anna-hazare-against-bjp

ന്യൂഡൽഹി: 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് വിജയത്തിന് വേണ്ടി ബി.ജെ.പിയും ആം ആദ്‌മി പാർട്ടിയും തന്നെ ഉപയോഗിച്ചെന്ന വെളിപ്പെടുത്തലുമായി അണ്ണാ ഹസാരെ രംഗത്തെത്തി. ലോക്‌പാൽ ബിൽ നടപ്പിലാക്കുക, രാജ്യത്ത് നിന്നും അഴിമതി തുടച്ച് നീക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തുന്ന നിരാഹാരത്തിന്റെ ആറാം ദിവസമാണ് അണ്ണാ ഹസാരെയുടെ വെളിപ്പെടുത്തൽ. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ വിവിധ വിഷയങ്ങളിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

2014ൽ താൻ നടത്തിയ സമരത്തിന്റെ ഫലമായാണ് ബി.ജെ.പിയും ആം ആദ്മി പാർട്ടിയും അധികാരത്തിൽ കയറിയതെന്ന് എല്ലാവർക്കും അറിയാം. ബി.ജെ.പി തന്നെ നന്നായി ഉപയോഗിച്ചു. മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. മഹാരാഷ്ട്രയിലെ സർക്കാരാകട്ടെ കള്ളങ്ങൾ മാത്രം പറയുന്നു. എത്ര കാലം ഇങ്ങനെ തുടരും. രാജ്യത്തെ ജനങ്ങളെ കേന്ദ്രസർക്കാർ തെറ്റിദ്ധരിപ്പിക്കുകയാണ്. തന്റെ ആവശ്യങ്ങളിൽ 90 ശതമാനവും അംഗീകരിച്ചെന്ന സർക്കാരിന്റെ അവകാശവാദവും തെറ്റാണ്. ഇപ്പോൾ കേന്ദ്രമന്ത്രിമാർ വന്ന് താൻ ഉന്നയിച്ച കാര്യങ്ങളിൽ ചർച്ച നടത്തുമെന്നാണ് ചിലർ പറയുന്നത്. എന്നാൽ ഇത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ മാത്രമേ ഉപകരിക്കൂയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിരാഹാര സമരം തുടങ്ങി ആറാം ദിവസമാണ് അണ്ണാ ഹസാരെ ഇക്കാര്യത്തിൽ ശക്തമായ പ്രതികരണവുമായി രംഗത്തെത്തിയതെന്നും ശ്രദ്ധേയമാണ്. താൻ ഉന്നയിച്ച കാര്യങ്ങളിൽ തീരുമാനമുണ്ടായില്ലെങ്കിൽ തനിക്ക് ലഭിച്ച പദ്മ പുരസ്‌ക്കാരങ്ങൾ തിരികെ നൽകുമെന്നും അണ്ണാ ഹസാരെ ഭീഷണി മുഴക്കിയിട്ടുണ്ട്.