തിരുവനന്തപുരം: ഫുട്പാത്തിൽ പാർക്കിംഗ് പാടില്ലെന്ന് അറിയാത്തവരായി ആരുമുണ്ടാകില്ല. ഇനി ഇക്കഥയറിയാതെ പാർക്ക് ചെയ്താൽ ഫൈൻ അടച്ച് പാഠം പഠിക്കേണ്ടി വരും. ഇത് പാവം പൊതുജനങ്ങളുടെ കാര്യം !എന്നാൽ കോട്ടയ്ക്കകത്തെ ട്രാൻസ്പോർട്ട് ഭവന് മുന്നിലെത്തിയാൽ കെ.എസ്.ആർ.ടി.സിക്ക് ഇതൊന്നും ബാധകമല്ലേ എന്ന് തോന്നിപ്പോകും. കണ്ടം ചെയ്യാറായ കാലപ്പഴക്കം ചെന്ന രണ്ട് കെ.എസ്.ആർ.ടി.സി. ബസുകൾ പാർക്ക് ചെയ്തിരിക്കുന്നത് നെടുനീളനെ ഫുട്പാത്തിലായാണ്. ബസിന്റെ പകുതിയും റോഡിലാണെന്നതാണ് വസ്തുത. തിരക്കേറിയ റോഡിൽ ഫുട്പാത്തിൽ ബസ് പാർക്ക് ചെയ്തിരിക്കുന്നതിനാൽ തന്നെ റോഡിലിറങ്ങി നടക്കേണ്ട ഗതികേടാണ്. ഇതാകട്ടെ അപകടങ്ങൾ വിളിച്ചുവരുത്തുകയും ചെയ്യും. കഴിഞ്ഞ ദിവസവും ഇത്തരത്തിലൊരു അപകടമുണ്ടായി. നാട്ടുകാരുടെയും പദ്മനാഭസ്വാമി ക്ഷേത്രത്തിലെത്തുന്ന വിദേശികളുടേയുമടക്കം വാഹനപെരുപ്പം കൊണ്ട് ഭഗീരതപ്രയത്നം നടത്തിയാൽ മാത്രം വാഹനയാത്ര സാദ്ധ്യമാകുന്ന ഇവിടെ ഇതൊന്നും പോരാഞ്ഞിട്ടാണ് കെ.എസ്.ആർ.ടി.സി. അധികൃതരുടെ അനധികൃത പാർക്കിംഗും.
ഒരു രാത്രിയുണ്ടായ പരിഷ്കാരം
കഴിഞ്ഞ 15നാണ് നഗരസഭയുടെ ലൈസൻസുള്ള വഴിയോരക്കച്ചവടക്കാരുടെ കട സ്ഥിതിചെയ്യുന്ന ഫുട്പാത്തിൽ കണ്ടം ചെയ്യാനുള്ള കെ.എസ്.ആർ.ടി.സി ബസ് പാർക്ക് അധികൃതർ പാർക്ക് ചെയ്തത്. അഷ്ടിക്ക് വകകണ്ടെത്താൻ കുറച്ച് പാവങ്ങൾ നടത്തുന്ന കച്ചവടം പൂട്ടിക്കണമെന്നുള്ള ഗൂഢലക്ഷ്യം മാത്രമേ ഇതിന് പിന്നിലുള്ളൂവെന്നാണ് നഗരസഭ അധികൃതർ തന്നെ പറയുന്നത്. പദ്മനാഭസ്വാമി ക്ഷേത്രത്തിലെ സുരക്ഷയുമായി ബന്ധപ്പെട്ട് പലതവണ കുടിയിറക്കപ്പെട്ട പാവങ്ങളെയാണ് ലൈസൻസും ക്ഷേമനിധിയുമടക്കമുള്ള ആനുകൂല്യങ്ങൾ നൽകി നഗരസഭ അധികൃതർ തന്നെ ഇവിടെ കടവയ്ക്കാൻ അനുവദിച്ചത്.
15ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പദ്മനാഭസ്വാമി ക്ഷേത്ര ദർശത്തിനായി സുരക്ഷയൊരുക്കുന്നതുമായി ബന്ധപ്പെട്ട് കോട്ടയ്ക്കത്തുള്ള വഴിയോരക്കച്ചവടക്കാരോട് തത്കാലത്തേക്ക് കടകൾ ഒഴിയണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്ന് 14ന് ഉച്ചയോടെ കച്ചവടക്കാർ കടകളൊഴിഞ്ഞു. പ്രധാനമന്ത്രിയുടെ സന്ദർശനത്തിനുശേഷം രാത്രിയോടെ കടകൾ തിരികെ സ്ഥാപിക്കാനെത്തിയപ്പോഴാണ് കെ.എസ്.ആർ.ടി.സി ജീവനക്കാർ ഫുട്പാത്തിൽ ബസുകൾ പാർക്ക് ചെയ്തിരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടത്. ബസുകൾ മാറ്റാൻ ആവശ്യപ്പെട്ടെങ്കിലും ഉന്നതാധികാരികൾ ആവശ്യപ്പെട്ടതിനാലാണ് ഇത് ചെയ്തതെന്ന് പറഞ്ഞ ജീവനക്കാർ ബസുകൾ മാറ്റി സ്ഥാപിക്കാൻ തയ്യാറായില്ല. ഇതിനെതിരെ അന്നത്തെ കെ.എസ്.ആർ.ടി.സി എം.ഡി ടോമിൻ തച്ചങ്കരിക്ക് പരാതി നൽകിയെങ്കിലും അദ്ദേഹം അനുകൂലമായി പ്രതികരിച്ചില്ലെന്നും കച്ചടക്കാർ പറയുന്നു. മതിലിന് പുറത്തെ റോഡിലും തങ്ങൾക്ക് അവകാശപ്പെട്ടതാണെന്നാണ് കെ.എസ്.ആർ.ടി.സിക്കാരുടെ വാദം. ഇതോടെ കച്ചടക്കാർ കച്ചവടം റോഡിലേക്ക് മാറ്റി.കെ.എസ്.ആർ.ടി.സി കച്ചവടക്കാരുടെ കച്ചവടം പൂട്ടിക്കാൻ കൊണ്ടുവന്നിട്ടതാണെങ്കിലും കഷ്ടത്തിലായത് പാവം ജനങ്ങളാണ്. നഗരത്തിൽ കിഴക്കേകോട്ടയിലും തമ്പാനൂരിലും ആനയറയിലുമടക്കം ആവശ്യത്തിന് സ്ഥലമുള്ള ഡിപ്പോകളുള്ളപ്പോൾ ഈ നടുറോഡിൽ തന്നെ ബസ് പാർക്ക് ചെയ്ത് ജനങ്ങളെ ബുദ്ധിമുട്ടിക്കണോ എന്നാണ് നാട്ടുകാർ ചോദിക്കുന്നത്.