ന്യൂഡൽഹി: കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയിൽ ധൈര്യമുള്ള ഒരേ ഒരാൾ നിതിൻ ഗഡ്കരി മാത്രമാണെന്ന് പ്രസ്താവിച്ച് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു.
സ്വന്തം വീട് നോക്കാൻ കഴിയാത്ത ഒരാൾക്ക് രാജ്യത്തെ സംരക്ഷിക്കാൻ സാധിക്കില്ലെന്ന് ഗഡ്കരി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉന്നം വച്ചുള്ളതാണെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ വിമർശനം. കൂടാതെ മോദി സർക്കാരിനെതിരെ എന്ന് തോന്നിക്കുന്ന നിരവധി പരാമർശങ്ങൾ ഗഡ്കരിയുടെ ഭാഗത്തുനിന്ന് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഗഡ്കരിയെ പുകഴ്ത്തി രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തത്.
എന്നാൽ രാഹുലിന് അതേ നാണയത്തിൽ മറുപടി കൊടുത്ത് നിതിൻ ഗഡ്കരി രംഗത്തെത്തി. താങ്കളുടെ പ്രശംസയ്ക്ക് നന്ദിയെന്നും എന്നാൽ തന്റെ ധെെര്യത്തിന് രാഹുലിന്റെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും ഗഡ്കരി തുറന്നടിച്ചു. ഒരു ദേശീയ പാർട്ടിയുടെ അദ്ധ്യക്ഷനായിട്ടും സർക്കാരിനെ ആക്രമിക്കാൻ മാദ്ധ്യമങ്ങൾ നൽകിയ വാർത്ത ഉപയോഗിച്ചത് അത്ഭുതപ്പെടുത്തുന്നുവെന്നും ഗഡ്കരി പരിഹസിച്ചു.