തിരുവനന്തപുരം: എല്ലാ ജീവനക്കാരുടെയും വിരമിക്കൽ തീയതി മുൻകൂട്ടി പി.എസ്.സിയെ അറിയിക്കാൻ സംവിധാനമൊരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. ഇതോടെ പി.എസ്.സിക്ക് വേഗത്തിൽ ഒഴിവുകൾ നികത്താനാവും. വേഗത്തിൽ നിയമനം നടത്താനുള്ള നടപടികളെടുക്കുമെന്നും വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും സി.മമ്മൂട്ടിയുടെ ശ്രദ്ധക്ഷണിക്കലിന് മുഖ്യമന്ത്രി മറുപടി നൽകി.
ഒഴിവുകൾ കൃത്യമായും യഥാസമയത്തും റിപ്പോർട്ട് ചെയ്യുന്നതിനും റാങ്ക് ലിസ്റ്റുകളിൽനിന്നു പരമാവധി നിയമനം ഉറപ്പുവരുത്തുന്നതിനും നടപടികളെടുക്കുന്നുണ്ട്. എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നശേഷം 2018 ഡിസംബർ വരെ 90,183 പേർക്ക് നിയമന ശുപാർശ നൽകി. വിദ്യാഭ്യാസ വകുപ്പിൽ 4434 ഉം ആരോഗ്യവകുപ്പിൽ 4217 ഉം ഉൾപ്പെടെ വിവിധ വകുപ്പുകളിലായി 18,896 പുതിയ തസ്തികകൾ സൃഷ്ടിച്ചു. വിവിധ സ്ഥാപനങ്ങളിലേക്കുള്ള നിയമനങ്ങൾ പി.എസ്.സി വഴിയാക്കാൻ നടപടി സ്വീകരിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.
കർമ്മപദ്ധതി
കേന്ദ്രം അംഗീകരിച്ചു
കാലാവസ്ഥാ വ്യതിയാനം ചെറുത്ത് ആഘാതം ലഘൂകരിക്കാനുള്ള സംസ്ഥാന കാലാവസ്ഥാ വ്യതിയാന കർമ്മപദ്ധതി കേന്ദ്രസർക്കാർ അംഗീകരിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ പുനർനിർമ്മാണ പദ്ധതിയായ 'റീബിൽഡ് കേരള ഇനിഷ്യേറ്റീവിന്റെ കീഴിൽ" എല്ലാ സർക്കാർ ഏജൻസികളുടെയും വകുപ്പുകളുടെയും ശേഷി വികസനത്തിനുള്ള നടപടികളുണ്ടാകും. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് സമഗ്രമായ പഠനവും ഗവേഷണവും ലക്ഷ്യമിട്ടാണ് 2014-ൽ കോട്ടയത്ത് കാലാവസ്ഥാ വ്യതിയാന പഠനകേന്ദ്രം ആരംഭിച്ചത്. ദേശീയ അന്തർദേശീയ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകാനാണ് ലക്ഷ്യമിടുന്നതെന്നും തിരുവഞ്ചൂർ രാധാകൃഷ്ണന്റെ സബ്മിഷന് മുഖ്യമന്ത്രി മറുപടി നൽകി.
തടയണ
പുനർനിർമ്മിക്കും
ഭാരതപ്പുഴയിൽ പ്രളയത്തിൽ തകർന്ന തടയണ പുനർനിർമ്മിക്കാനും സമീപത്തെ റെയിൽപാലം സംരക്ഷിക്കാനും നടപടിയെടുക്കുമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി നിയമസഭയിൽ പറഞ്ഞു. തടയണ നിർമ്മാണത്തിന് 19.9ലക്ഷം, റെയിൽപാത സംരക്ഷണത്തിന് 7.06ലക്ഷം വീതമുള്ള പദ്ധതികൾ മാർച്ചിൽ പൂർത്തിയാവും. തടയണയിലെ ജലചോർച്ച തടയാതിരിക്കാനുള്ള 96ലക്ഷത്തിന്റെ പദ്ധതി മേയിൽ പൂർത്തിയാവുമെന്നും കെ.വി.വിജയദാസിന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.
കാർഷിക സർവകലാശാലയിൽ അദ്ധ്യാപക, ഗവേഷക തസ്തികകളിലേക്ക് ഉടൻ നിയമനം നടത്തുമെന്ന് മന്ത്രി വി.എസ്.സുനിൽകുമാർ എം.രാജഗോപാലിന് മറുപടി നൽകി. കൊരട്ടിയിലെ ഗാന്ധിഗ്രാം ആശുപത്രിയിൽ ആലപ്പുഴ നൂറനാട് ആശുപത്രിയുടെ മാതൃകയിലുള്ള പുനരുദ്ധാരണ പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി കെ.കെ.ശൈലജ ബി.ഡി.ദേവസിയെ അറിയിച്ചു.
കുറുപ്പന്തറ റെയിൽവേ മേൽപ്പാലത്തിന് ഭരണാനുമതി നൽകിയെന്നും സ്ഥലമെടുപ്പ് പൂർത്തിയാക്കേണ്ടതുണ്ടെന്നും മോൻസ് ജോസഫിന്റെ സബ്മിഷന് മന്ത്രി ജി.സുധാകരൻ മറുപടി നൽകി.
