കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയുടെ റെക്കാഡ് മുന്നേറ്രം തുടരുന്നു. പവന് 80 രൂപ വർദ്ധിച്ച് വില ഇന്നലെ കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 24,880 രൂപയിലെത്തി. പത്തു രൂപ വർദ്ധിച്ച് 3,110 രൂപയാണ് ഗ്രാം വില. 2019ൽ ഇതുവരെ കേരളത്തിൽ പവൻവില കുറിച്ച മുന്നേറ്റം 3,010 രൂപയാണ്. ഗ്രാമിന് 180 രൂപയും ഉയർന്നു.
അന്താരാഷ്‌ട്ര വിലയിലെ കുതിപ്പ്, ഡോളറിനെതിരെ രൂപയുടെ മൂല്യത്തകർച്ച മൂലം ഇറക്കുമതിച്ചെലവിൽ ഉണ്ടായ വർദ്ധന, വിവാഹ സീസണിന്റെ പശ്‌ചാത്തലത്തിലുള്ള മികച്ച വില്‌പന എന്നിവയാണ് സ്വർണവിലയുടെ കുതിപ്പിന് പ്രധാനകാരണം. ഔൺസിന് 1,326.30 ഡോളർ വരെ ഉയർന്ന അന്താരാഷ്‌ട്ര സ്വർണവില ഇന്നലെ 1,316.80 ഡോളർ വരെ താഴ്‌ന്നിട്ടുണ്ട്. എന്നാൽ, ഡോളറിനെതിരെ രൂപയുടെ മൂല്യം 56 പൈസ ഇടിഞ്ഞ് 71.80ൽ എത്തിയതോടെ ആഭ്യന്തര സ്വർണവില ഉയരുകയായിരുന്നു. രൂപയുടെ തകർച്ച തുടർന്നാൽ, വരും നാളുകളിലും സ്വർണവില ഉയരും.