തിരുവനന്തപുരം: ഉത്സവമെന്ന് പറയുംമുമ്പേ നാട്ടുകാരുടെ ചെവി പൊട്ടിക്കുംവിധം ലൗഡ് സ്പീക്കറിലൂടെ ഉച്ചത്തിൽ പാട്ട് വയ്ക്കുന്ന ഏർപ്പാട് ഇപ്രാവശ്യം ആറ്റുകാലിൽ നടക്കില്ലെന്ന് അധികൃതർ. ജനജീവിതം ദുസഹമാക്കും വിധം ഉച്ചത്തിൽ പാട്ട് വയ്ക്കുന്നവരെ പിടിക്കാൻ ചരിത്രത്തിലാദ്യമായി സ്പെഷ്യൽ സ്ക്വാഡിനെ രംഗത്തിറക്കാൻ ഒരുങ്ങുകയാണ് മലിനീകരണ നിയന്ത്രണ ബോർഡും ജില്ലാ ഭരണകൂടവും പൊലീസും. ക്ഷേത്ര വാർഡ് ഉൾപ്പെടെ പൊങ്കാല മേഖലയായ 21 വാർഡുകളിലാണ് 11ന് ആരംഭിച്ച് 10 ദിവസം നീണ്ടുനിൽക്കുന്ന പൊങ്കാല ആഘോഷങ്ങൾക്ക് കർശന ശബ്ദ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. 20നാണ് ആറ്റുകാൽ പൊങ്കാല. രാത്രി 10 മണിമുതൽ രാവിലെ 6 മണിവരെ ലൗഡ് സ്പീക്കറിന്റെ ഉപയോഗം പൂർണമായും നിരോധിച്ചിട്ടുണ്ട്. പകൽ 75 ഡെസിബലിന് മുകളിലുള്ള ശബ്ദത്തിൽ ലൗഡ് സ്പീക്കർ പ്രവർത്തിപ്പിക്കാൻ പാടില്ല.
പാട്ടുപെട്ടി പൊലീസ് കൊണ്ടുപോകും
പൊങ്കാല ദിവസങ്ങളിൽ പ്രത്യേക പൊലീസ് നിർദ്ദിഷ്ട വാർഡുകൾ സന്ദർശിക്കും. പോരാത്തതിന് ശബ്ദമലിനീകരണവുമായി ബന്ധപ്പെട്ട പരാതികൾ ജനങ്ങൾക്ക് നേരിട്ട് അറിയിക്കാം. ഇതിനായി പൊലീസ് കൺട്രോൾ റൂമുമായോ കളക്ടറേറ്റുമായോ ബന്ധപ്പെടണം. പരാതിയിൽ കഴമ്പുണ്ടെങ്കിൽ പാട്ട് പെട്ടിയടക്കം എല്ലാ പൊലീസ് കസ്റ്റഡിയിലെടുക്കും. നിയമലംഘനം നടത്തുന്നവരുടെ ലൈസൻസ് റദ്ദാക്കും.
ഭക്ഷ്യ സുരക്ഷയൊരുക്കാൻ സ്പെഷ്യൽ സ്ക്വാഡ്
ക്ഷേത്ര പരിസരത്തും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുമുള്ള ഹോട്ടലുകളിൽ വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പിനെയും ആരോഗ്യ വകുപ്പിനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. മെഡിക്കൽ സംഘത്തെയും ക്ഷേത്ര പരിസരത്ത് വിന്യസിക്കും. ആംബുലൻസ്, മരുന്ന് എന്നീ അടിയന്തര സഹായങ്ങൾ ലഭ്യമാക്കും. അന്നദാനത്തിന് പ്ലാസ്റ്റിക് പാത്രങ്ങളോ കപ്പുകളോ അനുവദിക്കില്ല. പകരം ആവശ്യമുള്ള സ്റ്റീൽ പാത്രങ്ങളും ഗ്ലാസുകളും നഗരസഭയിൽ നിന്ന് ലഭ്യമാക്കും. കുടിവെള്ള വിതരണത്തിനായി ബബിൾ ടോപ്പ്, ആർ.ഒ സംവിധാനങ്ങൾ ഉപയോഗിക്കണം. ചൂടുവെള്ളവും നൽകാവുന്നതാണ്. ഉത്സവത്തിനായി ലൈസൻസ് നൽകുന്ന താത്കാലിക വ്യാപാര സ്ഥാപനങ്ങളിൽ പ്ലാസ്റ്റിക് കുപ്പികളിൽ വെള്ളം വിതരണം ചെയ്യാൻ വിലക്കുണ്ട്. പ്ലാസ്റ്റിക് പായ്ക്കറ്റുകളിൽ ഭക്ഷണസാധനങ്ങൾ വിൽക്കാൻ പാടില്ല. പകരം ബ്രൗൺ കവറുകളിൽ ഭക്ഷ്യ സാധനങ്ങൾ വിൽക്കാം. പൊങ്കാലയ്ക്ക് വരുന്ന ആളുകൾ പ്ലാസ്റ്റിക് കവറുകൾ, കുപ്പികൾ എന്നിവ കൊണ്ട് വരുന്നത് ഒഴിവാക്കണം. പകരം മൺകപ്പ്, സ്റ്റീൽ പാത്രങ്ങൾ, പാം പ്ലേറ്റ്സ് എന്നിവ ഉപയോഗിക്കണം. നിയമ ലംഘനം നടത്തുന്നവർക്കെതിരെ ലൈസൻസ് റദ്ദാക്കൽ അടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
അന്നദാനത്തിന് രജിസ്ട്രേഷൻ
പ്രസാദ ഊട്ടിന് ഭക്ഷ്യസുരക്ഷാ വകുപ്പിൽ പണം അടച്ച് ലൈസൻസ് കൈപ്പറ്റണം. ഇതിനായി ഭക്ഷ്യസുരക്ഷാ ഓഫീസിലോ ക്ഷേത്രത്തിന് സമീപം സജ്ജമാക്കിയ ഭക്ഷ്യസുരക്ഷ ഓഫീസുമായി ബന്ധപ്പെടണം. അന്നദാനം, പ്രസാദ വിതരണം തുടങ്ങി ഭക്ഷ്യ ഇനങ്ങൾ വിതരണം ചെയ്യുന്ന എല്ലാ സ്ഥാപനങ്ങൾക്കും ഭക്ഷ്യസുരക്ഷാ ലൈസൻസ് നിർബന്ധമാക്കിയ സാഹചര്യത്തിലാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നടപടി.
