maramon-convention

പത്തനംതിട്ട: 124-ാമത് മാരാമൺ കൺവെൻഷൻ 10ന് ആരംഭിക്കും. വനിതകളെ ഒഴിവാക്കിയുളള സായാഹ്ന യോഗങ്ങൾ ഇത്തവണ മുതൽ ഉണ്ടാവില്ല. വനിതകളെ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ വർഷം ഒരു വിഭാഗം ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇക്കാര്യം പരിഗണിക്കണമെന്ന് കോടതി ഉത്തരവിടുകയും ചെയ്തിരുന്നു. ശബരിമലയിലെ യുവതി പ്രവേശനം വലിയ ചർച്ചയായിരിക്കെ മാരാമണ്ണിലെ സായാഹ്ന യോഗങ്ങളിൽ വനിതകളെ പ്രവേശിപ്പക്കണമെന്ന് വീണ്ടും ആവശ്യമുയർന്ന പശ്ചാത്തലത്തിലാണ്, ആറരയ്ക്ക് തുടങ്ങിയിരുന്ന സായാഹ്ന യോഗങ്ങൾ വേണ്ടെന്നു വച്ചത്. പകരം വൈകിട്ട് അഞ്ചു മുതൽ ആറരവരെ നടക്കുന്ന യോഗങ്ങളിൽ എല്ലാവർക്കും പങ്കെടുക്കാം.

ശബരിമല വിധിയുടെ സാഹചര്യത്തിൽ, ലിംഗസമത്വം ഉറപ്പാക്കുന്നതിന് മാരാമൺ സായാഹ്ന യോഗങ്ങളിൽ വനിതകളെ പങ്കെടുപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മാർത്തോമ സഭയിലെ ഒരു വിഭാഗത്തിന്റെ പിന്തുണയുളള നവീകരണവേദി വീണ്ടും ഹൈക്കോടതിയെ സമീപിക്കാനിരിക്കുകയായിരുന്നു. വനിതകളെ പ്രവേശിപ്പക്കുന്നത് പരിഗണിക്കണമെന്ന കഴിഞ്ഞ വർഷത്തെ ഹൈക്കോടതി വിധി നടപ്പാക്കാത്തതിന് സർക്കാരിനെയും കൺവെൻഷൻ സംഘാടകരായ മാർത്തോമ സുവിശേഷ സംഘത്തെയും എതിർകക്ഷികളാക്കാനായിരുന്നു നീക്കം. ഇതിനിടെയാണ് സായാഹ്ന യോഗങ്ങൾ ഉപേക്ഷിച്ചത്. വനിതകളെ പ്രവേശിപ്പിച്ചില്ലെങ്കിൽ ഉണ്ടാകാവുന്ന പ്രതിഷേധവും കേസുകളും മുൻകൂട്ടി കണ്ടാണ് പുതിയ തീരുമാനം.

ലക്ഷക്കണക്കിന് ആളുകളെത്തുന്ന കൺവെൻഷന്റെ സായാഹ്ന യോഗങ്ങളിൽ സ്ത്രീകൾക്ക് മതിയായ സുരക്ഷ ഉറപ്പുവരുത്താൻ കഴിയാതിരുന്നതിനാലാണ് അവരെ വിലക്കിയതെന്ന് സുവിശേഷ സംഘം ജനറൽ സെക്രട്ടറി റവ. ജോർജ് എബ്രഹാം കൊറ്റനാട് പറഞ്ഞു.

പത്തിന് ഉച്ചയ്ക്ക് 2.30ന് മാർത്തോമ സഭ പരമാദ്ധ്യക്ഷൻ ഡോ.ജോസഫ് മാർത്തോമ മെത്രാപ്പൊലീത്ത കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. സുവിശേഷ പ്രസംഗ സംഘം പ്രസിഡന്റ് ഡോ. യുയാക്കിം മാർ കുറിലോസ് എപ്പിസ്കോപ്പ അദ്ധ്യക്ഷത വഹിക്കും. 11 മുതൽ 17 വരെ രാവിലെ ഏഴര മുതൽ എട്ടര വരെ സ്ത്രീകൾക്കും പുരുഷൻമാർക്കും ബൈബിൾ ക്ളാസുകളുണ്ടാകും. രാവിലെ പത്തിനും ഉച്ചയ്ക്ക് രണ്ടിനും വൈകിട്ട് അഞ്ചിനുമാണ് മറ്റ് യോഗങ്ങൾ. ആർച്ച് ബിഷപ്പ് ജോൺ ടക്കർ മുഗാബെ സെന്റാമു, ഡോ. ഡാനിയേ ഹോ (മലേഷ്യ), റവ. പ്രൊഫ. റെയ്മണ്ട് സിമംഗ കുമലോ (ദക്ഷിണാഫ്രിക്ക) എന്നിവരുൾപ്പെടെ എട്ട് സുവിശേഷ പ്രാസംഗികർ കൺവെൻഷനിൽ പങ്കെടുക്കും.