പ്രണവ് മോഹൻലാലിന്റെ അഭിനയ ജീവിതത്തെ കുറിച്ച് പ്രതികരിച്ച് നടൻ മോഹൻലാൽ. ദൈവാനുഗ്രഹവും അവന്റെ കഴിവുമാണ് എല്ലാം തീരുമാനിക്കുക. കഴിവുണ്ടെങ്കിൽ അഭിനയം തുടരും, അല്ലെങ്കിൽ അവൻ വേറെ ജോലി കണ്ടെത്തുമെന്നും മോഹൻലാൽ പറഞ്ഞു. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
മരക്കാർ അങ്ങനെ വലുതായി പ്ലാൻ ചെയ്ത് സംഭവിച്ചതല്ല. ഇത്ര വലിയൊരു ചിത്രം ചെയ്യുമെന്നോ അതിൽ പ്രണവും കല്യാണിയുമൊക്കെ അഭിനയിക്കുമെന്നോ ഒന്നും കരുതിയിരുന്നില്ല, പക്ഷേ അത് സംഭവിച്ചു. ഇതുപോലെ മറ്റനേകം കാര്യങ്ങളും സംഭവിക്കുമെന്ന് വിശ്വസിക്കുന്നു- മോഹൻലാൽ പറഞ്ഞു.
അഭിനേതാവെന്ന രീതിയിൽ അഭിയിക്കുക എന്നതാണ് ഉത്തരവാദിത്തം. പദ്മഭൂഷൻ ലഭിച്ചെന്നു കരുതി പുതിയ രീതിയിലുള്ള പ്രകടനമൊന്നും ഉണ്ടാകില്ല. അഭിനേതാവെന്ന രീതിയിൽ നമുക്കു സ്വീകരിക്കാവുന്ന റോളുകൾക്കും ചില പരിധികളുണ്ട്. പ്രൊഡക്ഷനിലേക്ക് കടക്കാനുള്ള കാരണങ്ങളിലൊന്ന് ഇതാണ്. മരക്കാറും ലൂസിഫറുമൊക്കെ വലിയ ബഡ്ജറ്റിലാണ് ഒരുക്കുന്നത്. സാധാരണ മലയാള സിനിമകളേക്കാൾ ഉയർന്ന ബഡ്ജറ്റാണത്. നമ്മുടെ സിനിമയെ കൂടുതൽ പ്രേക്ഷകരിലേക്ക് എത്തിക്കണം. മലയാളസിനിമക്ക് ദേശീയതലത്തിൽ ശ്രദ്ധ നേടിക്കൊടുക്കുക എന്നതാണ് എന്റെ ഉത്തരവാദിത്തമെന്നും മോഹൻലാൽ പറഞ്ഞു.