തിരുവനന്തപുരം: തലസ്ഥാന നഗരത്തിന്റെ പ്രൗഢമായ പാരമ്പര്യം പേറുന്ന വിദ്യാലയമായ സെന്റ് ജോസഫ്സിന് 160 ആണ്ടിന്റെ അക്ഷരദീപ്തമായ തിളക്കം. നഗരത്തിൽ ഏറ്റവുമധികം ആൺകുട്ടികൾ പഠിക്കുന്ന വിദ്യാലയങ്ങളിലൊന്നായ സെന്റ് ജോസഫ്സ് പാഠ്യമികവിനൊപ്പം കലാ, കായിക രംഗത്തെ നേട്ടങ്ങൾ കൊണ്ടുകൂടിയാണ് ഇതര സ്കൂളുകൾക്കിടയിൽ ശ്രദ്ധേയ ഇടം നേടിയത്. പതിനാറ് പതിറ്റാണ്ട് പൂർത്തിയാക്കുന്ന വിദ്യാലയത്തിന്റെ ജൂബിലി ആഘോഷങ്ങളുടെ പരിസമാപ്തി ഇന്ന് സ്കൂളിൽ നടക്കും. സ്കൂൾ ഓപ്പൺ എയർ ആഡിറ്റോറിയത്തിൽ രാവിലെ 10ന് നടക്കുന്ന ആഘോഷ പരിപാടികൾ ഗവർണർ പി.സദാശിവം ഉദ്ഘാടനം ചെയ്യും.
ചരിത്രം
1857ൽ കാർമ്മലീത്താ മിഷനറിമാരാണ് സ്കൂളിന് ആരംഭം കുറിച്ചത്. സെക്രട്ടേറിയറ്റിനു സമീപം ഇന്ന് അക്കൗണ്ട് ജനറൽ ഒാഫീസ് സ്ഥിതിചെയ്യുന്ന സ്ഥലത്തായിരുന്നു സ്കൂൾ ആദ്യം പ്രവർത്തിച്ചിരുന്നത്. തുടർന്ന് 1905 ജനുവരി 18ന് ജനറൽ ആശുപത്രി ജംഗ്ഷൻ പരിസരത്തേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു. 1946 മുതൽ തിരുവനന്തപുരം രൂപതയുടെ സ്വന്തമായി. 1961ൽ ജസ്യൂട്ട് സഭ സ്കൂളിന്റെ പ്രവർത്തന ചുമതല ഏറ്റെടുക്കുന്നതിനു മുമ്പ് കുറച്ചുകാലം സെലേഷ്യൻ വൈദികരുടെ കീഴിലും സ്കൂൾ പ്രവർത്തിച്ചിരുന്നു. 1998 മുതൽ ഹൈസ്കൂളിനൊപ്പം ഹയർ സെക്കൻഡറി തലം കൂടി കൂട്ടിച്ചേർത്ത് തിരുവനന്തപുരം അതിരൂപതയുടെ കീഴിൽ രൂപതാ അദ്ധ്യക്ഷൻ സൂസപാക്യം തിരുമേനി വിദ്യാലയത്തിനു നേതൃത്വം നൽകിവരുന്നു.
പ്രഗല്ഭരുടെ ആദ്യ വിദ്യാലയം
മന്ത്രി കടകംപള്ളി സുരേന്ദ്രൻ, നടൻ മധു, എം.എൽ.എമാരായ ഡോ.എം.കെ. മുനീർ, കെ.മുരളീധരൻ, ഐ.എ.എസ് ഉദ്യോഗസ്ഥരായ കെ.ജയകുമാർ, വിജയാനന്ദ്, മുഹമ്മദ് ഹനീഫ്, ക്രിക്കറ്റ് താരം സഞ്ജു വി.സാംസൺ, സംവിധായകൻ റോജിൻ തോമസ് തുടങ്ങി വിവിധ മേഖലകളിലെ ഒട്ടേറെ പ്രതിഭകളുടെ ആദ്യ വിദ്യാലയം സെന്റ് ജോസഫ്സ് ആയിരുന്നു. സംസ്ഥാന, ദേശീയ തലങ്ങളിൽ കഴിവു തെളിയിച്ച ഒട്ടേറെ കായിക താരങ്ങളെയും സെന്റ് ജോസഫ്സ് സംഭാവന ചെയ്തിട്ടുണ്ട്.
