തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പേജിൽ തൊഴിലന്വേഷകരുടെ പരാതി പ്രവാഹം. സംസ്ഥാനത്ത് പി.എസ്.സി നിയമനങ്ങൾ ത്വരിത ഗതിയിലാണ് നടക്കുന്നതെന്നും ഒഴിവുകൾ യഥാസമയം റിപ്പോർട്ട് ചെയ്യാം സോഫ്റ്റ് വെയർ അടക്കമുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തിയെന്നും ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രിയിട്ട ഫേസ്ബുക്ക് പോസ്റ്റിലാണ് ഉദ്യോഗാർത്ഥികളും തൊഴിലന്വേഷകരും പരാതി അറിയിച്ച് രംഗത്തെത്തിയത്.
എൽ.ഡി.സി പോലുള്ള സുപ്രധാന തസ്തികകളിലേ നിയമനങ്ങൾ ഭരണഘടനാവിരുദ്ധമായി ആശ്രിത നിയമനക്കാർക്കായി പങ്കിട്ടു നൽകുകയാണെന്ന് പരാതിക്കാർ ആരോപിച്ചു. ഒഴിവുകൾ ഉദ്യോഗസ്ഥ ലോബികൾ ചേർന്നു പൂഴ്ത്തി വയ്ക്കുന്നതായും പരിധിയിൽ കവിഞ്ഞ ആശ്രിത നിയമനവും സ്വജന പക്ഷപാതപരമായ സ്ഥലംമാറ്റവും നടത്തി നികത്തുന്നതായും, ജി.എസ്.ടി, കോടതി, ജലസേചനം, വി.എച്ച്.എസ്.സി തുടങ്ങിയ വകുപ്പുകളിൽ സമ്പൂർണ്ണ നിയമന നിരോധനം ആണെന്നും പരാതിക്കാർ ആരോപിച്ചു.
ആയിരക്കണക്കിന് തൊഴിൽ അന്വേഷകരാണ് പ്രതിഷേധവും പരാതിയും രേഖപ്പെടുത്തിയത്. കേരളത്തിലെ ഏറ്റവും വലിയ തൊഴിൽ ദാതാവ് സർക്കാർ ആണെന്നും ഇത്തരത്തിൽ നിയമനങ്ങൾ നടത്താതിരിക്കുന്നത് സുസ്ഥിര ജോലി എന്ന ലക്ഷ്യത്തോടെ പി.എസ്.സി പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്ന കേരളത്തിലെ 30 ലക്ഷത്തോളം വരുന്ന തൊഴിൽ അന്വേഷകരോടും അവരുടെ കുടുംബത്തോടും കാണിക്കുന്ന അവഗണനയാണെന്നും. ഇടത് സർക്കാരിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കണമെന്നും യുവതി-യുവാക്കൾ അടങ്ങുന്ന പരാതിക്കാർ ചൂണ്ടിക്കാട്ടി.