തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് എം.എൽ.എ വി.ടി ബൽറാം രംഗത്ത്. അഴിമതിക്കേസിലുൾപ്പെട്ട ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ ആരും പിന്തുണക്കരുതെന്നാണ് കോടിയേരി ബാലകൃഷ്ണൻ പറയുന്നത്. മറ്റേതെങ്കിലും പാർട്ടിയുടെ ഒരു നേതാവായിരുന്നു ഇങ്ങനെ പറഞ്ഞിരുന്നതെങ്കിൽ ഉടൻ പിടിച്ച് സംഘിയാക്കാൻ ഇടത് ബുദ്ധിജീവികളും സൈബർ വെട്ടുകിളികളും മത്സരിച്ച് രംഗത്തിറങ്ങുമായിരുന്നെന്ന് ബൽറാം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബൽറാമിന്റെ പ്രതികരണം.
മിസ്റ്റർ ബാലകൃഷ്ണൻ, അഴിമതിയോടും സാമ്പത്തിക തട്ടിപ്പുകളോടും താങ്കളുടേയും കുടുംബാംഗങ്ങളുടേയും നിലപാടുകളുടെ ചരിത്രം ഈ ഘട്ടത്തിൽ പരിശോധിക്കുന്നില്ല. എന്നാൽ രാഷ്ട്രീയമായിത്തന്നെ ചോദിക്കട്ടെ, കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് താങ്കളുടെ പാർട്ടി പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടിയിരുന്ന ജയലളിത അഴിമതിക്കാര്യങ്ങളിൽ വിശുദ്ധയായിരുന്നോ?- ബൽറാം ചോദിച്ചു.
നിങ്ങളെ ബംഗാളിൽ തറപറ്റിച്ച മമതയോടുള്ള രാഷ്ട്രീയ വിരോധം നിങ്ങളെ കൊണ്ടുചെന്നെത്തിച്ചിരിക്കുന്നത് സംഘ പരിവാർ പാളയത്തിലാണ്. ബംഗാളിലെ ഗ്രാമങ്ങളിൽ ഇന്ന് സി.പി.എം ബി.ജെ.പിയുടെ സഖ്യകക്ഷിയാണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പിലടക്കം ചെങ്കൊടിയും കാവിക്കൊടിയും ഒരുമിച്ചാണുയരുന്നത്. ഇന്ന് പാർലമെന്റിലും പ്രതിപക്ഷ പാർട്ടികൾ ഒറ്റക്കെട്ടായി കേന്ദ്ര സർക്കാരിനെതിരെ നിലപാടെടുത്തപ്പോൾ അതിൽ നിന്ന് വിട്ടുനിന്ന് ബി.ജെ.പി അനുകൂല നിലപാടാണ് സി.പി.എം എം.പിമാർ സ്വീകരിച്ചത്. ആർ.എസ്.എസ്- സി.ബി.ഐ-സി.പി.എം കൂട്ടുകെട്ടിനെതിരെ പോരാടുന്ന ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് കോൺഗ്രസിന്റേയും ഇന്ത്യയിലെ മതേതര മനസുകളുടേയും പൂർണ്ണ പിന്തുണയുണ്ടെന്നും ബൽറാം വ്യക്തമാക്കി.
ശാരദ ചിട്ടി തട്ടിപ്പിന്നെ കുറിച്ച് കൃത്യമായ അന്വേഷണം നടത്തണം. ഇതുവരെ മമതയും ബി.ജെ.പിയും ഒത്തുകളിക്കുകയായിരുന്നുവെന്നും അഴിമതി കേസിൽ പെട്ട മമത ബാനർജിയെ സംരക്ഷിക്കരുതെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞിരുന്നു.