സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ 10 ഇയർ ചലഞ്ചിൽ നടി മംമ്ത മോഹൻദാസ് പങ്കുവച്ചത് പ്രതീക്ഷയുടെയും പ്രചോദനത്തിന്റെയും വേറിട്ട ചിത്രം. കാൻസർ എന്ന മഹാരോഗത്തെ അതിജീവിച്ച മംമ്തയുടെ പോരാട്ടത്തിന്റെ തെളിവുകൂടിയായി മാറി ലോക കാൻസർ ദിനത്തിൽ പങ്കുവച്ച ഈ ചിത്രം.
എനിക്ക് കാൻസർ പിടിപ്പെട്ടു, പക്ഷേ കാൻസറിന് എന്നെ പിടികിട്ടിയില്ല,’ എന്ന് സരസമായി പറഞ്ഞാണ് മംമ്ത തന്റെ കുറിപ്പാരംഭിക്കുന്നത്. “എന്റെ ജീവിതം തന്നെ മാറ്റി മറിച്ച വർഷമായിരുന്നു 2009, എന്റെ കുടുംബത്തിന്റെ എല്ലാ പ്ലാനുകളെയും അതു ബാധിച്ചു. കഴിഞ്ഞ 10 വർഷങ്ങൾ എന്നെ സംബന്ധിച്ച് വെല്ലുവിളി തന്നെയായിരുന്നു. എന്നാൽ ഇന്ന് 2019 ലെത്തി നിൽക്കുമ്പോൾ വീണുപോകാതെ, കരുത്തോടെ അതിജീവിച്ചെന്ന് അഭിമാനത്തോടെ ഞാൻ തിരിച്ചറിയുകയാണ്,”മംമ്ത പറയുന്നു.
“പോസിറ്റീവ് മനോഭാവത്തോടെയും കരുത്തോടെയും വർഷങ്ങൾ മുന്നോട്ടു നടക്കുക എന്നത് ഏറെ കഠിനമായിരുന്നു. ഞാനത് ചെയ്തിട്ടുണ്ടെങ്കിൽ അതിനു പിറകിൽ ചിലരുണ്ട്. എല്ലാ നന്ദിയും അച്ഛനും അമ്മയ്ക്കുമാണ് (നന്ദി എന്ന വാക്കിൽ എനിക്കുള്ള കടപ്പാട് ഒതുക്കാനാവില്ല). ഒപ്പം തന്നെ, സഹോദരസ്നേഹം എന്തെന്ന് എനിക്ക് കാണിച്ചു തന്ന എന്റെ കസിൻസ്, എല്ലായ്‌പ്പോഴും വിളിച്ചും മെസേജ് അയച്ചും ഞാൻ ശരിക്കും ഓകെ ആണോ, അതോ ഓകെ ആയി ഭാവിക്കുന്നതാണോ എന്ന് പരിശോധിച്ചു കൊണ്ടിരുന്ന, കെയർ ചെയ്ത പ്രിയപ്പെട്ട കൂട്ടുകാർ, എന്നെ തേടിയെത്തിയ നല്ല സിനിമകൾ, നന്നായി പെർഫോം ചെയ്യാൻ എന്നെ എപ്പോഴും ചലഞ്ച് ചെയ്തുകൊണ്ടിരുന്ന എന്റെ സഹപ്രവർത്തകർ, എന്താണ് ശരി, എന്താണ് തെറ്റ് എന്നി മനസ്സിലാക്കി എനിക്കേറേ അവസരങ്ങളേകിയ പ്രപഞ്ചശക്തി,” തന്റെ അതിജീവനയാത്രയിൽ കൈത്താങ്ങായവരെയെല്ലാം ഓർക്കുകയാണ് മംമ്ത.
കുറിപ്പിനൊപ്പം കാൻസർ ചികിത്സാകാലത്തെ തല മുണ്ഡനം ചെയ്ത ചിത്രവും മംമ്ത പങ്കുവെച്ചിട്ടുണ്ട്.
കാൻസർ ചികിത്സയ്ക്കിടയിലും അഭിനയത്തിൽ സജീവമായിരുന്നു മംമ്ത. രണ്ടു തവണയാണ് കാൻസർ മംമ്തയെ കീഴ്‌പ്പെടുത്തിയത്.
പൃഥിരാജ് നായകനാവുന്ന ‘9’ ആണ് മംമ്തയുടേതായി ഇനി തിയേറ്ററുകളിലെത്താനുള്ള ഏറ്റവും പുതിയ ചിത്രം. പൃഥ്വിരാജിന്റെ നിർമ്മാണകമ്പനിയായ പൃഥിരാജ് പ്രൊഡക്ഷൻസും സോണി പിക്ചർ റിലീസിംഗ് ഇന്റർ നാഷണലും ചേർന്നാണ് ‘9’ നിർമ്മിക്കുന്നത്.