ലണ്ടൻ: 9000 കോടി രൂപയുടെ വായ്പയെടുത്ത് രാജ്യം വിട്ട മദ്യ വ്യവസായി വിജയ മല്യയെ ഇന്ത്യയ്ക്ക് കൈമാറാനുള്ള ഉത്തരവിൽ ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി സജിദ് ജവിദ് ഒപ്പുവച്ചു. മല്യയെ കൈമാറാനുള്ള കോടതി ഉത്തരവ് ബ്രിട്ടിഷ് ആഭ്യന്തര സെക്രട്ടറി അംഗീകരിച്ചു. ഡിസംബറിലാണ് ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റർ മജിസ്ട്രേട്ട് കോടതി മല്യയെ ഇന്ത്യയ്ക്ക് കൈമാറാൻ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിനെത്തുടർന്നു കഴിഞ്ഞ മാസം ആദ്യം മുംബയ് അഴിമതി വിരുദ്ധ കോടതി മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. കോടതി വിധിക്കെതിരെ അപ്പീൽ പോകുമെന്ന് മല്യയുടെ അഭിഭാഷകർ അറിയിച്ചിരുന്നു. അപ്പീൽ നൽകാൻ ഇനി രണ്ടാഴ്ച സമയമുണ്ട്. ബ്രിട്ടന്റെ വിട്ടുകിട്ടൽ നിയമമനുസരിച്ച് വിധിയിൽ അന്തിമ തീരുമാനമെടുക്കാൻ ആഭ്യന്തര സെക്രട്ടറിക്കാണ് അന്തിമ അധികാരം. ബ്രിട്ടന്റെ നിയമപ്രകാരം കുറ്റവാളിക്ക് വധശിക്ഷ നൽകില്ലെന്നും മൂന്നാമതൊരു രാജ്യത്തിന് കുറ്റവാളിയെ കൈമാറില്ലെന്നും ഉറപ്പാക്കേണ്ടതുണ്ട്. ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം ഈ രണ്ടുകാര്യങ്ങളും മല്യയുടെ കേസിൽ ഉൾപ്പെട്ടിട്ടില്ല.