കാസർകോട്: കോൺഗ്രസിനെ ജയിപ്പിച്ചു ബി.ജെ.പിയെ താഴെയിറക്കാനാവില്ലെന്ന കോടിയേരിയുടെ പ്രസ്താവന ആപത്കരമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. കാസർകോട്ട് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ പ്രസ്താവനയുടെ അർത്ഥം എന്താണെന്ന് സി.പി.എമ്മിനോടും കേരളീയ പൊതുസമൂഹത്തോടും ചോദിക്കുകയാണ്. ബി.ജെ.പിയെ സഹായിക്കാനല്ലാതെ ഈ പ്രസ്താവന കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് സി.പി.എം വ്യക്തമാക്കണം. കേരളത്തിലെ സി.പി.എം ഇപ്പോഴും അന്തമായ കോൺഗ്രസ് വിരോധത്തിന്റെ തടവറയിലാണ്. ആയിരം ദിവസം പൂർത്തിയാക്കുന്ന സർക്കാരിന്റെ അമരക്കാരനടക്കമുള്ളവരുടെ പ്രവർത്തനങ്ങൾ സംഘപരിവാർ മനസുള്ള ആളുകൾക്ക് കാണിക്കാൻ പറ്റുന്ന തരത്തിലാണ്. കഴിഞ്ഞ ദിവസം പിണറായി പറഞ്ഞത്, കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷി ആയാലും കേന്ദ്രത്തിൽ ഭരണകൂടം ഉണ്ടാക്കാൻ കഴിയില്ല എന്നാണ്. ചിന്തിക്കാൻ കഴിവുള്ളവർക്ക് ഇതുവായിച്ചാൽ മനസിലാകുക ബി.ജെ.പി വീണ്ടും അധികാരത്തിൽ എത്താൻ ആഗ്രഹിക്കുന്നു എന്നാണ്.

ഗോവയിലും മണിപ്പൂരിലും എന്തുകൊണ്ട് മന്ത്രിസഭകൾ രൂപീകരിച്ചില്ല എന്നാണു കോടിയേരി ചോദിക്കുന്നത്. അവിടങ്ങളിൽ രാഷ്ട്രീയ കുതിരക്കച്ചവടങ്ങൾ നടന്നപ്പോൾ അത് അംഗീകരിക്കാൻ തയ്യാറായില്ല എന്നു പറയാൻ സി.പി.എം നേതൃത്വം എന്തുകൊണ്ട് തയ്യാറായില്ലെന്ന് വ്യക്തമാക്കണം. കർണാടകയിൽ കോൺഗ്രസിനു കൂടുതൽ സീറ്റ് ലഭിച്ചിട്ടും എന്തുകൊണ്ട് ജനതാദളിനെ ഭരണസാരഥ്യം ഏൽപ്പിച്ചു എന്ന ചോദ്യത്തിനും മറുപടി വ്യക്തമാണ്. ഒരു ഫാസിസ്റ്റ് ഭരണത്തെ ഭരണത്തിൽ നിന്നു ഒഴിവാക്കുക എന്നതാണ് കോൺഗ്രസിന്റെ പ്രത്യക്ഷ നിലപാട്. അല്ലെങ്കിൽ അവിടെ അധികാരത്തിൽ വരുന്നത് സംഘപരിവാർ ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ്, കെ. നീലകണ്ഠൻ, ഹക്കീം കുന്നിൽ എന്നിവരും ഒപ്പമുണ്ടായിരുന്നു.