തിരുവനന്തപുരം: ഹൈടെക്ക് ലോകത്തെ ഇന്ദ്രജാലത്തിൽ സംസ്ഥാനത്തെ വിദ്യാലയങ്ങളും വിരൽത്തുമ്പിൽ. കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) തയ്യാറാക്കിയ 'സമേതം" ഓൺലൈൻ ഡേറ്റാ ബാങ്കിലൂടെയാണ് സ്‌കൂളുകളുടെ വിശദാംശങ്ങളടക്കം നിമിഷനേരം കൊണ്ട് പൊതുജനങ്ങൾക്ക് ദൃശ്യമാകുന്നത്. 'സമേതം" വഴി സംസ്ഥാനത്തെ ഏതു സ്‌കൂളിലെയും അടിസ്ഥാന വിവരങ്ങൾ ലഭ്യമാക്കാം. ഒന്നുമുതൽ 12 വരെയുള്ള 15441 സർക്കാർ - എയ്ഡഡ് - അൺ എയ്ഡഡ് സ്‌കൂളുകളാണ് 'സമേത"ത്തിലുള്ളത്. 20നകം പോർട്ടൽ ഔദ്യോഗികമാവും. www.sametham.kite.kerala.gov.in എന്നതാണ് വിലാസം.
പോർട്ടലിലെ വിവരങ്ങൾ
സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് മേഖലയിലെ സ്‌കൂളുകളുടെ തരംതിരിച്ചിട്ടുള്ള എണ്ണം കുട്ടികൾ, അദ്ധ്യാപകർ, അനദ്ധ്യാപകർ എന്നിവരുടെ എണ്ണം യൂസർഗൈഡ്, വീഡിയോ ട്യൂട്ടോറിയൽ സ്‌കൂളിന്റെ അടിസ്ഥാന വിവരങ്ങൾ, ഭൗതിക സൗകര്യം വിവിധ വിഭാഗങ്ങളിലെ അദ്ധ്യാപകരുടെയും ജീവനക്കാരുടെയും തസ്‌തികകളും പേരും ഓരോ ക്ലാസിലെയും കുട്ടികളുടെ എണ്ണം സ്‌കൂളിന്റെ ചരിത്രം, ക്ലബുകൾ, പ്രവർത്തനം, പ്രശസ്‌തരായ പൂർവ വിദ്യാർത്ഥികൾ, ദിനാചരണങ്ങൾ തുടങ്ങിയവ ചിത്രസഹിതമുള്ള സ്‌കൂളിന്റെ 'സ്‌കൂൾ വിക്കി" പേജിലേക്കും 'സമേത"ത്തിലൂടെ നേരിട്ട് പ്രവേശിക്കാം.
പ്രവർത്തനം പ്രത്യേകം ലോഗിൻ ചെയ്യാതെ വിഭാഗങ്ങൾ തിരിച്ചും ജില്ല തിരിച്ചും സ്‌കൂളുകളുടെ പേജിലെത്താം. സ്‌കൂളിന്റെ പേരോ, കോഡോ, സ്ഥലത്തിന്റെ പേരോ 'സെർച്ച്" ഭാഗത്ത് നൽകിയും സ്‌കൂളുകളിലെത്താം. ജില്ലാ, പാർലമെന്റ് അസംബ്ലി മണ്ഡലങ്ങൾ, ത്രിതല പഞ്ചായത്തുകൾ, വിദ്യാഭ്യാസ ജില്ല, ഉപജില്ല എന്നിങ്ങനെ തരംതിരിച്ച് സ്‌കൂളുകളെ മുഴുവനായും അഡ്വാൻസ്ഡ് സെർച്ചിലൂടെ കണ്ടെത്താം.
''സ്‌കൂളുമായി ബന്ധപ്പെട്ട ഡാറ്റ ലഭിക്കുന്നതിനായി വിവിധ ഓഫീസുകൾ കയറിയിറങ്ങേണ്ട സാഹചര്യം ഇല്ലാതാകും. വകുപ്പിന്റെ പ്രവർത്തനം കൂടുതൽ സുതാര്യമാക്കാനും 'സമേതം" വഴി സാധിക്കും.
- കെ. അൻവർ സാദത്ത്, കൈറ്റ് വൈസ് ചെയർമാൻ