തിരുവനന്തപുരം: കണ്ണാശുപത്രിക്കായി കോടികൾ മുടക്കി നിർമ്മിച്ച പുതിയ ബഹുനില കെട്ടിടവുമായി ഇപ്പോഴത്തെ കണ്ണാശുപത്രിയെ ബന്ധിപ്പിക്കാൻ ആകാശ ഇടനാഴി സ്ഥാപിക്കാനുള്ള പദ്ധതി പൊതുമരാമത്ത് വകുപ്പിന്റെ പരിഗണനയിൽ. സർക്കാരിന് സാമ്പത്തിക ബാദ്ധ്യതയില്ലാത്തവിധം ഏതെങ്കിലും വൻകിട കമ്പനികളുടെയോ ഏജൻസികളുടെയോ സഹായത്തോടെ ഇടനാഴി നിർമ്മിക്കാനാണ് നീക്കം.
ഇരുപത് കോടി രൂപ മുതൽമുടക്കി നിർമ്മിച്ച പുതിയ കെട്ടിടത്തിലേക്ക് ഓപ്പറേഷൻ തിയേറ്ററും ഒ.പി യൂണിറ്റുകളും മാറ്റാനും ഐ.പി വാർഡുകൾ ഇപ്പോഴത്തെ കണ്ണാശുപത്രിയിൽ തുടരാനുമാണ് ആലോചന. രോഗികളെ പുതിയ കെട്ടിടത്തിലെ ഓപ്പറേഷൻ തിയേറ്ററിലേക്ക് കൊണ്ടുവരാനും ശസ്ത്രക്രിയയ്ക്ക് ശേഷം വാർഡുകളിലേക്ക് തിരികെകൊണ്ടുപോകാനും ആകാശ ഇടനാഴി സഹായകമാകും.
സംസ്ഥാനത്തെ ഏക നേത്രരോഗ റഫറൽ ആശുപത്രിയായ കണ്ണാശുപത്രിയിൽ സ്ഥലപരിമിതി മറികടക്കാനാണ് റോഡിന് എതിർവശത്ത് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഏഴുനിലകെട്ടിടത്തിന്റെ പണി തുടങ്ങിയത്. കെട്ടിടം ഉദ്ഘാടനം ചെയ്തെങ്കിലും അഗ്നിശമന പ്രതിരോധ സംവിധാനത്തിനുള്ള പൈപ്പ് ലൈനുകൾ, എ.സി എന്നിവ സ്ഥാപിക്കൽ, ഇലക്ട്രിക് ജോലികൾ, അവസാന റൗണ്ട് സിവിൽ ജോലികൾ എന്നിവയും ബാക്കിയുണ്ട്. അതേസമയം എയർപോർട്ടിലേക്ക് പോകുന്ന റോഡിന് കുറുകെയാണ് ആകാശ ഇടനാഴി സ്ഥാപിക്കേണ്ടതെന്നതും നേർക്കുനേരുള്ള കെട്ടിടങ്ങളല്ല ബന്ധിപ്പിക്കപ്പെടേണ്ടത് എന്നതും ഇവിടെ പ്രശ്നമാണ്. ബഹുനില കെട്ടിടത്തിന്റെ പണി പൂർത്തീകരിച്ചശേഷം ഇടനാഴിയുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും.
ഇടനാഴി സ്ഥാപിക്കുന്നതിനുള്ള ആലോചനകൾക്ക് അന്തിമ തീരുമാനമായിട്ടില്ല. ഇടനാഴി സ്ഥാപിക്കാനുള്ള ഏകദേശ ചെലവ് കണക്കാക്കാനും രൂപരേഖ തയ്യാറാക്കാനുമായി ചില ഏജൻസികളുടെ സഹായം തേടിയിട്ടുണ്ട്.
ഡോ. സഹസ്രനാമം
സൂപ്രണ്ട്, കണ്ണാശുപത്രി, തിരുവനന്തപുരം.