പത്ത് ലക്ഷം ശതമാനം പണപ്പെരുപ്പം എന്നത് ഇന്നുവരെ ഒരു രാജ്യത്തും കേട്ടുകേൾവി ഇല്ലാത്ത സംഭവമാണ്. നിക്കൊളാസ് മഡുറോ ഭരണം കയ്യാളുന്ന വെനസ്വേലയിൽ അതും സംഭവിച്ചിരിക്കുന്നു. ലോകത്ത് ഏറ്റവും കൂടുതൽ എണ്ണ ശേഖരമുള്ള ഈ രാജ്യത്തിന്റെ ഇപ്പോഴത്തെ അവസ്ഥ പരിതാപകരമാണ്.
രാഷ്ട്രീയ പ്രക്ഷോഭത്തിന്റെ തീച്ചൂളയായി മാറിയിരിക്കുകയാണ് വെനസ്വേല. പ്രതിപക്ഷത്തിന്റെ ആഹ്വാനത്തെ തുടർന്ന് പതിനായിരക്കണക്കിന് ജനങ്ങളാണ് തെരുവിലിറങ്ങിയിരിക്കുന്നത്. പ്രക്ഷോഭങ്ങൾക്കിടയിലാണ് പാർലമെന്റായ നാഷണൽ അസംബ്ലിയുടെ അദ്ധ്യക്ഷനായ വാൻ ഗയ്ദോ വളരെ നാടകീയമായിട്ട് ജനുവരി 23-ന് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്നുവെന്ന് ജനമദ്ധ്യത്തിൽ പ്രഖ്യാപിച്ചത്. ഗയ്ദോയുടെ സ്വയം അവരോധിക്കലിന്റെ ചൂടാറും മുമ്പ് അമേരിക്ക അദ്ദേഹത്തെ പ്രസിഡന്റായി അംഗീകരിച്ചു. ഡൊണാൾഡ് ട്രംപ് അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ചു. തൊട്ടുപിറകെ ബ്രസീൽ, കാനഡ, ചിലി, കൊളംബിയ, പെറു തുടങ്ങിയ രാജ്യങ്ങളും യൂറോപ്യൻ യൂണിയൻ പാർലമെന്റും അദ്ദേഹത്തെ അംഗീകരിച്ചു. എന്നാൽ പഴയ സോഷ്യലിസറ്റ് ബന്ധത്തിന്റെ അടിസ്ഥാനത്തിൽ റഷ്യയും ചൈനയും ക്യൂബയും നിക്കൊളാസ് മഡുറോയ്ക്ക് പിന്തുണ പ്രഖ്യാപിക്കുകയും പ്രസിഡന്റായി ഗയ്ദോയെ അംഗീകരിച്ച അമേരിക്കയെ ശക്തമായി വിമർശിക്കുകയും ചെയ്തു.
ആരാണ് വാൻ ഗയ്ദോ?
