ചെന്നൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടുജോലിക്ക് നിറുത്തി പീഡിപ്പിച്ചെന്ന പരാതിക്കു പിന്നാലെ നടി ഭാനുപ്രിയയുടെ വീട്ടിൽ നിന്ന് മൂന്നു ബാലികമാരെ കണ്ടെത്തിയതായി വെളിപ്പെടുത്തൽ. താരത്തിന്റെ ചെന്നൈ ടി നഗറിലെ വീട്ടിൽ നിന്നാണ് മറ്റു മൂന്നു പെൺകുട്ടികളെ കൂടി കണ്ടെത്തിയതെന്നും കുട്ടിക്കടത്തിന്റെ ഭാഗമാണിതെന്നുമാണ് ആരോപണം. പതിന്നാലുകാരിയെ വീട്ടുജോലിക്കു നിറുത്തി പീഡിപ്പിച്ചെന്ന പരാതിയെ തുടർന്ന് ദേശീയ ബാലാവകാശ കമ്മിഷൻ നടത്തിയ റെയ്ഡിലാണ് മൂന്നു പെൺകുട്ടികളെ കണ്ടെത്തിയത്. നടിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബാലാവകാശ പ്രവർത്തകൻ അച്യുത റാവുവാണ് ദേശീയ, സംസ്ഥാന ബാലാവകാശ കമ്മിഷനുകൾക്കു കത്തയച്ചത്.
കുട്ടികൾ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടിട്ടുണ്ട്, നടിയും അവരുടെ അമ്മയും ബാലാവകാശങ്ങൾ ലംഘിച്ചു, ആന്ധ്രപ്രദേശിൽ നിന്നു ചെന്നൈയിലേക്ക് ഒരേ ഇടനിലക്കാരനാണു കുട്ടികളെ എത്തിച്ചതെന്നതാണ് മനുഷ്യക്കടത്തിന്റെ സാദ്ധ്യത കൂട്ടുന്നതെന്നും റാവു ഒരു ദേശീയ മാദ്ധ്യമത്തോടു പറഞ്ഞു.
ആന്ധ്രയിലെ ഈസ്റ്റ് ഗോദാവരി ജില്ലയിൽ നിന്നുളള പ്രഭാവതിയെന്ന സ്ത്രീയാണു നടിക്കെതിരെ ആദ്യം രംഗത്തെത്തിയത്. തന്റെ 14 വയസുള്ള മകളെ ഭാനുപ്രിയ വീട്ടുജോലിക്കായി ചെന്നൈയിലേക്കു കൊണ്ടുപോയെന്നും ക്രൂരമായി പീഡിപ്പിച്ചെന്നുമാണു ഇവർ സമാൽകോട്ട പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞത്. തുടർന്ന് നടിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിരുന്നു.