തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും വിലപിടിപ്പുള്ള നമ്പറിന്റെ ഉടമ എന്ന പേര് ഇനി തിരുവനന്തപുരത്തുകാരൻ ബാലഗോപാലിന് സ്വന്തം. തന്റെ പോഷെ 718 ബോക്സ്റ്ററിന്റെ മയാമി ബ്ലൂ എന്ന സ്വപെഷ്യൻ കളറിന് സി. കെ. 1 എന്ന നമ്പർ സ്വന്തമാക്കാൻ കവടിയാർ കുറവൻകോണം മീനാക്ഷി മന്ദിരത്തിൽ ശിവശങ്കരൻ നായരുടെ മകനും ദേവി ഫാർമ ഉടമയുമായ കെ. എസ്. ബാലഗോപാൽ മുടക്കിയത് 31 ലക്ഷം രൂപയാണ്. മൂന്ന് പേർ തമ്മിലുള്ള വാശിയേറിയ മത്സരത്തിനൊടുവിലാണ് തിരുവനന്തപുരം ആർ.ടി.ഓഫീസിൽ നിന്ന് ഈ തുകയ്‌ക്ക് നമ്പർ സ്വന്തമാക്കിയത്.
ഫാൻസി നമ്പർ സ്വന്തമാക്കുന്ന പതിവ് ബാലഗോപാലന് പുതിയതല്ല. ഒന്നാം നമ്പറോടുള്ള ഇഷ്ടം. 2004ൽ തന്റെ ബെൻസ് കാറിന് എ.കെ. 1 എന്ന നമ്പർ സ്വന്തമാക്കിയത് 3 ലക്ഷത്തോളം രൂപ ചെലവാക്കിയിട്ടാണ്. ഇതിന് മുൻബ് സി.ബി. സീരീസിലെ ഒന്ന് എന്ന നമ്പർ തന്റെ ടൊയോട്ട ലാൻഡ്ക്രൂയിസറിന് ലഭിക്കുന്നതിന് 19 ലക്ഷം രൂപ മുടക്കി റെക്കോഡ് സൃഷ്ടിച്ചിരുന്നു. ആ റെക്കോർഡ് തന്നെയാണ് പോർഷെയ്ക്ക് വേണ്ടി ബാലഗോപാൽ തന്നെ തകർത്തത്. പോർഷെ കാറും ചേർത്ത് ഒന്ന് നമ്പറിലുള്ള ആറ് വാഹനങ്ങളാണ് ബാലഗോപാലിന് ഉള്ളത്. കൂടാതെ മറ്റ് മൂന്ന് വാഹനങ്ങളുമുണ്ട്. 31.5 ലക്ഷം എന്നത് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ബിഡുകളിൽ ഒന്നാണ്. 2012ൽ ഹരിയാനയിൽ 26.5 ലക്ഷം രൂപയ്ക്ക് ലേലത്തിൽ പോയ ഒരു ബെൻസ് കാറാണ് ഇതിന് മുൻപ് റെക്കോഡ് സൃഷ്ടിച്ചത്.
വാഹനങ്ങളോടുള്ള ബാലഗോപാലിന്റെ ഭ്രമത്തിന് കുട്ടിക്കാലത്ത് തുടക്കമായതാണ്. ചെറുപ്പം മുതൽ അച്ഛന്റെ സഹോദരിമാർ വീട്ടിൽ വരുന്ന സമയത്ത് അവരുടെ വാഹനങ്ങൾ കണ്ട് തുടങ്ങിയ ഭ്രമമാണ്. അക്കാലത്ത് തന്നെ അവർക്കൊക്കെ ബെൻസ് ഉണ്ട്. രണ്ടാം ക്ലാസിലും മൂന്നാം ക്ലാസിലുമൊക്കെ പഠിക്കുമ്പോൾ ആ വണ്ടികളിൽ തൊടുമ്പോൾ ഡ്രൈവർമാർ തല്ലിയിട്ടുണ്ട്. അന്ന് മുതൽ കാർ ഒരു ആവേശമായിരുന്നു. 1996ൽ ആദ്യത്തെ ബെൻസ് സ്വന്തമാക്കിയപ്പോൾ കൈവശം അതിനുള്ള പണം പോലുമില്ലായിരുന്നു. ബെൻസിന് വലിയ പ്രചാരമൊന്നും കേരളത്തിലില്ലാതിരുന്നപ്പോളാണ് ആഭരണം വിറ്റുള്ള പണം മുഴുവനുമെടുത്ത് സ്വന്തമാക്കിയത്.
വണ്ടി നമ്പറുകളിൽ മാത്രമൊതുങ്ങുന്നില്ല ബാലഗോപാലിന്റെ താൽപര്യം. തന്റെ പക്കലുള്ള മൊബൈൽ നമ്പറുകൾക്കും ഫാൻസി നമ്പർ സ്വന്തമാക്കിയിട്ടുണ്ട് ഈ വ്യവസായി. 0 മുതൽ 9 വരെയുള്ള എല്ലാ ഒരേ നമ്പർ സീരിയസും ബാലഗോപാലിന്റെ കൈവശമുണ്ട്.