നദികളിൽഅടിഞ്ഞുകൂടിയിട്ടുള്ള മണൽ വിറ്റഴിക്കും
നദികളിൽ അടിഞ്ഞുകൂടിയിട്ടുള്ള ചെളിയും മണലും വേർതിരിച്ചെടുത്ത്, മണൽ വിറ്റുകിട്ടുന്ന പണം പ്രളയപുനർമ്മാണത്തിന് ഉപയോഗിക്കുമെന്ന് മന്ത്രി ഇ.ചന്ദ്രശേഖരൻ നിയമസഭയിൽ പറഞ്ഞു. ഇതിന് കളക്ടർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മണൽ ലഭ്യത കണ്ടെത്താൻ 19നദികളിൽ സാൻഡ് ആഡിറ്റിംഗ് പൂർത്തിയായി. 14നദികളിലെ ആഡിറ്റിംഗ് പുരോഗമിക്കുകയാണ്. തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരുടെ അനുമതിയും പാരിസ്ഥിതിക അനുമതിയും നേടിയെടുക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും എൽദോ എബ്രഹാമിന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.
സ്കൂളുകൾ
അനുവദിക്കുന്നത്
ചട്ടങ്ങൾ പാലിച്ച്
സംസ്ഥാനത്ത് പുതുതായി സ്കൂളുകൾ അനുവദിക്കുന്നതും നിലവിലുള്ള സ്കൂളുകൾ അപ്ഗ്രേഡ് ചെയ്യുന്നതും കേരള വിദ്യാഭ്യാസ ചട്ടങ്ങളിലെ നടപടിക്രമങ്ങൾ പാലിച്ചാണെന്ന് മന്ത്രി സി.രവീന്ദ്രനാഥ് നിയമസഭയിൽ പറഞ്ഞു. എം. ഉമ്മറിന്റെ സബ്മിഷനു മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്. സ്കൂളുകൾ അപ്ഗ്രേഡ് ചെയ്യണമെന്നാവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട ഹർജികളിലെ വിധിന്യായ പ്രകാരം ഓരോ പ്രദേശത്തേയും വിദ്യാഭ്യാസ ആവശ്യകതയെപ്പറ്റി സ്കൂൾ മാപ്പിംഗ് നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊതു വിദ്യാഭ്യാസ ഡയറക്ടർ ലഭ്യമാക്കിയ റിപ്പോർട്ട് പ്രകാരം വിദ്യാഭ്യാസ ആവശ്യകത കണ്ടെത്തിയ പ്രദേശങ്ങൾ വിജ്ഞാപനം ചെയ്തു. ഇതിൽ മലപ്പുറം മഞ്ചേരി മുനിസിപ്പാലിറ്റിയിലെ പുല്ലൂർ എന്ന പ്രദേശവും ഉൾപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
കേന്ദ്ര ബാലനീതി
നിയമം മറികടക്കാൻ
ചട്ടമുണ്ടാക്കാനാവില്ല
കേന്ദ്രസർക്കാരിന്റെ പുതിയ ബാലനീതി നിയമം മറികടക്കാൻ സംസ്ഥാനത്ത് ചട്ടമുണ്ടാക്കാനാവില്ലെന്ന് മന്ത്രി കെ.കെ.ശൈലജ നിയമസഭയിൽ പറഞ്ഞു. അനാഥാലയങ്ങൾ പൂട്ടുന്നതുമൂലം വൻതോതിൽ കുട്ടികൾ പുറത്തുപോയാൽ സർക്കാരിന് ഉൾക്കൊള്ളാനാവില്ലെന്നും പി.ഉബൈദുള്ളയുടെ സബ്മിഷന് മന്ത്രി മറുപടി നൽകി.കേന്ദ്രനിയമപ്രകാരം സർക്കാരും സംഘടനകളും നടത്തുന്ന എല്ലാ സ്ഥാപനങ്ങൾക്കും രജിസ്ട്രേഷൻ നിർബന്ധമാണ്. രജിസ്റ്റർ ചെയ്യാത്തവർക്ക് ഒരുവർഷം തടവും ഒരുലക്ഷം പിഴയുമാണ് ശിക്ഷ. സർക്കാരിന്റെ 27ഉം സ്വകാര്യമേഖലയിൽ 790ഉം അനാഥാലയങ്ങളുണ്ട്. ഇതിൽ നിയമപ്രകാരം രജിസ്റ്റർ ചെയ്യാത്ത 288 ശിശുസംരക്ഷണ കേന്ദ്രങ്ങൾ പൂട്ടി. 346എണ്ണം പ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് ഓർഫനേജ് ബോർഡിനെ അറിയിച്ചിരിക്കുകയാണ്. ഇവിടങ്ങളിലെ കുട്ടികളെ പുനരധിവസിപ്പിക്കാൻ ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റികളോട് നിർദ്ദേശിച്ചിരിക്കുകയാണ്. ഇതരസംസ്ഥാന കുട്ടികളെയടക്കം പുനരധിവസിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.