പ്രതിഭകളുടെ കളിമുറ്റം
തന്റെ പതിനാറാം വയസിൽ അഞ്ച് ഇംഗ്ലീഷ് നോവലുകൾ പൂർത്തിയാക്കി പ്രസിദ്ധീകരിച്ച അശ്വിൻ അജിത്ത്കുമാർ, ലളിതഗാനം, കഥകളി, സംഗീതം എന്നിവയ്ക്ക് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടിയ സാരംഗ് സുനിൽ എന്നിവരടങ്ങുന്ന ആർട്സ് ക്ലബിന്റെ പ്രവർത്തനം സ്കൂളിന്റെ അഭിമാനമാണ്.
കായികരംഗത്ത് കഴിവും താത്പര്യവുമുള്ള പ്രതിഭകളെ കണ്ടെത്തി അവർക്ക് പ്രത്യേക പരിശീലനം നൽകുന്നതിനായി സ്കൂൾ ആരംഭിച്ച സംരംഭമാണ് സ്പോർട്സ് അക്കാഡമി. തീരദേശ വിദ്യാർത്ഥികൾക്ക് പ്രത്യേക പരിഗണന നൽകുന്ന സ്പോർട്സ് അക്കാഡമിയിൽ ഫുട്ബാൾ, ബാസ്കറ്റ് ബാൾ എന്നിവയ്ക്കായുള്ള പ്രത്യേക പരിശീലനവും ആരംഭിച്ചിട്ടുണ്ട്.
ഇൻഡോ-നേപ്പാൾ റെസലിംഗ് ചാമ്പ്യൻഷിപ്പ് വിജയിയായ അംജിത്ത്, സന്തോഷ് ട്രോഫി വിജയിച്ച കേരള ടീമിന്റെ വൈസ് ക്യാപ്റ്റനായ സീസൺ, സന്തോഷ് ട്രോഫി കളിക്കാരനായ രാജേഷ്, നാഷണൽ ഗെയിംസ് വുഷു വിജയി ജോബിൻ ജോണി, മോഹൻ ബഗാൻ, ഐ ലീഗ് കളിക്കാരനായ ജോബി ജസ്റ്റിൻ, ലോൺ ടെന്നീസ് കേരള സീഡ് വൺ ആയ ശബരീനാഥ്, കേരള സബ് ജൂനിയർ ബാസ്ക്കറ്റ് ബാൾ ടീം ക്യാപ്റ്റൻ പ്രണവ് പ്രിൻസ് തുടങ്ങി സെന്റ് ജോസഫ്സ് കായിക മേഖലയ്ക്ക് സംഭാവന ചെയ്തിട്ടുള്ള താരങ്ങൾ നിരവധിയാണ്.
ഭൗതിക വികസനം
ശതോത്തര വജ്ര ജൂബിലിയോടനുബന്ധിച്ച് സ്കൂളിന്റെ ഭൗതിക സൗകര്യങ്ങൾ ഉയർത്തുന്ന ഒട്ടേറെ പദ്ധതികളാണ് പ്രാബല്യത്തിൽ വരുന്നത്.
വിദ്യാലയ സ്ഥാപക ബിഷപ്പ് ബെൻസിഗറിന്റെ പേരിൽ മിനി ആഡിറ്റോറിയം
പ്ലസ്ടു വിഭാഗത്തിൽ കൂടുതൽ സ്മാർട്ട് ക്ലാസ് മുറികൾ
ആധുനിക കമ്പ്യൂട്ടർ ലാബുകൾ
4 ക്ലാസ് മുറികളും മിനി ഹാളും ഉൾപ്പെടെ തയ്യാറാക്കുന്ന ശതാബ്ദി മന്ദിരം
ഡിജിറ്റൽ ലൈബ്രറി