ലണ്ടൻ: അർജന്റീനിയൻ യുവ ഫുട്ബാൾ താരം എമിലിയാനോ സല സഞ്ചരിച്ചിരുന്ന ചെറുവിമാനത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഒരു മൃതദേഹം കണ്ടെത്തി. സലയും പൈലറ്റ് ഡേവിഡ് ഇബോട്ട്സണും സഞ്ചരിച്ച 'പൈപ്പർ പി.എ - 46 മാലിബു' എന്ന ചെറുവിമാനത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഒരു മൃതദേഹം കണ്ടെത്തിയതായാണ് തെരച്ചിൽ സംഘം സ്ഥിരീകരിച്ചത്. ഇതോടെ സല ജീവിച്ചിരിക്കാനുള്ള സാദ്ധ്യതയില്ലെന്ന് നിഗമനത്തിലാണ് തെരച്ചിൽ സംഘം. മൃതദേഹം കണ്ടെത്തിയ വിവരം എയർ ആക്സിഡന്റ് ഇൻവെസ്റ്റിഗേറ്റിംഗ് വിഭാഗം തിങ്കളാഴ്ച രാവിലെയാണ് സ്ഥിരീകരിച്ചത്.
ഞായറാഴ്ച രാത്രിയോടെയാണ് ഇംഗ്ലീഷ് ചാനലിന്റെ അടിത്തട്ടിൽ നിന്ന് വിമാനത്തിന്റെ ഭാഗങ്ങൾ തെരച്ചിൽ സംഘം കണ്ടെത്തിയത്. കടലിനടിയിലുള്ള വസ്തുക്കൾ കണ്ടെത്തുന്നതിനായി ഉപയോഗിക്കുന്ന അണ്ടർ വാട്ടർവെഹിക്കിൾ ഉപയോഗിച്ചായിരുന്നു തെരച്ചിൽ. വിമാനം കണ്ടെത്തിയതു സംബന്ധിച്ച് സർക്കാരിനെ അറിയിച്ചിട്ടുണ്ട്. ഇരുപത്തെട്ടുകാരനായ സലയും പൈലറ്റ് ഡേവിഡ് ഇബോട്സണും ജീവനോടെയുണ്ടാകാൻ സാദ്ധ്യത കുറവാണെന്നും തെരച്ചിൽ അവസാനിപ്പിക്കുകയാണെന്നും പൊലീസ് നേരത്തെ അറിയിച്ചിരുന്നു.