കൊല്ലം: വരുന്ന ലോക‌്‌സഭാ തിരഞ്ഞെടുപ്പിൽ പരാജയം മണക്കുന്നതിനാലാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എൻ.എസ്.എസിനെതിരെ രംഗത്തെത്തിയിരിക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ പറഞ്ഞു. എൻ.എസ്.എസ് ഒരു സ്വതന്ത്ര സംഘടനയാണ്. അതിന്റെ കാര്യങ്ങളിൽ ഇടപെടാൻ കോടിയേരിക്ക് എന്ത് അവകാശമാണുള്ളതെന്നും കെ.സുരേന്ദ്രൻ ചോദിച്ചു. പരാജയ ഭീതി കൊണ്ടാണ് എൻ.എസ്.എസ് രാഷ്ടീയ പാർട്ടി രൂപീകരിക്കണമെന്ന് കോടിയേരി പ്രസ്താവന നടത്തുന്നത്. എൻ.എസ്.എസിന് എന്ത് ചെയ്യാനാകുമെന്ന് സി.പി.എമ്മിന് തിരഞ്ഞെടുപ്പിന് ശേഷം മനസിലാകുമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
എൻ.എസ്.എസിന്റെ വിരട്ടൽ സി.പി.എമ്മിനോട് വേണ്ടെന്ന് പറഞ്ഞ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇന്ന് രംഗത്തെത്തിയിരുന്നു. . സുകുമാരൻ നായർ നിഴൽ യുദ്ധം നടത്തേണ്ടെന്നും, എൻ.എസ്.എസ് നേതൃത്വം പറയുന്നത് അണികൾപോലും ഇഷ്ടപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയത്തിൽ ഇടപെടണമെങ്കിൽ എൻ.എസ്.എസ് രാഷ്ട്രീ പാർട്ടി രൂപീകരിക്കട്ടെയെന്നും കോടിയേരി കൂട്ടിച്ചേർത്തു.