻ.എസ്.എസിന്റെ കമ്മ്യൂണിസ്റ്റ് വിരുദ്ധ നിലപാടിനെ അവരുടെ അണികൾ തന്നെ തള്ളിക്കളയും. വോട്ടർമാരായതുകൊണ്ടാണ് എൻ.എസ്.എസ് നേതാക്കളെയും എസ്.എൻ.ഡി പി നേതാക്കളെയും സമീപിക്കുന്നത്. വോട്ടർമാർ എന്ന നിലയിൽ എല്ലാവരെയും കാണും. അത് രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമാണ്.