ഒരു മാസം മുമ്പു വരെ വാൻ ഗയ്ദോയെ പുറംലോകം അറിഞ്ഞിരുന്നില്ല. പ്രതിപക്ഷ സഖ്യത്തിന്റെ മുതിർന്ന നേതാക്കളെയെല്ലാം മഡുറോ ഭരണകൂടം ജയിലിൽ അടച്ചപ്പോഴാണ് പ്രതിപക്ഷത്തിന് ഭൂരിപക്ഷമുള്ള നാഷണൽ അസംബ്ലിയുടെ അദ്ധ്യക്ഷനായി 35-കാരനായ ഗയ്ദോ 2018 ഡിസംബറിൽ തിരഞ്ഞെടുക്കപ്പെട്ടത്. കരീബിയൻ തീരത്തുള്ള ലാഗയ്റായിലാണ് അദ്ദേഹം ജനിച്ചത്. പിതാവ് എയർലൈൻ കമ്പനി പൈലറ്റും മാതാവ് അദ്ധ്യാപികയുമാണ്. ഇൻഡസ്ട്രിയൽ എൻജിനിയറിംഗ് യോഗ്യതയുള്ള ഗയ്ദോ പബ്ളിക് അഡ്മിനിസ്ട്രേഷനിൽ അമേരിക്കയിലെ ജോർജ് വാഷിംഗ്ടൺ സർവകലാശാലയിൽ നിന്നും ബിരുദനന്തര ബിരുദവും നേടിയിട്ടുണ്ട്. വിദ്യാർത്ഥി രാഷ്ട്രീയത്തിലും സജീവമായിരുന്നു ഇദ്ദേഹം. പോപ്യുലർ വിൽ എന്ന പ്രതിപക്ഷ പാർട്ടി 2009-ൽ അദ്ദേഹവും കൂടി ചേർന്നാണ് രൂപികരിച്ചത്. അന്ന് പ്രസിഡന്റായിരുന്ന ഹ്യൂഗോ ഷാവേസിനെതിരെ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. 2010-ൽ നാഷണൽ അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. എന്നാൽ നാഷണൽ അസംബ്ലിയുടെ അദ്ധ്യക്ഷനായതോടെയാണ് ഇദ്ദേഹം പ്രതിപക്ഷ രാഷ്ട്രീയസഖ്യത്തിന്റെ മുൻനിരയിലേക്ക് എത്തിയത്.
പ്രതിപക്ഷ പ്രക്ഷോഭം
കഴിഞ്ഞ കുറെനാളുകളായി പ്രതിപക്ഷകക്ഷികൾ മഡുറോയ്ക്കെതിരെ ശക്തമായ പ്രക്ഷോഭത്തിലാണ്. നിക്കൊളാസ് മഡുറോയുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് അവർ ആരംഭിച്ച പ്രക്ഷോഭം പലപ്പോഴും അക്രമാസക്തമായി മാറുകയും സായുധ സൈന്യവുമായുള്ള ഏറ്റുമുട്ടലുകളിൽ എത്തിച്ചേരുകയുമാണ് പതിവ്. പ്രതിപക്ഷത്തിന് ഭൂരിപക്ഷമുള്ള നാഷണൽ അസംബ്ലിയുടെ അധികാരത്തിൽ കൈകടത്താൻ സുപ്രീംകോടതി തീരുമാനിച്ചപ്പോഴാണ് അക്രമാസക്തമായ പ്രക്ഷോഭങ്ങൾക്ക് പ്രതിപക്ഷം തുടക്കം കുറിച്ചത്. പ്രക്ഷോഭം രാജ്യമാസകലം വ്യാപിച്ചതോടെ നാഷണൽ അസംബ്ലിയുടെ അധികാരം തിരികെ നൽകാൻ സുപ്രീംകോടതി തീരുമാനിച്ചു.
