bjp-

തിരുവനന്തപുരം : മഹാകള്ളൻമാരെല്ലാം മഹാഗഡ്ബന്ധൻ എന്ന പേരിൽ ഒരുമിച്ചതായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള. ശാരദ ചിട്ടി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് റെയഡിനെത്തിയ സി.ബി.ഐ ഉദ്യോഗസ്ഥരെ തടഞ്ഞ് കേന്ദ്രത്തിനെതിരെ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെ പിന്തുണയ്ക്കുന്ന പ്രതിപക്ഷ പാർട്ടികളുടെ നിലപാടിനെയാണ് ശ്രീധരൻപിള്ള തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വിമർശിച്ചത്.

പാവങ്ങളുടെ ചിട്ടിപ്പണം കട്ടെടുത്തിട്ട് അന്വേഷണം നടക്കുമ്പോൾ അതിനെ തടയാൻ പൊലീസിനെ ഇറക്കുക,​ പൊലീസ് ഓഫീസറോടൊപ്പം ധർണയിരിക്കുക . അതിനെ പിന്തുണച്ച്‌ പ്രമുഖ പാർട്ടികൾ നേതാക്കളെ അയയ്ക്കുക,​ പറഞ്ഞതെല്ലാം വിഴുങ്ങി കോൺഗ്രസ് അദ്ധ്യക്ഷൻ മമത ബാനർജിക്ക് സ്തുതിപാടുക .

ചേരേണ്ടതെല്ലാം കൃത്യമായി ചേർന്നിട്ടുണ്ട്. അഴിമതിക്കേസ് മറയ്ക്കാനും സ്വയം രക്ഷിക്കാനുമാണ് മഹാകള്ളന്മാരെല്ലാം മഹാഗഡ്ബന്ധൻ എന്ന പേരിൽ ഒരുമിച്ച്‌ കൂടിയിരിക്കുന്നത്. യഥാർത്ഥത്തിൽ ഈ മഹാ കള്ളന്മാരിൽ നിന്നാണ് ഭരണഘടനയേയും ജനങ്ങളേയും രാജ്യത്തേയും രക്ഷിക്കേണ്ടതെന്ന് അദ്ദേഹം പറയുന്നു.