2006 ലെ ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമം അനുസരിച്ചും 2011 ലെ ഭക്ഷ്യസുരക്ഷാ (ലൈസൻസിംഗ് ആൻഡ് രജിസ്ട്രേഷൻ) റെഗുലേഷൻ അനുസരിച്ചുമുള്ള ലൈസൻസോ രജിസ്ട്രേഷനോ ആണ് നിർബന്ധമാക്കിയത്. നേരത്തേ കർണാടകയിലെ സുൽവാഡി കിച്ചുഗുട്ടി മാരമ്മ ക്ഷേത്രത്തിൽ വിഷാംശം കലർന്ന പ്രസാദം കഴിച്ച് 15 ഭക്തർ മരിച്ച സാഹചര്യത്തിലാണ് ഇൗ നടപടി. ലൈസൻസോ രജിസ്ട്രേഷനോ എടുക്കാതെ ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്ന ആരാധനാലയങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് അധികൃതരുടെ തീരുമാനം. ആറ് മാസം വരെ തടവും അഞ്ച് ലക്ഷം രൂപ പിഴയും ചുമത്താവുന്ന കുറ്റമാണിതെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് മുന്നറിയിപ്പ് നൽകി.
പ്രതിവർഷ ലൈസൻസിന് 2000 രൂപയും ഒറ്റ ദിവസത്തെ പ്രസാദ ഊട്ട് പോലുള്ളവയ്ക്ക് 200 രൂപയുടെ രജിസ്ട്രേഷൻ ഫീസുമാണ് വകുപ്പ് ഇതിനായി ഈടാക്കുക. ഇതോടൊപ്പം പ്രസാദമുൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾ ഭക്ഷ്യസുരക്ഷാ ഗുണനിലവാരം സൂക്ഷിക്കണമെന്നും പ്രസാദ നിർമ്മാണത്തിനായി വാങ്ങുന്ന അസംസ്കൃത ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പുവരുത്തിയ ശേഷമേ വാങ്ങാവൂവെന്നും അവയുടെ ബില്ലുകളും വൗച്ചറുകളും കൃത്യമായി സൂക്ഷിക്കേണ്ടതാണെന്നും നിർദേശമുണ്ട്. ആരാധനാലയങ്ങളിൽ ഭക്ഷണം തയ്യാറാക്കുന്ന ഇടങ്ങളിലും സ്റ്റോർ റൂമുകളിലും നിയമാനുസൃതമായുള്ള സുരക്ഷകൾ പാലിക്കേണ്ടതും വൃത്തിയും ശുചിത്വവും പാലിക്കപ്പെടുന്നുണ്ടെന്ന് ആരാധനാലയങ്ങളുടെ അധികൃതർ ഉറപ്പുവരുത്തുകയും വേണം.
ഭക്ഷ്യവസ്തുക്കൾ പാചകം ചെയ്യുന്നതിനും ഭക്തർക്ക് കുടിക്കുന്നതിനുമുള്ള വെള്ളം ഉപയോഗ്യയോഗ്യമായിരിക്കണം. നിശ്ചിത ഇടവേളകളിൽ ജലത്തിന്റെ പരിശോധന നടത്തി യോഗ്യമാണെന്ന സർട്ടിഫിക്കറ്റ് സൂക്ഷിക്കണം. ആരാധനാലയങ്ങളിൽ പൊതുജനങ്ങൾക്കായി നടത്തുന്ന അന്നദാനം, ലഘുഭക്ഷണ വിതരണം, കുടിവെള്ള വിതരണം എന്നിവയിലും നിബന്ധനകൾ കർശനമായി പാലിക്കപ്പെടുന്നുണ്ടെന്ന് ആരാധനാലയ അധികൃതർ ഉറപ്പുവരുത്തേണ്ടതാണ്. ഭക്ഷ്യവിഷബാധ ഉണ്ടാകാതെ സൂക്ഷിക്കുകയും വേണം.
' പൊങ്കാലയുടെ നടത്തിപ്പിനായി എല്ലാവരും സഹകരിക്കണം.'
കെ.വാസുകി
ജില്ലാ കളക്ടർ