പ്രക്ഷോഭത്തിന്റെ തീവ്രത അല്പം കുറഞ്ഞപ്പോഴാണ് 2018 മേയിൽ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് മഡുറോ പ്രഖ്യാപിച്ചത്. ഒരു വർഷം കൂടി കാലാവധിയുണ്ടായിരുന്ന അവസരത്തിലാണ് പ്രതിപക്ഷ നേതാക്കളെയെല്ലാം വിവിധ കേസുകളിൽപ്പെടുത്തി ജയിലിലടച്ചശേഷം മഡുറോ തിരഞ്ഞെടുപ്പ് നടത്തിയത്. 2013-ൽ 80 ശതമാനം പേർ വോട്ടെടുപ്പിൽ പങ്കെടുത്തപ്പോൾ, 2018-ലെ തിരഞ്ഞെടുപ്പിൽ 46 ശതമാനം പേർ മാത്രമാണ് പങ്കെടുത്തത്. സർക്കാർ സംവിധാനമുപയോഗിച്ച് തിരഞ്ഞെടുപ്പ് അട്ടിമറിക്കുകയായിരുന്നെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. അതോടെ ജനാധിപത്യ വിരുദ്ധമായി നടത്തിയ തിരഞ്ഞെടുപ്പ്റദ്ദാക്കി പുതിയ തിരഞ്ഞെടുപ്പ്നടത്തണമെന്നായി പ്രതിപക്ഷ പ്രക്ഷോഭത്തിന്റെ പ്രധാന മുദ്രാവാക്യം. പ്രക്ഷോഭങ്ങളിലും വെടിവയ്പ്പിലും നിരവധി പേരാണ് കൊല്ലപ്പെട്ടത്. പ്രതിപക്ഷ പ്രക്ഷോഭത്തിൽ ഉയർന്നുവരുന്ന മറ്റൊരു ആവശ്യം അനിയന്ത്രിതമായ വിലക്കയറ്റവും അവശ്യവസ്തുക്കളുടെയും ജീവൻരക്ഷാ ഔഷധങ്ങളുടെയും ദൗർലഭ്യവുമാണ്. 2016 രണ്ടാം പാദത്തിൽ 600 ശതമാനമായിരുന്ന വിലകയറ്റം 2017-ൽ 2000 ശതമാനവും 2018 ഡിസംബറിൽ 10 ലക്ഷം ശതമാനവുമായി മാറി. ആഹാരത്തിനായി ജനം നെട്ടോട്ടമോടുകയാണ്. രാജ്യത്തിന്റെ വരുമാനത്തിന്റെ 85 ശതമാനവും എണ്ണ കയറ്റുമതിയിൽ നിന്നാണ്. എണ്ണയുത്പാദനം കുറഞ്ഞതും എണ്ണവിലയിടിവും സമ്പദ്ഘടന തകർത്തു. വിദേശ രാജ്യങ്ങളിൽ നിന്നും അവശ്യ സാധനങ്ങൾ ഇറക്കുമതി ചെയ്യാനുള്ള വിദേശനാണ്യം ഖജനാവിലില്ല. ഇപ്പോഴത്തെ രീതിയിലാണ് രാജ്യത്തെ വിലക്കയറ്റം പോകുന്നതെങ്കിൽ 2019 അവസാനമാകുമ്പോഴേക്കും വിലക്കയറ്റം ഒരു കോടി ശതമാനമാകുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ പ്രവചിക്കുന്നത്.
ജീവൻ നിലനിറുത്താനും കടുത്ത ദാരിദ്ര്യത്തിൽ നിന്നും തൊഴിലില്ലായ്മയിൽ നിന്നും രക്ഷനേടാനുമായി ജനങ്ങൾ അയൽരാജ്യങ്ങളിലേക്ക് പലായനം ചെയ്തു കൊണ്ടിരിക്കുന്നു. ഏറ്റവും കൂടുതൽ ജനങ്ങൾ കൊളംബിയയിലേക്ക് പാലായനം ചെയ്തത്. പത്ത് ലക്ഷം പേരാണ് കൊളംബിയയിൽ ഇതിനോടകം എത്തിയത്. പെറുവിലേയ്ക്ക് 5,00,000 പേരും, ഇക്വഡോറിലേക്ക് 2,20,000 പേരും, അർജൻറ്റിന, ചിലി എന്നീ രാജ്യങ്ങളിലേയ്ക്ക് 1,20,000-ഒളം പേരുമാണ് രക്ഷപ്പെട്ടത്. ഏകദേശം മുപ്പത് ലക്ഷത്തോളം പേരാണ് വിവിധ രാജ്യങ്ങളിൽ അഭയം തേടിയത്.
സൈനിക ഇടപെടലിന് അമേരിക്ക തയ്യാറാകുമോ?
