കൽപ്പറ്റ: നരേന്ദ്ര മോദി കൊൽക്കത്തയിലേക്ക് സി.ബി.ഐ ഉദ്യോഗസ്ഥരെ അയച്ചത് വംഗനാട്ടിൽ ശക്തമാകുന്ന ഇടതുപക്ഷ അനുകൂല തരംഗം ചർച്ച ആകാതിരിക്കാനാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കൽപ്പറ്റയിൽ ആദിവാസി സഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബംഗാളിൽ ഇടതുപക്ഷം തകർന്നു എന്ന് ആക്ഷേപിക്കുന്നവർക്കുള്ള മറുപടിയായാണ് വംഗനാട്ടിൽ ഞായറാഴ്ച നടന്ന മഹാറാലി. മോദിയെയും മമതയെയും അത് ഞെട്ടിച്ചു. അത് വാർത്ത ആകാതിരിക്കാനാണ് സി.ബി.ഐ ഉദ്യോഗസ്ഥരെ കൊൽക്കത്തയിലേക്ക് അയച്ചത്. മോദിയും മമതയും തമ്മിൽ ഒത്തുകളിച്ചാണ് ശാരദ ചിട്ടി ഫണ്ട് അഴിമതി സംബന്ധിച്ച അന്വേഷണം മന്ദഗതിയിലാക്കിയത്. ഇപ്പോൾ മമത എതിരാകുമെന്ന് കണ്ടതോടെ മോദി സി.ബി.ഐയെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുകയാണ്. കൊൽക്കത്തയിലെ സി.ബി.ഐ അന്വേഷണം കേന്ദ്രത്തിന്റെ അമിതാധികാര ഇടപെടലാണ്. അതേസമയം അഴിമതി കേസിൽ നിന്ന് രക്ഷപ്പെടാൻ മമതയെ അനുവദിച്ച് കൂടാ. നാടകം കളിച്ച് അഴിമതി മൂടിവയ്ക്കാനാവില്ല- കോടിയേരി പറഞ്ഞു.