തിരുവനന്തപുരം: ശബരിമലയിലെ യുവതീപ്രവേശനത്തിനെ തുടർന്ന് നടയടച്ച് ശുദ്ധിക്രിയ ചെയ്തത് തന്റെ ഉത്തരവാദിത്തമാണെന്ന് തന്ത്രി കണ്ഠരര് രാജീവരുടെ വിശദീകരണം. നടയടച്ച് ശുദ്ധിക്രിയ ചെയ്തതില്‍ വീഴ്ചയൊന്നും സംഭവിച്ചിട്ടില്ലെന്നും ദേവസ്വം ബോർഡിന് നൽകിയ വിശദീകരണത്തിൽ കണ്ഠരര് രാജീവര് അറിയിച്ചു. ചൊവ്വാഴ്ച ചേരുന്ന ബോർഡ് യോഗത്തിൽ തന്ത്രിയുടെ വിശദീകരണം പരിഗണനയ്ക്കെടുക്കും.
ശബരിമലയിലെ യുവതീപ്രവേശനത്തിന് പിന്നാലെ തന്ത്രി നടയടച്ച് ശുദ്ധിക്രിയ നടത്തിയതിൽ തന്ത്രിയോട് വിശദീകരണം ചോദിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചിരുന്നു. എന്നാൽ ശബരിമലയിൽ യുവതീപ്രവേശനം സ്ഥിരീകരിച്ചതോടെ ബോർഡ് അധികൃതരെ വിവരമറിയിച്ചെന്നും ഇതിനുശേഷമാണ് നടയടച്ചതെന്നുമാണ് തന്ത്രിയുടെ വിശദീകരണം. നടയടച്ച് ശുദ്ധിക്രിയ നടത്തിയത് പൂർണമായും ശരിയാണെന്നും അദ്ദേഹം വിശദീകരണത്തിൽ വ്യക്തമാക്കി.
കഴിഞ്ഞ തീർത്ഥാടന കാലത്താണ് സുപ്രീംകോടതി വിധിയെ തുടർന്ന് രണ്ട് യുവതികൾ ശബരിമല ദർശനം നടത്തിയത്. പൊലീസ് സുരക്ഷയോടെ പുലർച്ചെയോടെയായിരുന്നു യുവതികളുടെ ശബരിമല ദർശനം. ഇതിനുപിന്നാലെയാണ് ശബരിമല നടയടക്കുകയും ശുദ്ധിക്രിയ നടത്തുകയും ചെയ്തത്.