തിരുവനന്തപുരം : റോഡ് അപകടങ്ങൾ കുറയ്ക്കാൻ എന്തൊക്കെ ചെയ്യണം, വാഹനങ്ങൾ നേർക്കുനേർ കൂട്ടിയിടി ഒഴിവാക്കുന്നതിനും അപകട സാദ്ധ്യത കുറയ്ക്കാനുമുള്ള മാർഗം എന്തൊക്കെയാണ്, വാഹനങ്ങളുടെ പരിപാലനവും സുരക്ഷയും എങ്ങനെയാകണം.... ഇങ്ങനെയുള്ള സംശയങ്ങൾ തീർക്കാനും സുരക്ഷയെ സംബന്ധിച്ചറിയാനും ദേശീയ ഗതാഗത ആസൂത്രണ ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച പ്രദർശനം ഉപകാരപ്രദമായി.
ദേശീയ റോഡ് സുരക്ഷാ വാരാഘോഷത്തിന്റെ ഭാഗമായി കേരള റോഡ് സേഫ്റ്റി അതോറിട്ടിയുടെയും മോട്ടോർ വാഹന വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ ഭാഗ്യമാല ആഡിറ്റോറിയത്തിൽ ഇന്നലെ നടന്ന പരിപാടികളുടെ ഉദ്ഘാടന വേളയിലായിരുന്നു പ്രദർശനം. അത്യാധുനിക സംവിധാനങ്ങളുമായി പണിത റോഡുകളുടെ മാതൃക, സുരക്ഷാ സംവിധാനത്തിന്റെ ഭാഗമായി റോഡിൽ ഉപയോഗിക്കുന്ന വിവിധയിനം റിഫ്ളക്ടറുകൾ, ദേശീയപാത അടക്കമുള്ള റോഡുകളിൽ റോഡിന്റെ ഘർഷണം കുറവാണോ എന്നു പരിശോധിക്കാൻ ഉപയോഗിക്കുന്ന ഉപകരണം എന്നിവയടക്കം ഇവിടെ പ്രദർശിപ്പിച്ചിരുന്നു. നാറ്റ്പാക്കിന്റെ പരിശീലനം സിദ്ധിച്ച ഉദ്യോഗസ്ഥരാണ് ഓരോന്നും കാണികൾക്കായി വിശദീകരിച്ചു നൽകിയത്.
60 കിലോമീറ്ററിൽ കൂടുതൽ വേഗതയിൽ പോകുന്ന ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുന്നവർ നിർബന്ധമായും ധരിച്ചിരിക്കേണ്ട ആർമർ എന്നു പേരുള്ള കോട്ട്, കൈയുറ എന്നിവയും പ്രദർശനത്തിൽ ഉണ്ടായിരുന്നു. അപകടം പറ്റിയാലും നട്ടെല്ലിനും തോളെല്ലിനും പരിക്ക് പറ്റാത്തവിധം സുരക്ഷിതമാണ് ഈ കോട്ട്. പക്ഷേ കേരളീയർ പൊതുവേ ഇത്തരത്തിലുള്ള കോട്ടിനെക്കുറിച്ച് ബോധവാന്മാരല്ലെന്നും ഹെൽമറ്റിനെക്കുറിച്ചു മാത്രമേ അറിയുന്നുള്ളൂവെന്നും ഇവർ പറയുന്നു. ഇതോടൊപ്പം റോഡ് സുരക്ഷയെക്കുറിച്ചുള്ള കൈപ്പുസ്തകങ്ങളും സൗജന്യമായി വിതരണം ചെയ്തു.
പ്രദർശനം ഇന്ന് മുതൽ ഒരാഴ്ചക്കാലം തലസ്ഥാന നഗരിയിലെ മെയിൻ ജംഗ്ഷനുകളും നടപ്പാതകളും കേന്ദ്രീകരിച്ച് നടത്തും.