ന്യൂഡൽഹി: കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയെ പുകഴ്ത്തി കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്ത്. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയിൽ ധൈര്യമുള്ള ഒരേ ഒരാൾ ഗഡ്കരി മാത്രമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. റാഫേൽ കരാർ,
കർഷക പ്രശ്നം, ഭരണഘടനാ സ്ഥാപനങ്ങൾ നേരിടുന്ന പ്രതിസന്ധി എന്നിവയെ കുറിച്ച് കൂടി താങ്കൾ പ്രതികരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും രാഹുൽ ഗാന്ധി ട്വിറ്ററിലൂടെ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം സ്വന്തം വീട് നോക്കാൻ കഴിയാത്ത ഒരാൾക്ക് രാജ്യത്തെ സംരക്ഷിക്കാൻ സാധിക്കില്ലെന്ന് ഗഡ്കരി പരാമർശിച്ചിരുന്നു. എ.ബി.വി.പി പ്രവർത്തകരുടെ സമ്മേളനത്തിൽ വച്ചാണ് ഗഡ്കരി ഇത്തരമൊരു പരാമർശം നടത്തിയത്. ഇത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉന്നം വച്ചുള്ളതാണെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ വിമർശനം. കൂടാതെ
മോദി സർക്കാരിനെതിരെ എന്ന് തോന്നിക്കുന്ന നിരവധി പരാമർശങ്ങൾ ഗഡ്കരിയുടെ ഭാഗത്തുനിന്ന് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഗഡ്കരിയെ പുകഴ്ത്തുന്ന ട്വീറ്റുമായി രാഹുൽ ഗാന്ധി രംഗത്തെത്തിയത്.