ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ കേന്ദ്രവും മുഖ്യമന്ത്രി മമതാ ബാനർജിയും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ നിലവിലെ സ്ഥിതി സംബന്ധിച്ച് ഗവർണർ കേസരി നാഥ് ത്രിപാഠി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് നൽകി. സി.ബി.ഐ പരിശോധനയെത്തുടർന്ന് ബംഗാളിലെ സാഹചര്യം സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് ഗവർണറോട് വിശദീകരണം തേടിയിരുന്നു.
ശാരദ ചിട്ടി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കൊൽക്കത്ത പൊലീസ് കമ്മീഷണറടെ വീട്ടിൽ റെയ്ഡ് നടത്താനെത്തിയ സി.ബി.ഐ ഉദ്യോഗസ്ഥരെ പൊലീസ് തടഞ്ഞതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കം. സി.ബി.ഐ രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപിച്ച് മുഖ്യമന്ത്രി മമതാ ബാനർജി സത്യഗ്രഹ സമരം ആരംഭിക്കുകയും ചെയ്തിരുന്നു.
ഇന്ന് രാവിലെ ബംഗാൾ പൊലീസിനെതിരെ സി.ബി.ഐ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും കേസ് അടിയന്തരമായി കേൾക്കില്ലെന്നും നാളെ പരിഗണിക്കാമെന്നും കോടതി അറിയിച്ചു. മമതാ ബാനർജിക്ക് പിന്തുണയുമായി വിവിധ രാഷ്ട്രീയ പാർട്ടികൾ രംഗത്തെത്തിയത് കൂടാതെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ മാർച്ചുമായി രംഗത്തെത്തി.