rcom

ന്യൂഡൽഹി: കടക്കെണിയിൽപ്പെട്ട് വലയുന്ന റിലയൻസ് കമ്മ്യൂണിക്കേഷൻസിന്റെ (ആർകോം)​ ഓഹരികൾ ഇന്നലെ സർവകാല താഴ്‌ചയിലേക്ക് തകർന്നടിഞ്ഞു. മുംബയ് ആസ്ഥാനമായുള്ള ടെലികോം കമ്പനിയായ ആർകോം 2017 മാർച്ചിലെ കണക്കുപ്രകാരം ബാങ്കുകൾക്ക് വായ്‌പാ ഇനത്തിൽ 700 കോടി ഡോളർ (ഏകദേശം 50,​000 കോടി രൂപ)​ തിരിച്ചടയ്‌ക്കാനുണ്ട്.

ഓഹരികൾ വിറ്റഴിച്ച് കടംവീട്ടാനുള്ള നീക്കം തുടർച്ചയായി പരാജയപ്പെട്ട സാഹചര്യത്തിലാണ് ആർകോം മേധാവി അനിൽ അംബാനി കഴിഞ്ഞ ദിവസം നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിൽ (എൻ.സി.എൽ.ടി)​ പാപ്പരത്ത ഹർജി നൽകിയത്. ഇതോടെ,​ ആർകോം ഓഹരികൾ ഇന്നലെ എൻ.എസ്.ഇയിൽ 54.3 ശതമാനം വരെ ഇടിഞ്ഞു. കഴിഞ്ഞവാരം 11.60 രൂപയായിരുന്ന മൂല്യം ഇന്നലെ 5.30 രൂപവരെ താഴ്‌ന്നു. വ്യാപാരാന്ത്യം മൂല്യം 7.55 രൂപയിലാണുള്ളത്.

ടെലികോം രംഗത്ത് നിരക്കിളവിന്റെയും സൗജന്യ ഓഫറുകളുടെയും വിപ്ളവം സൃഷ്‌ടിച്ച് ജ്യേഷ്‌ഠൻ മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ 2016ൽ അവതരിച്ചതോടെയാണ് അനിൽ അംബാനിയുടെ റിലയൻസ് കമ്മ്യൂണിക്കേഷൻസിന്റെ തകർച്ച ശക്തമായത്. ഉപഭോക്താക്കൾ കൂട്ടത്തോടെ കൂടൊഴിഞ്ഞതോടെ വയർലെസ് ബിസിനസ് ആർകോമിന് അവസാനിപ്പിക്കേണ്ടി വന്നു. തുടർന്ന് ജിയോയ്‌ക്കും കാനഡയിലെ ബ്രൂക്ക്‌ഫീൽഡ് കമ്പനിക്കും ആസ്‌തികൾ വിറ്റഴിച്ച്,​ കടം വീട്ടാൻ അനിൽ അംബാനി ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.

ടെലികോം ഉപകരണ നിർതാക്കാളായ സ്വീഡിഷ് കമ്പനി എറിക്‌സണ് 3,000 കോടിയോളം രൂപ ആർകോം നൽകാനുണ്ടായിരുന്നു. ഈ ബാദ്ധ്യത തീർക്കാതെ ഓഹരി വിറ്രൊഴിയാൻ ആർകോമിനെ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് എറിക്‌സൺ കോടതിയെയും സമീപിച്ചു. ഓഹരി വില്‌പനയ്ക്ക് ടെലികോം മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാത്തതും ആർകോമിന് തിരിച്ചടിയായി. ഈ പശ്‌ചാത്തലത്തിലാണ് അനിൽ അംബാനി പാപ്പരത്ത ഹർജി നൽകിയത്.