വെനസ്വേലയുടെ സോഷ്യലിസറ്റ് ഭരണക്രമത്തെ അതിശക്തമായി എതിർക്കുന്ന അമേരിക്ക, കിട്ടാവുന്ന അവസരങ്ങളിലൊക്കെ മഡുറോയ്ക്കെതിരെ പ്രതിപക്ഷത്തിന് എല്ലാവിധ പിന്തുണയും നൽകുന്നുണ്ട്. താത്കാലികമായി പ്രസിഡന്റ് സ്ഥാനം എറ്റടുത്ത വാൻ ഗയ്ദോയ്ക്കും ശക്തമായ പിന്തുണയാണ് അമേരിക്ക പ്രഖ്യാപിച്ചിട്ടുള്ളത്. വെനസ്വേലയെ സാമ്പത്തികമായി വരിഞ്ഞുമുറുക്കുകയെന്ന ലക്ഷ്യത്തോടെ സാമ്പത്തിക ഉപരോധവും അമേരിക്ക പ്രഖ്യാപിച്ചു. പ്രതിപക്ഷപ്രക്ഷോഭത്തെ സൈനികരെ ഉപയോഗിച്ച് അടിച്ചമർത്തിയാൽ, അമേരിക്കയുടെ സൈനിക ഇടപെടലുണ്ടാകുമെന്ന് അമേരിക്കയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടനും, പ്രസിഡന്റ് ഡൊണാൾഡ് ട്രംപും മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. നിലവിലെ സാഹചര്യത്തിൽ ഇതൊരു ഭീഷണിപ്പെടുത്തൽ മാത്രമായി നിലനിൽക്കാനാണ് സാധ്യത. അഫ്ഗാനിസ്ഥാനിൽ നിന്നും സിറിയയിൽ നിന്നും സൈനികരെ പിൻവലിക്കാൻ തിടുക്കം കൂട്ടുന്ന അമേരിക്ക, സൈനികരെ നേരിട്ടിറക്കി പുതിയൊരു യുദ്ധമുഖം തുറക്കാനുള്ള സാദ്ധ്യത കുറവാണ്. അതിനാൽ, മഡുറോയ്ക്ക് തത്്കാലം ഭരണം തുടരാൻ തടസമില്ല. എന്നാൽ പ്രക്ഷോഭങ്ങളും, സമ്പദ് വ്യവസ്ഥയുടെ തകർച്ചയും പരിഹാരമില്ലാതെ തുടർന്നാൽ, സൈനികരിലും ഒരു വിഭാഗം മഡുറോയ്ക്കെതിരെ തിരിയാനുള്ള സാധ്യത അമേരിക്ക കാണുന്നു. അങ്ങനെ സംഭവിച്ചാൽ, മഡുറോയെ ഭരണത്തിൽ നിന്നും നിഷ്കാസിതനാക്കാനായി അതൃപ്തരായ സൈനികരെ ഉപയോഗിച്ച് നീങ്ങാനുള്ള ശ്രമം അമേരിക്കയുടെ ഭാഗത്ത് നിന്നുമുണ്ടാകും. ഇതൊഴിവാക്കാൻ ഐക്യരാഷ്ട്രസഭയുടെയോ അല്ലെങ്കിൽ മറ്റ് ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളുടെയോ നേതൃത്വത്തിൽ പ്രക്ഷോഭകരുമായി ചർച്ച നടത്തി ഭരണപ്രതിസന്ധി പരിഹരിക്കാൻ മഡുറോ തയ്യാറാകണം. മറ്റൊരു പരിഹാരം, പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജിവച്ച്, വീണ്ടും തിരഞ്ഞെടുപ്പു നടത്തുകയെന്നതാണ്. ഇതിൽ ഏത് മാർഗമാണ് മഡുറോ തെരഞ്ഞെടുക്കുന്നത് എന്നതിനെ ആശ്രയിച്ചാണ് വെനസ്വേലയുടെ ഭാവി.
( ലേഖകന്റെ ഫോൺ: 9847173177)