തിരുവനന്തപുരം: ആംബുലൻസുകളുടെ മറവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് വളപ്പിൽ നടക്കുന്ന ഗുരുതരമായ ക്രമസമാധാന ലംഘനങ്ങളും അനാശാസ്യ പ്രവർത്തനങ്ങളും തടയാനുള്ള സുരക്ഷാ സംവിധാനം ഒരുക്കാൻ വികസന സമിതി ചെയർമാൻ കൂടിയായ ജില്ലാകളക്ടർ നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു.
സാധാരണക്കാരെ ചൂഷണം ചെയ്യുന്ന ആട്ടോ, ടാക്സി, ആംബുലൻസ് ഡ്രൈവർമാരെ നിയന്ത്രിക്കാൻ പ്രീപെയ്ഡ് കൗണ്ടറുകൾ വേണം. ക്രിമിനൽ സ്വഭാവമുള്ളവരെ ആംബുലൻസ് ഡ്രൈവർമാരായി നിയോഗിച്ചിട്ടില്ലെന്ന് ഉറപ്പാക്കണം. ആംബുലൻസുകൾ സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കണം. മെഡിക്കൽകോളേജ് കാമ്പസിൽ ഉന്നത പൊലീസുദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ശക്തമായ പട്രോളിംഗ് ഏർപ്പെടുത്തണമെന്ന് സിറ്റി പൊലീസ് കമ്മിഷണർക്ക് ജസ്റ്റിസ് ആന്റണി ഡൊമിനിക് നിർദ്ദേശം നൽകി. നടപടി റിപ്പോർട്ട് രണ്ട് മാസത്തിനകം നൽകണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു. ഒരു ആംബുലൻസ് ഉടമ നൽകിയ പരാതിയിലാണ് നടപടി. 2018 ജനുവരി 7ന് രാത്രി മെഡിക്കൽകോളേജ് ആശുപത്രിയിൽ രോഗിയുമായി എത്തിയ തന്റെ ആംബുലൻസിന്റെ ഡ്രൈവറെ മെഡിക്കൽകോളേജിൽ സർവീസ് നടത്തുന്ന ആംബുലൻസ് ഡ്രൈവർമാർ മർദ്ദിച്ചെന്നാണ് പരാതി. പരാതി നൽകിയപ്പോൾ പൊലീസ് കള്ളക്കേസ് എടുത്തതായും പരാതിയിലുണ്ട്.
മെഡിക്കൽ കോളേജ് കാമ്പസിലെ രണ്ട് ആംബുലൻസ് ഡ്രൈവർമാരെ മർദ്ദിച്ച് ആശുപത്രിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിന് പരാതിക്കാരനെതിരെ കേസെടുത്തിട്ടുണ്ടെന്ന് കഴക്കൂട്ടം അസി. കമ്മിഷണർ കമ്മിഷന് റിപ്പോർട്ട് നൽകി. കമ്മിഷൻ അന്വേഷണ ഉദ്യോഗസ്ഥന്റെ അന്വേഷണത്തിൽ കാമ്പസിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നുണ്ടെന്നും അവിടം ക്രിമിനലുകളുടെ സ്ഥിരം താവളമാണെന്നും കണ്ടെത്തി. ചാരിറ്റി പ്രവർത്തനത്തിന്റെ മറവിൽ പരാതിക്കാരൻ നടത്തുന്ന ആംബുലൻസ് സർവീസിന്റെ ലക്ഷ്യം കച്ചവടമാണെന്നും ഇതിന്റെ മറവിൽ ഗുരുതര കുറ്റകൃത്യങ്ങളാണ് നടക്കുന്നതെന്നും അന്വേഷണ റിപ്പോർട്ടിലുണ്ട്. ബിസിനസിന് തടസം നിൽക്കുന്നവരെ ശാരീരികമായി ഉപദ്റവിക്കും. മെഡിക്കൽകോളേജ് കാമ്പസ് ലഹരിമരുന്ന് കച്ചവടക്കാരും മദ്യപാനികളും ക്രിമിനലുകളും താവളമാക്കുന്നത് അനുവദിക്കരുതെന്ന് കമ്മിഷൻ ഉത്തരവിൽ പറഞ്ഞു. രോഗികളെയും കൂട്ടിരിപ്പുകാരെയും ചൂഷണങ്ങൾക്ക് ഇരയാക്കുന്ന മാഫിയ സംഘങ്ങൾ ഇവിടെ സജീവമാണ്. പാർക്കിംഗ് ഏരിയയിൽ മദ്യപാനവും അനാശാസ്യ പ്രവർത്തനങ്ങളും നടക്കുന്നുണ്ട്. ഒന്നോ രണ്ടോ പൊലീസുകാരാണ് എയ്ഡ്പോസ്റ്റിലുള്ളതെന്നും കമ്മിഷന്റെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.